ചാഞ്ചാട്ടം മാനുട്ടി

മാനുട്ടിയെ പറ്റി പറയും മുമ്പ് അവന്റെ വാപ്പ ഉമ്മറിക്കയെ പറ്റി പറയണം.
മണ്ണെണ്ണ ഒഴിച്ച ഡീസൽ എഞ്ചിൻ പോലെ വികസനത്തിലേക്ക് കുതിക്കുന്ന ഞങ്ങളുടെ ടൗണിൽ ഒരു റെസ്റ്റോറന്റ് ഭംഗിയായും ബ്യൂട്ടിഫുളായും നടത്തുകയാണ് മാനുട്ടിയുടെ വാപ്പ ഉമ്മറിക്ക.
പക്ഷെ ചെറിയൊരു എലമെന്റ് പ്രശ്നമുണ്ട്,
പരിചയമില്ലാത്ത ഏതെങ്കിലും ചെറുപ്പക്കാരൻ ദൂരെ യാത്രയ്ക്കിടെ ആ ഹോട്ടലിൽ കയറിയാൽ, കൂടെ ഉള്ളത് അയാളുടെ ഫാമിലി ആണെങ്കിൽ ഉമ്മറിക്ക ചോദിക്കും,
“മോനെ നീയല്ലേ കഴിഞ്ഞ ആഴ്ച ഇവിടെ ഒരു കുപ്പിയുമായി വന്നിട്ട് അകത്തിരുന്നു അടിക്കാൻ പറ്റ്വോ ന്ന് ചോദിച്ചത്?”
ഇടിയും മിന്നലും!
ഇനി വന്നത് അയാളുടെ ഭാര്യയുടെ കൂടെ ആണെങ്കിൽ, “മോനല്ലേ കുറച്ചൂസം മുന്നേ വേറൊരു പെൺകുട്ടിയെയും കൊണ്ടു ഇവിടെ വന്നിരുന്നത്, അന്ന് കഴിച്ച ഫലൂദ തന്നെ എടുക്കട്ടെ?”
ചുഴലിക്കാറ്റ്!!
ഇമ്മാതിരി സാഡിസ്റ്റ് അപരാധങ്ങൾക്ക് ശേഷം അവർക്കിടയിൽ ഉണ്ടാവുന്ന സംശയങ്ങളും ചോദ്യങ്ങളും പൊട്ടിത്തെറികളും കണ്ട് നിർവൃതി അടയുക ആയിരുന്നു മൂപ്പർക്ക് പെട്ടിയിൽ കാശ് വീഴുന്നതിലും ഹരം. ആ ഒരു എന്തൂസിയാസത്തിന് കൊടുക്കണം നാല് പെട… പക്ഷേ അത് കിട്ടിയത് മോൻ മാനുട്ടി വഴിയായിരുന്നു.

കൊറോണക്കാലത്ത് മുട്ടിയും തട്ടിയും ഡിഗ്രി കഴിഞ്ഞതോടെ മാനുട്ടി കടൽ കടന്നു…. വയനാട്ടിലെത്തി. ‘ഐ, സാധാരണ കടൽ കടന്നാൽ ഗൾഫിലല്ലേ എത്തുക’ എന്ന് ചോദിക്കരുത്, മാനുട്ടിയുടെ ഗെത്ത് ഇത്തിരി ഡിഫറന്റ് ആണ്. കായലിൽ കക്ക വാരാൻ മുങ്ങിയിട്ട് കറുത്തഹലുവയുമായി പൊങ്ങുന്ന ഒരു ഐറ്റമാണ് മാനുട്ടി. വയനാട്ടിൽ ഏതോ റിസോർട്ടിൽ ഒന്നരകൊല്ലം പണിയെടുത്ത ശേഷം മുംബൈയിലേക്ക് പോയപ്പോഴാണ് മാനുട്ടിയുടെ രാശി തെളിയുന്നത്, ചില്ലറ ബിസിനസുകൾ ഒക്കെ ചെയ്ത് പച്ചപിടിച്ചു. പക്ഷേ നാട്ടിൽ അതല്ല കഥ, മാനുട്ടിക്ക് വയനാട്ടിൽ നിന്നൊരു നിധികിട്ടി അതുമായി മുംബൈയിൽ പോയതാണ് എന്നും, അതല്ല മുംബൈയിൽ നിന്നും നിധി കണ്ടുപിടിക്കുന്ന മെഷീനുമായി വയനാട്ടിൽ വന്നിട്ട് നിധി കണ്ടുപിടിച്ചതാണെന്നും എന്നുള്ള രണ്ടു വാദങ്ങളാണ് ഉള്ളത്. എന്തായാലും അധ്വാനിച്ച് കാശുണ്ടാക്കിയതാണെന്ന് സമ്മതിക്കാൻ ഞങ്ങളുടെ നാട്ടുകാർക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട്.

ബോംബെയിൽ മാനുട്ടിയുടെ കൂടെയുണ്ടായിരുന്ന തമിഴ്നാട്ടുകാരൻ സെൽവരാജ് ഒരിക്കൽ സെറോദ ആപ്പിലെ റെഫറൽ കാശ് കിട്ടാനായി മാനുട്ടിയെ കൊണ്ട് ഒരു അക്കൗണ്ട് തുടങ്ങിപ്പിച്ച് ടാറ്റ യുടെ കുറച്ചധികം ഷെയറുകൾ വാങ്ങിപ്പിച്ചു. ടാറ്റ മോട്ടോഴ്സ്, സ്റ്റീൽസ്, കമ്മ്യൂണിക്കേഷൻസ്, ടിസിഎസ്…. ഒട്ടും കുറച്ചില്ല. പക്ഷേ, സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചോ ഷെയർ ട്രേഡിങ്ങിനെ കുറിച്ചോ യാതൊരു അറിവും ഇല്ലാതിരുന്ന പാവം മാനുട്ടി കരുതിയത് ടാറ്റ കമ്പനിയില് തനിക്കും ചെറിയൊരു ഓണർഷിപ്പ് വന്നു എന്നാണ്. സെൽവരാജ് റെഫറൽ കാശ് കിട്ടാനായി അങ്ങനെ പറഞ്ഞു പറ്റിച്ചതാവാനും മതി. എന്തായാലും മാനുട്ടി ചാഞ്ചാട്ടങ്ങളുടെ ലോകത്തേക്ക് കാലെടുത്ത് വെച്ചു.

ടാറ്റെന്റെ ഒരംശം സ്വന്തമായെന്ന് വിശ്വസിച്ചിരുന്ന മാനുട്ടി പിന്നീട് ടാറ്റയുടെ സ്ഥാപനങ്ങളിൽ പോവുമ്പോൾ ആ ഒരു അധികാരവും അരുമത്വവും ഒക്കെ കാണിക്കാൻ തുടങ്ങിയിരുന്നു. ഇടയ്ക്ക് കാപ്പിയുണ്ടാക്കാൻ വാങ്ങിച്ച ടാറ്റ കോഫീക്ക് വിചാരിച്ച സ്വാദില്ലെന്ന് കണ്ട് സെറോദയുടെ പ്ലേ സ്‌റ്റോർ റിവ്യൂവിൽ കയറി കോഫി ഫാക്ടറി ജീവനക്കാരോട് ഇതൊക്കെ ശ്രദ്ധിക്കണം എന്നൊരു താക്കീത് കൂടി മാനുട്ടി കൊടുത്തു.

കഴിഞ്ഞ കൊല്ലത്തെ ചെറിയ പെരുന്നാളിന് ലീവിന് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം… കൂട്ടുകാരൻ സന്ദീപിൻന്റെ ടാറ്റ അൾട്രോസ് സർവീസ് ചെയ്യാൻ വേണ്ടി മാനുട്ടിയും സന്ദീപും ബിബിനും കൂടി സർവീസ് സെന്ററിൽ പോയി. അവിടെ വണ്ടിയുടെ ഒരു കംപ്ലൈന്റ് പറഞ്ഞ് സർവീസ് അഡ്വൈസറുമായി സന്ദീപ് ഒന്നുരസി. കച്ചറയാക്കിയ അവനോട് സന്ദീപും ബിബിനും ഒച്ചപ്പാടുണ്ടാക്കാൻ തുടങ്ങിയപ്പോൾ മാനുട്ടി ഡീൽ ചെയ്തത് കുറച്ച് ഡിഫറൻറ് ആയിട്ടായിരുന്നു…. ഒരു ഭീഷണി,
“ടാറ്റയില് ഷെയർ ഉള്ള ഒരാളുടെ ഫ്രണ്ടിനോട്, ടാറ്റയുടെ ഷോറൂമിലെ ഒരു ജീവനക്കാരൻ പെരുമാറുന്നത് ഇങ്ങനെയാണോ? ഞാൻ മുംബൈയിലേക്ക് വിളിക്കട്ടെ, നീയിനി ടാറ്റ യില് വേണ്ട!”
മാനുട്ടിയുടെ അത്ര പോലും മൂളക്കമില്ലാതിരുന്ന ആ സർവീസ് അഡ്വൈസർ പയ്യൻ, വിളിക്കാനായി തന്റെ ഫോണെടുത്ത മാനുട്ടിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഒറ്റ കരച്ചിൽ! പിന്നെ മാപ്പൊക്കെ പറഞ്ഞ് എല്ലാം സന്ദീപ് പറഞ്ഞപോലെ ചെയ്തുകൊടുത്തു.
മാനുട്ടിയുടെ ട്രാൻസ്ഫോർമർ കണ്ട ഛെ, ട്രാൻസ്ഫോർമേഷൻ കണ്ട സന്ദീപ്, വണ്ടർലാ കണ്ട വരിവണ്ടിനെ പോലെ വണ്ടറടിച്ച് നിന്നപ്പോൾ അത്യാവശ്യം വിവരമുള്ള ബിബിൻ മാനുട്ടി മാറ്റി വിളിച്ചു നിർത്തി,
“മാനുട്ടിയെ… ആ ഷെയർ അല്ലട്ടാ ഈ ഷെയർ” എന്ന ഡയലോഗിൽ തുടങ്ങി ഒരു ചെറിയ ക്രാഷ് കോഴ്‌സ് എടുത്തു. “എന്തായാലും പറഞ്ഞത് പറഞ്ഞു, ഇനി ആവർത്തിക്കണ്ട” എന്ന് ബിബിൻ പറഞ്ഞ് നിർത്തിയപ്പോഴാണ് ‘ടാറ്റക്ക് എന്ത് മാനുട്ടി’ എന്ന് മാനുട്ടിക്ക് തിരിഞ്ഞത്.

പക്ഷെ സന്ദീപിന് തിരിഞ്ഞിട്ടില്ലായിരുന്നു. അഭിമാനകരമായ നേട്ടമല്ലേ… സന്ദീപ് ഇതിന് നാട്ടിൽ പരമാവധി പബ്ലിസിറ്റി കൊടുത്തു. പറഞ്ഞ് പറഞ്ഞ്
ടാറ്റയുടെ ഒരു ഭാഗം മാനുട്ടിയുടെ കയ്യിലാണെന്ന് വരെ ആയി.
‘എന്റെ ടൈറ്റാന്റെ വാച്ച് ഓടുന്നില്ല മാനുട്ടിയെ’,’നീ വിളിച്ച് പറഞ്ഞാൽ താജില് ഡിസ്‌കൗണ്ടില് റൂം കിട്ടോ?’, ‘വോൾട്ടാസിനോട് ഒരു ഇന്റക്ഷൻ കുക്കർ ഇറക്കാൻ പറയ്’ എന്നൊക്കെ പരിചയക്കാര് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മാനുട്ടിക്ക് അപകടം മണത്തത്.
കുടുംബക്കാരും നാട്ടുകാരും മക്കൾക്ക് ടാറ്റയിൽ ജോലി വാങ്ങിച്ച് കൊടുക്കണം എന്ന് പറഞ്ഞ് വരുന്നതിന് മുമ്പ് മാനുട്ടി ലീവ് മതിയാക്കി മുംബൈയിലെത്തി!

കഴിഞ്ഞ കർക്കിടകം, മാനുട്ടി വീണ്ടും ലീവിന് വന്ന സമയം… സന്ദീപ് പഠിച്ച സ്കൂളിലെ റീ യൂണിയൻ
ട്രിപ്പ്‌ പ്ലാനിങ്ങ് വാട്സാപ്പ് ഗ്രൂപ്പ്. അഞ്ച് പേരടങ്ങുന്ന ആ ഗ്രൂപ്പിൽ പൊരിഞ്ഞ ചർച്ച നടക്കുകയാണ്, അടുത്ത യാത്രയെ പറ്റി. ആരും ഇതുവരെ റീൽ എടുക്കാത്ത, വ്ലോഗ് ചെയ്യാത്ത ഒരു സ്ഥലം വേണം എന്നായിരുന്നു ആദ്യത്തെ കണ്ടീഷൻ. അതിനിടയിലാണ് ഒരാൾ മൂന്നാർ ദേവികുളത്തുള്ള ഒരു തടാകത്തെ പറ്റി പറയുന്നത്, ഒരു അൺ ടച്ഡ് ലേയ്ക്ക്. ഫോട്ടോസോ വീഡിയോസോ ഒന്നുമിതുവരെ അങ്ങനെ പുറത്ത് വന്നിട്ടില്ല. സന്ദീപിൻന്റെ കൂട്ടുകാരായ വ്ലോഗർമാർക്ക് ഹരം കയറി. പക്ഷേ ഒരു പ്രശ്നം, സംഭവം ടാറ്റയുടെ പ്രൈവറ്റ് പ്രോപർട്ടി ആണ്. അവരുടെ പെർമിഷൻ ഇല്ലാതെ അകത്ത് കയറാൻ പറ്റില്ല.
സന്ദീപ് കളത്തിൽ ഇറങ്ങി…
“ആഹാ… ടാറ്റയുടെ ആണോ, ന്റെ ഫ്രണ്ട് മാനുട്ടി ടാറ്റയുടെ ചെറിയൊരു ഓണറാണ്?”
“എന്നാ നീ സംസാരിക്ക്”
“പക്ഷെ അവൻ ഒരു പ്രത്യേക ടൈപ്പാ… കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോ ഈ ന്യൂസ് സ്‌പ്രെഡ്‌ ആയതോടെ തിരിച്ചു പോയതാ… ബിസിനസ്സും ഫ്രണ്ട്ഷിപ്പും അവൻ കൂട്ടിക്കുഴക്കില്ല”
“എന്നാ അവനെ കൂടെ നമുക്ക് ട്രിപ്പ് കൊണ്ട് പോവാ…. എന്നിട്ട് അവിടെ എത്തിയിട്ട് നൈസായിട്ട് നിർബന്ധിച്ച് സമ്മതിപ്പിക്കാം”

സന്ദീപ് അങ്ങനെ മാനുട്ടിയെ അവരുടെ ഗ്രൂപ്പിന്റെ മൂന്നാർ ട്രിപ്പിലേക്ക് പ്രത്യേക ക്ഷണിതാവായി സ്വാഗതം ചെയ്തു. അവന്റെ സർവ്വ ചിലവുകളും എടുത്തോളാം എന്ന് കൂടി പറഞ്ഞപ്പോൾ മാനുട്ടിക്ക് മൂന്നാറിലെ കുളിര് മലപ്പുറത്ത് തന്നെ കിട്ടി. സെറ്റ്!
ആറു പേരടങ്ങുന്ന സംഘം പുലർച്ചെ ഒരു ഇന്നോവയിൽ പുറപ്പെട്ട് വട്ടവട ഒക്കെ ഒന്ന് കറങ്ങി രാത്രിയായപ്പോൾ കാടിനടുത്തുള്ള ഒരു റിസോർട്ടിൽ ചെന്ന് മുളഞ്ഞു. രാത്രി മദ്യപിച്ച് കഴിഞ്ഞ് സ്കൂൾ ഫ്രണ്ട്സ് എല്ലാം റൂമിലേക്ക് പോയപ്പോൾ മദ്യപിക്കാത്ത മാനുട്ടിയും മൂക്കറ്റം ഫിറ്റായ സന്ദീപും മാത്രമായി ബാക്കി. മാനുട്ടി സന്തോഷത്തോടെ പറഞ്ഞു
“നിന്റെ ക്ലാസ്മേറ്റ്സ് കൊള്ളാടാ… എന്റെ ക്ലാസ്മേറ്റ്സ് പോലും എന്നെ ഇതുവരെയൊരു ടൂർ കൊണ്ടുപോയിട്ടില്ല”.
അവരെ പൊക്കി പറഞ്ഞതുകൊണ്ടാണോ അതോ വയറ്റിലുള്ള അഞ്ച് പെഗ്ഗാണോ… ഏതോ ഒന്ന് സന്ദീപിനെ കൊണ്ടത് പറയിപ്പിച്ചു.
മാനുട്ടി ഞെട്ടി.
“ഇപ്പൊ തന്നെ ഞെട്ടല്ലേ… നാളെ രാവിലെ ദേവികുളത്ത് നിങ്ങളുടെ എസ്റ്റേറ്റിന്റെ മുന്നിൽ വെച്ച് നിന്നോട് പറയാനാ ഞങ്ങളുടെ സർപ്രൈസ് പ്ലാൻ… അപ്പൊ ഞെട്ടിയാ മതി”
പ്രൈവറ്റ് പ്രോപ്പാർട്ടിയിലേക്ക് അതിക്രമിച്ച് കടന്ന് അറസ്റ്റിലാവുന്ന ന്യൂസും, തെറ്റിദ്ധരിപ്പിച്ച് ടൂറിന് വന്നതിന് സന്ദീപിന്റെ ഫ്രണ്ട്സിന്റെ വക ഇടിയും, പിറകെയുള്ള മാനഹാനികളും മനസ്സിൽ വിഷ്വലുകളായി തെളിഞ്ഞപ്പോൾ മാനുട്ടിയുടെ മുൻപിൽ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ… സന്ദീപ് ഓഫായപ്പോൾ മാനുട്ടി തന്റെ ഫോൺ ഓഫാക്കി അപ്പുറത്തെ റൂമിലുള്ള ബാഗ് പോലും എടുക്കാതെ അവിടുന്ന് മുങ്ങി. വട്ടവടയിൽ നിന്നു പച്ചക്കറി ലോഡുമായി പോവുന്നൊരു ലോറിയിൽ കയറി പുലർച്ചെ തന്നെ ഇടുക്കി ജില്ല വിട്ട്, വീട്ടിലെത്തി കിടന്നുറങ്ങി.

അവിടെ മൂന്നാറിൽ പക്ഷേ സംഭവ പരമ്പരകളുടെ മഞ്ഞു വീഴ്ചയായിരുന്നു. ടൂറിനു വന്ന് രാത്രി റിസോർട്ടിൽ താമസിച്ച ആറുപേരിൽ ഒരാൾ മിസിംഗ്! മാനുട്ടി സുഭാഷായി. വീണ കുഴി അറിയാത്തതുകൊണ്ട് വടം കെട്ടി ഇറങ്ങാനും പറ്റാത്ത അവസ്ഥ. ഫോറസ്റ്റും പോലീസും വിഷയത്തിൽ ഒരുപോലെ ഇടപെട്ടു. കലിപ്പേഷ് ബാബു എന്ന് ഓമനപ്പേരുള്ള കപിലേഷ് ബാബു ആയിരുന്നു അവിടുത്തെ എസ് ഐ. കൃത്യനിർവഹണത്തിൽ കടുകിട തെറ്റാത്ത പ്രകൃതം. പുലർച്ചെ തന്നെ കപിലേഷ് കേസിൽ ഇൻ ആയി, തിരോധാനം നടന്നത് കാടിന് അടുത്തായതു കൊണ്ട് വരായാടുകളുടെ മൊഴി എടുത്തു, കലമാനിനെ ചോദ്യം ചെയ്തു, കാട്ടുപോത്തിനെ കുനിച്ചു നിർത്തി ഇടിച്ചു… ഒരു തുമ്പും കിട്ടിയില്ല.

കാട്ടിലും കുളത്തിലും കൊക്കയിലുമുള്ള തിരച്ചിലിനിടയിലൊക്കെ സന്ദീപ് തേങ്ങി… ക്ലാസ്മേറ്റ്‌സിന് മാനുട്ടിയോട് ഒറ്റ ദിവസത്തെ ബന്ധമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവരും തേങ്ങി.
“സന്ദീപേ… നമുക്കവന്റെ വീട്ടിലൊക്കെ ഒന്ന് അറിയിപ്പിക്കണ്ടേ?”
സന്ദീപ് കണ്ണുതുടച്ച് ഉമ്മറിക്കയ്ക്ക് ഫോൺ ചെയ്തു. കേട്ടപാട് മൂപ്പര് നിലവിളിച്ചുകൊണ്ട് ഹോട്ടലിൽ നിന്നിറങ്ങിയോടി ഒരു ടാക്സിയും വിളിച്ച് നേരെ മൂന്നാറിലേക്ക് പാഞ്ഞു.

ഒരു പകല് മുഴുവൻ നീണ്ട അന്വേഷണം വിഫലമായി മുന്നോട്ട് പോവുമ്പോൾ കൂർമ്മബുദ്ധിയായ കപിലേഷിന് ചെറിയൊരു സംശയം.
ഇവർ അഞ്ച് പേർ സഹപാഠികൾ… ഒരാള് മാത്രം ഇവരുടെ ഗ്രൂപ്പിൽ ഇല്ലാത്തവൻ, ഇവരുടെ കൂടെ ആദ്യമായി ടൂറിന് വരുന്നു. എന്നിട്ട് അയാള് തന്നെ മിസ്സിങ്ങാവുന്നു. സംതിങ് ഫിഷി! കപിലേഷ് കുറ്റിപ്പുറം സ്റ്റേഷനിലുള്ള ഒരു പരിചയക്കാരൻ കോൺസ്റ്റബളിനെ വിളിച്ച് മാനുട്ടിയുടെയും സന്ദീപിന്റെയും നാട്ടിൽ ഒന്നന്വേഷിക്കാൻ പറഞ്ഞു.

യാത്രാക്ഷീണം ഒക്കെ മാറി വൈകീട്ട് അങ്ങാടിയിലേക്ക് നടക്കുന്നതിനിടെയാണ് കുറ്റിപ്പുറത്തെ ആ പോലീസുകാരൻ ബൈക്കിൽ വന്ന് മാനുട്ടിയുടെ അടുത്ത് വണ്ടി നിർത്തുന്നത്.
“ഇവിടെയല്ലേ ഹോട്ടല് നടത്തുന്ന ഉമ്മറിക്കയുടെ വീട്?”
“ആ കാണുന്നതാ..”
“അയാളുടെ മോൻ മാനുട്ടി എങ്ങനെയാ ആള്?
“നല്ലവനാ…”
“നിനക്കറിയോ?”
“ആ, ഞാൻ തന്നെയാ”
പോലീസുകാരൻ ഈ വാർത്തയറിയിപ്പിക്കാൻ വേണ്ടി മൂന്നാറിലേക്ക് വിളിക്കുമ്പോൾ കപിലേഷ് ബാബുവിനെ ഒരു കാട്ടുപോത്ത് ഓടിക്കുകയായിരുന്നു. ഏയ് മുൻ വൈര്യാഗ്യമൊന്നുമല്ല, സെർച്ചിനിടെ ചെന്ന് കേറി കൊടുത്തതാ….
കാര്യമറിഞ്ഞപ്പൊ ഇനി കുത്തിയാലും വേണ്ടില്ല എന്നുറപ്പിച്ച് കപിലേഷ് അവിടെ നിന്നു.
“അവനെ എനിക്ക് ഇവിടെ കിട്ടണം… എന്റെ സ്റ്റേഷൻ അതിർത്തിയിൽ… എന്റെ ഓഫീസ് മുറിയിൽ!!”

ഇരുട്ടായിത്തുടങ്ങിയപ്പോൾ ഉമ്മറിക്ക പോലീസ് സ്റ്റേഷനിലെത്തി. പുലർച്ചെ തൊട്ട് തിരോധാനത്തിന്റെ പിറകെ നടന്ന്, നേരാവണ്ണം ഭക്ഷണം പോലും കഴിക്കാതെ ചെവിയിൽ മൂളക്കവും, തലയിൽ വിങ്ങലുമൊക്കെയായി ടേബിളിൽ തല വെച്ച് കിടക്കുകയായിരുന്ന എസ് ഐ നെയാണ് മൂപ്പരാള് കാണുന്നത്. മേശപ്പുറത്ത് ആഞ്ഞൊരു അടി അടിച്ചിട്ട് ഉമ്മറിക്ക ഇതും അടിച്ചു,
“എന്റെ മോനെ ഇന്നലെ രാത്രി മുതൽ കാണാതായിട്ട് അത് ഒന്ന് അന്വേഷിക്കാതെ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുന്നോടാ നാറി പോലീസുകാരാ?“
ഞെട്ടിയെണീറ്റ കപിലേഷിന് ഓരോ ക്രോമസോമിൽ നിന്നായി തരിച്ചു കയറി.
“നിങ്ങള് എവിടുന്നാ വരുന്നത്?”
“ന്റെ വീട്ടീന്ന്”
ആദ്യം പറഞ്ഞ ആ നാല് പെട മൂന്നാറിലെ തണുപ്പത്ത് അതേ എന്തൂസിയാസത്തോടെ തന്നെ കപിലേഷ് കൊടുത്തു.

രാത്രി തന്നെ മാനുട്ടിയുടെ ഒരു ഡ്രഗ് ടെസ്റ്റ് നടത്തി പോലീസുകാരൻ അവനെയും കൊണ്ട് മൂന്നാറിലേക്ക് ബസ് കയറി. പിറ്റേന്ന് രാവിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ എത്തിയപ്പോഴേക്കും മാനുട്ടിക്ക് സംഭവത്തിന്റെ ഗൗരവം ഏകദേശം പിടികിട്ടിയിരുന്നു… വാപ്പയും സന്ദീപും ക്ലാസ്മേറ്റ്സും സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നു, കപിലേഷ് ബാബുവും.
അദ്ദേഹം വളരെ സൗമ്യനായി ചോദിച്ചു….
“നീ എന്തിനാണ് ടൂർ വന്നിട്ട്, ആരോടും ഒന്നും പറയാതെ കടന്നു കളഞ്ഞത്?”
“സർ ഞാനൊരു പ്രേതത്തെ കണ്ട് പേടിച്ചോടിയതാണ്”
“ഇവിടുന്ന് കുറ്റിപ്പുറം വരെ?”
“അല്ല, റോഡ് വരെ… അവിടുന്ന് ലോറി കിട്ടി”
പ്ഫാ… *#@&π€ മോനെ! സത്യം പറയടാ!!
“എനിക്ക് മാനസികമാണ്‌”
ട്ടെ! ചെവിക്കല്ല് നോക്കി ഒരു അടി!!
“എന്നെ ആരോ തട്ടി കൊണ്ടു പോയതാണ്”
ട്ടും! നാഭി നോക്കി ഒരു ചവിട്ട്!!
“ഞാൻ കള്ള് കുടിച്ച് ബോധം പോയി നാട്ടിൽ പോയതാണ്”
മാനുട്ടിയുടെ ചാഞ്ചാട്ടങ്ങൾ!
“നിന്റെ ഡ്രഗ് ടെസ്റ്റ് റിസൾട് എന്റെ കയ്യിലുണ്ട്… കള്ളൊന്നും നിന്റെ ശരീരത്തിലില്ല. പക്ഷേ ഇപ്പൊ ഒരു കാര്യം ഉറപ്പായി, ഇങ്ങനെ സെക്കന്റ് വെച്ച് മാറ്റി പറയിപ്പിക്കുന്ന എന്തോ ഒന്ന്… നീ അടിച്ചിട്ടുണ്ട്; ഒരു യൂറിൻ ടെസ്റ്റിലും വരാത്ത ഒരു സാധനം. ആ കെമിക്കൽ എന്താണ്, എവിടുന്നാണ് എന്ന് പറയാതെ നീ ഇനി ഈ ചുരം ഇറങ്ങില്ല!”
വേറെ തലം! വിചാരിക്കാത്ത ഡയമെൻഷൻ!! നർക്കോടിക്സ് ഈസ് ഈ ഡേർട്ടി ബിസിനസ് എന്നറിയാവുന്നത് കൊണ്ട് അവൻ സത്യം പറയാൻ തന്നെ തീരുമാനിച്ചു.
“സാർ… എല്ലാവരോടും ഒന്ന് പുറത്ത് ഇറങ്ങി നിൽക്കാൻ പറയോ”
പോലീസുകാരും ടൂർ മേറ്റ്‌സും ഉമ്മറിക്കയും മുറിയ്ക്ക് പുറത്തെത്തിയപ്പോൾ മാനുട്ടി കരച്ചിലോടെ തന്റെ ജീവചരിത്രം മുഴുവൻ പറഞ്ഞു. കപിലേഷിന് ചിരിയാണ് വന്നത്, അവന്റെ അവസ്ഥ വെച്ച് നോക്കുമ്പോൾ തന്റെ എന്ത്. ആ ചിരി മായും മുമ്പ് തന്നെ എല്ലാവരെയും തിരിച്ച് അകത്തേക്ക് വിളിച്ച് കപിലേഷ് പറഞ്ഞു,
“കുഴപ്പം ഒന്നുമില്ല, ഇനി എല്ലാരും നേരെ നാട്ടിലേക്ക് പൊക്കോ… ടൂർ കഴിഞ്ഞു”
‘ചായപ്പൊടി വാങ്ങാൻ പറ്റിയില്ല സർ’ എന്ന് സന്ദീപിനു പറയണം എന്നുണ്ടായിരുന്നു, പറഞ്ഞില്ല.
“ഇനി ‘സ്റ്റോക്ക്’ വാങ്ങിക്കുമ്പോ സൂക്ഷിച്ചൊക്കെ വാങ്ങിക്കണം” എന്നുകൂടി പറഞ്ഞ് കപിലേഷ് മാനുട്ടിയെ യാത്രയാക്കി.

നാട്ടിലെ സമൂദ്രനിരപ്പിൽ തിരിച്ചെത്തിയതോടെ സന്ദീപ് തുടങ്ങി…
“മാനുട്ടി ഞങ്ങളെ എല്ലാവരെയും മുറിയ്ക്ക് പുറത്ത് ഇറക്കിയശേഷം പഴ്സ് തുറന്ന് എസ് ഐ ക്ക് ലക്ഷങ്ങൾ അങ്ങ് എണ്ണികൊടുത്തു… അല്ലെങ്കിൽ പിന്നെ എങ്ങനെയാ സ്റ്റോക്ക് മാർക്കറ്റിലെ കാളയെ പോലെ കുത്താൻ നിന്നിരുന്ന അയാള്, പൈ കിടാവിനെ പോലെ കാം ആയത്.”

മുംബൈയിൽ പെട്ടെന്ന് തിരിച്ചെത്തിയ മാനുട്ടിയെ അതിലും പെട്ടെന്ന് ഒരു ടീം തട്ടിക്കൊണ്ടുപോയി എന്ന് പിന്നീടറിഞ്ഞു. പിന്നെയങ്ങോട്ട് പൂര ചോദ്യം ചെയ്യൽ…
“നിനക്ക് ആ സാധനം എവിടുന്നാണ് കിട്ടിയത്, എന്താണതിന്റെ പേര്?
“എന്ത്?”
“മൂന്നാറിൽ വെച്ച് നീ അടിച്ച സാധനം… സെക്കന്റ് വെച്ച് മനസ്സ് ചാഞ്ചാടുന്ന, യൂറിൻ ഡ്രഗ് ടെസ്റ്റിൽ പിടിക്കാത്ത ആ ഡ്രഗ്, അത് മൂന്നാറിൽ നിനക്ക് എവിടുന്ന് കിട്ടി?”
“എനിക്ക് മൂന്നാറിൽ നിന്ന് കിട്ടിയത് രണ്ടടിയും ഒരു ചവിട്ടുമാണ്”
“കബളിപ്പിക്കാതെ കുഞ്ഞാ…. അല്ലെങ്കിൽ നീ എന്തിന് ആ എസ് ഐ ക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു കേസ് സോൾവാക്കി?”
മാനുട്ടി ഉത്തരമില്ലാതെ ഉത്തരത്തിലേക്ക് നോക്കി.
“ഇനി ‘സ്റ്റോക്ക്’ വാങ്ങിക്കുമ്പൊ സൂക്ഷിച്ചൊക്കെ വാങ്ങിക്കണം എന്നയാൾ എന്തിനു നിന്നെ ഉപദേശിച്ചു?”
“എനിക്ക് ശരിക്കും മാനസികമാണ്”.

 

വിക്റ്റർ

പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.

പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ ഒരു കയ്പ്പ് പാഞ്ഞു!

Something is wrong…. ഞാൻ സ്പീഡ് കൂട്ടി അയാളുടെ പാരലൽ ആയി വണ്ടി പിടിച്ചു, എന്നിട്ട് തല വെട്ടിച്ചിട്ടു അയാളുടെ മുഖത്തേക്ക് നോക്കി…. എനിക്കയാളുടെ മുഖം കാണണമായിരുന്നു. അപ്പോൾ, ആ നിമിഷം… അയാൾ രണ്ടു കൈകളും ഹാന്റിലിൽ നിന്ന് വായുവിൽ ഉയർത്തി ഒരു ക്രോസ് കാണിച്ചു, എയർക്രാഫ്റ്റ് മാർഷലിംഗ് സിഗ്നൽസിലെ ‘എമർജൻസി സ്റ്റോപ്പ്’ നോട് സാമ്യമുള്ള ഒന്ന്.
തൊട്ടുപിറകെ ലെഫ്റ്റ് എടുത്തിട്ട് അയാൾ ഹൈവെയിൽ നിന്നും ഇറങ്ങിപ്പോയി. അതുപോലൊന്ന് ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്!
And that was a sign, പഴയ ആ സംഭവത്തിലേക്കുള്ള ഒരു സിഗ്നൽ!!

ബാംഗ്ലൂരിൽ, ഇലക്രോണിക് സിറ്റി കഴിഞ്ഞ് ഹൊസൂരിലേക്ക് സഞ്ചരിക്കുമ്പോൾ കാണുന്ന ബൊമ്മസാന്ദ്ര എന്ന സ്ഥലത്തായിരുന്നു ഞങ്ങള് താമസിച്ചിരുന്നത്… ഞങ്ങള് ന്ന് പറഞ്ഞാൽ കുറ്റിപ്പുറം എം ഇ എസ് കോളേജിൽ ഒരുമിച്ചു പഠിച്ച ഞങ്ങള്‍ ആറുപേര്‍. ബൊമ്മസാന്ദ്രയിലും അടുത്തുള്ള ജിഗ്‌നി ഇന്റസ്ട്രിയൽ ഏരിയയിലും ആയിട്ടായിരുന്നു ഞങ്ങളെല്ലാവരും വർക്ക് ചെയ്തിരുന്ന കമ്പനികൾ. അക്കൂട്ടത്തിലേക്കാണ് അവൻ കയറിവരുന്നത്, വിക്റ്റര്‍! ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ക്ലാസ്മേറ്റ് മാമുവിൻ്റെ നാട്ടുകാരൻ ആയിരുന്നു അവന്‍. മാമു ഖത്തറില്‍ പോയതോടെ കൂടിയ ഓരോരുത്തരുടെയും റൂം റെന്റ് ഷെയര്‍ വീണ്ടും കുറയുന്ന കാര്യമായതുകൊണ്ട് ഞങ്ങളാ അന്തേവാസിയെ ആവേശത്തോടെ സ്വാഗതം ചെയ്തു.

ആളൊരു ഡിക്‌റ്റിടീവ് ആണെന്ന് മാമു മുമ്പ് താമാശയ്ക്ക് പറഞ്ഞിരുന്നു. പിന്നീട് കൂടെ താമസിക്കാൻ തുടങ്ങിയപ്പോൾ അത് സത്യമാണെന്നു പതിയെ മനസ്സിലായിതുടങ്ങി. സിനിമയിലോ പാട്ടിലോ ബിസിനസ്സിലോ പാഷൻ ഉള്ളവരെയൊക്കെയല്ലേ നമ്മൾ അധികവും കണ്ടിട്ടുള്ളത്, കുറ്റാന്വേഷണത്തിലായിരുന്നു ഇവന്റെ കമ്പം. രണ്ടു കൊല്ലം മെഡിസിൻ പഠിച്ചു, Bsc കെമിസ്ട്രി ഒരു കൊല്ലം, സൈക്കോളജി ആറുമാസം, പിന്നെ കുറച്ചുക്കാലം സോഷ്യോളജിയും. അവനു വേണ്ട കാര്യങ്ങൾ ഒരു ഇൻസ്റ്റിട്യൂഷനില്‍ നിന്ന് കിട്ടി കഴിഞ്ഞാൽ അവന്‍ പഠിപ്പു നിര്‍ത്തി പുതിയത് തുടങ്ങുമായിരുന്നു. ഒരു അന്വേഷണത്തിന്റെ ഭാഗമായി നാട്ടിൽ എന്തോ പ്രശ്നമുണ്ടായപ്പോൾ മാറിനിൽക്കാൻ വന്നതാണ് അവന്‍ ബാംഗ്ലൂരിൽ എന്ന് പിന്നീട് മനസ്സിലായി. ആ പ്രശ്നത്തിന്റെ ഗ്രാവിറ്റി ഒന്നും അറിയില്ലെങ്കിലും അവനെ തേടിവരുന്ന അടിയുടെ ഒരു ഷെയര്‍ വാങ്ങിക്കാന്‍ ഞങ്ങളും തയ്യാറായി ഇരുന്നു. ബാംഗ്ലൂരിലും വിക്റ്റര്‍ വെറുതെ ഇരുന്നില്ല, മടിവാള അടുത്ത് ഒരു ഇന്‍സ്റ്റിട്ട്യൂട്ടില്‍ ക്രിമിനോളജി പഠിക്കാന്‍ പോയിത്തുടങ്ങി, പിന്നെ കൂടെ താമസിക്കുന്ന ഞങ്ങള്‍ എല്ലാവരും മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ് ആയതുകൊണ്ട് പാര്‍ട്ട് ടൈം ആയി വെല്‍ഡിങ്ങും ഫിറ്റിങ്ങും!

ഞങ്ങളുടെ കൂട്ടത്തിലന്ന് റിഷാദിന്റെ കയ്യിൽ മാത്രമാണ് ബൈക്കുള്ളത്, ഒരു ഫസ്റ്റ് ജനറേഷൻ പൾസർ. ഒരു വെള്ളിയാഴ്ച ദിവസം നാട്ടിൽ പോവുന്ന റിഷാദ്, എന്നെ ബൈക്കില്‍ മടിവാളയിൽ ഡ്രോപ്പ് ചെയ്യാനായി വിളിച്ചു. എലവേറ്റഡ് ടോൾവേ കയറി മടിവാള എത്തി അവനെ ബസ് കയറ്റി വിട്ടപ്പോൾ രാത്രി എട്ടുമണി. ഞാൻ ഫോണെടുത്ത് വിക്റ്ററിനെ വിളിച്ചു നോക്കിയപ്പോൾ അവൻ റൂം പിടിച്ചിട്ടില്ല, മടിവാള എത്തുന്നതെയുള്ളൂ…
അവനെയും കൂട്ടി അവിടെയൊന്നു കറങ്ങിയശേഷം കൈരളി റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച് ഞങ്ങൾ ബൊമ്മസാന്ദ്രയിലേക്ക് പുറപ്പെട്ടപ്പോഴേക്കും മണി പത്താവാറായിരുന്നു.

നിയോൺ വെളിച്ചത്തിൽ നഗരത്തിരക്കുകൾ മെല്ലെ അവസാനിക്കുന്നത് കണ്ടു… ഞങ്ങൾ ഏലവേറ്റഡ് ടോൾ വേ എത്തി. സിൽക്ക് ബോർഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള 10 കിലോമീറ്റർ നീളമുള്ള നാലുവരി പാത. കയറിയാൽ പിന്നെ ഒരു യു ടേൺ പോലുമില്ല, മറുവശത്തെ ഇറങ്ങാൻ കഴിയൂ… ജീവിതം പോലെ.
ടോൾവേ കയറി ഒരു കിലോമീറ്റർ പോയില്ല, ഞങ്ങളുടെ വണ്ടി അപ്രതീക്ഷിതമായി നിന്നു. ഇളക്കിയും കുലുക്കിയും ഞങ്ങൾ ശ്രമിച്ചുനോക്കി. ഇല്ല, അനക്കമില്ല.. പെട്രോൾ തീർന്നതാണ്! ഒരു മനസമാധാനത്തിന് നാലു തെറി പറയാൻ വേണ്ടി റിഷാദിനെ വിളിച്ചെങ്കിലും അതും കിട്ടിയില്ല. ഞാനും വിക്റ്ററും ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. വണ്ടി തള്ളുകയല്ലാതെ വേറെ നിവൃത്തിയില്ല… വാഹനങ്ങൾ നൂറിലും നൂറ്റി ഇരുപതിലുമൊക്കെ പായുന്ന ആ പാതയിൽ മുന്നോട്ട് തള്ളുന്നത് തന്നെ റിസ്ക് ആണ്… അതുകൊണ്ട് തിരിച്ച് ഒരു കിലോമീറ്റർ റോങ്ങ് സൈഡ് പോവുന്നതിനെ പറ്റി ഞങ്ങൾ ചിന്തിച്ചത് പോലുമില്ല.

ഈ സമയം അധികം വേഗതയില്ലാതെ ഞങ്ങളെ കടന്നുപോയ ഒരു ബൈക്ക് കുറച്ച് ദൂരെയായി നിർത്തി. പിന്നെ കാണുന്നത് ആ വണ്ടി റോങ് സൈഡിൽ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുന്നതാണ്.
“നീ കൈ കാണിച്ചിരുന്നോ?” ഞാൻ വിക്റ്ററിനോട് ചോദിച്ചു.
അവന്‍ ഇല്ലെന്നു തലയാട്ടി. അവന്‍ എന്നെക്കാള്‍ ക്യൂരിയസ് ആയി നില്‍ക്കുകയാണ്.
ബൈക്ക് അടുത്തെത്തിയപ്പോൾ വ്യക്തമായി, അതിലുണ്ടായിരുന്നത് ഒരു ചെക്കനും പെണ്കുട്ടിയുമാണ്, കന്നഡിഗര്‍.
‘പെട്രോൾ തീർന്നതാണോ?’ എന്നവര്‍ ഇങ്ങോട്ട് കന്നടയില്‍ ചോദിച്ചു.
ഞാനും വിക്റ്ററും പരസ്പരം ഒന്നുനോക്കി അതെയെന്ന് തലയാട്ടി. ‘കയറി ഇരുന്നോ, ഞാൻ തള്ളി തരാം..’ എന്നായിരുന്നു പിന്നീടവന്‍ പറഞ്ഞതിന്റെ പരിഭാഷ. ഒരു നിമിഷം എനിക്കും വിക്റ്ററിനും അവൻ സഹായവാഗ്ദാനം കേട്ട് ഞെട്ടിത്തന്നെ നിൽക്കേണ്ടി വന്നു.
“ഗാഡി ഹത്തി”
എന്ന് അവൻ വീണ്ടും പറഞ്ഞപ്പോഴാണ് ഞങ്ങൾ ബൈക്കിൽ കയറിയത്.

പിറകിലെ ഫുട്ട്റെസ്റ്റിൽ ഇടം കാലു വെച്ച് ചവിട്ടികൊണ്ട് അവൻ ഞങ്ങളുടെ വണ്ടി നീക്കിത്തുടങ്ങി. ഞാൻ പിറകിലിരിക്കുന്ന വിക്റ്ററിനോട് ചോദിച്ചു,
“നിനക്കിവരെ പരിചയമുണ്ടോ?”
“ഇല്ല… നിനക്ക് പരിചയമുള്ളവരാണോ”
“എവിടുന്ന്!”
അങ്ങോട്ട്‌ ചോദിക്കാതെ, അവരുടെ വണ്ടിയ്ക്ക് കൈ പോലും കാണിക്കാതെ അവര്‍ ഞങ്ങളെ സഹായിക്കാൻ തുനിഞ്ഞതെന്തിനാണ് എന്നായിരുന്നു പിന്നീട് എന്റെ സംശയം മുഴുവനും. അതും, രാത്രി ഒരു പെണ്കുട്ടിയെയും പിറകിലിരുത്തി പോവുമ്പോൾ… എനിക്കുറപ്പാണ് എന്നെക്കാള്‍ കൂടുതല്‍ ഈ ചോദ്യത്തിനുത്തരം ഫിഗര്‍ ഔട്ട്‌ ചെയ്യാന്‍ വിക്റ്റര്‍ ശ്രമിക്കുന്നുണ്ടാവും.
ചിലപ്പോള്‍ മുന്പ് എപ്പോഴെങ്കിലും ഇതുപോലൊരു രാത്രി പെട്രോള്‍ തീര്‍ന്നു വഴിയില്‍ കിടന്ന ഒരനുഭവം ഉണ്ടായിരിക്കും അവന്. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

കുറച്ചു ദൂരം പോയപ്പോള്‍ തന്നെ ഇങ്ങനെ വണ്ടി തള്ളുന്നതിൽ അവൻ ഒരു എക്‌സ്പേർട്ട് ആണെന്നെനിക്ക് മനസ്സിലായി. ബാലൻസ് പോവാതെ, നിലത്തൊന്ന് കാല് പോലും കൂത്താതെ അവൻ രണ്ടു ബൈക്കുകളും ചലിപ്പിച്ചുകൊണ്ടിരിന്നു. വിക്റ്റര്‍ അവനോട് എന്തൊക്കെയോ ചോദിക്കുന്നത് പിറകിൽ നിന്ന് കേൾക്കാമായിരുന്നു. ബെന്നാർഗെട്ട നാഷണൽ പാർക്കിലേക്കാണ് അവരുടെ യാത്രയെന്നു പറഞ്ഞു. പക്ഷെ അവന്‍ ഒരു കോണ്‍വസേഷനില്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ടാവണം, വിക്റ്റര്‍ പെട്ടെന്ന് സൈലന്റ് ആയി.

രണ്ടു വണ്ടികളും ടോൾവേ ഇറങ്ങിയപ്പോഴേക്ക് മണി പത്തരയായിരുന്നു. അവിടെ ലെഫ്റ്റ് സൈഡിൽ ഇന്ത്യൻ ഓയിലിന്റെ ഒരു പമ്പുണ്ട് എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ അവിടെ എത്തിയപ്പോഴേക്ക് അത് ക്ലോസ് ചെയ്തിരുന്നു.
‘ഇനി സർവീസ് റോഡ് ഉണ്ടല്ലോ.. ഞങ്ങൾ ഉന്തി പൊയ്ക്കൊളാം’ എന്ന് പറഞ്ഞപ്പോൾ അവൻ കൂട്ടാക്കിയില്ല… താമസിക്കുന്നത് എവിടെ ആണെന്ന് അവന്‍ തിരക്കി, അവിടെ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഹൈവേയുടെ അടുത്ത് തന്നെയാണ് എന്ന് പറഞ്ഞപ്പോള്‍ അതു വരെ എത്തിച്ചുത്തരാം എന്നായി അവന്‍.

പിന്നീടുള്ള അഞ്ചു കിലോമീറ്ററും അതുപോലെ ഞങ്ങളുടെ വണ്ടി തള്ളിയ അവന്‍ എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കുകയായിരുന്നു.
പത്തേമുക്കാലോടെ ബൊമ്മസാന്ദ്ര എത്തിയപ്പോള്‍ അവരോട് ഉള്ള നന്ദി, ആ ഒറ്റവാക്കില്‍ എങ്ങനെ ഒതുക്കും എന്നായിരുന്നു ഞങ്ങളുടെ പ്രശ്നം. കൂടുതല്‍ ഫോര്‍മാലിറ്റിക്ക് ഒന്നും നില്‍ക്കാതെ, ‘ഏകാക്ഷര’ എന്ന് സ്വയം പരിചയപ്പെടുത്തി അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. പിറകിലെ പെൺകുട്ടി ഞങ്ങളെ നോക്കി ഒരു പാതി ചിരി പൊഴിച്ചു. അവൻ രണ്ടു കൈകളും വായുവിൽ ഉയർത്തി ആ സിഗ്നൽ കാണിച്ചു. അതിന്റെ അർത്ഥം എനിക്ക് പറഞ്ഞു തന്നത് വിക്റ്ററാണ്.
അവൻ ചുണ്ട് കൂട്ടി കടിച്ചുകൊണ്ട് അവരുടെ ബൈക്ക് പോവുന്നതും നോക്കി നിന്നു. പൂരിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള സമസ്യകളുടെ ചുഴികളിലേക്ക് പോവുമ്പോള്‍ അതായിരുന്നു അവന്റെ രീതി.

പിറ്റേന്ന് വര്‍ക്ക് ഉണ്ട്. ഉച്ചയ്ക്ക്, ജിഗനിയിലുള്ള എന്റെ കമ്പനിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സ്ഥിരമായി പോവാറുള്ള BMTC ഡിപ്പോ ക്യാന്റീനില്‍ പോയതായിരുന്നു ഞാന്‍. അവിടെ വെച്ച് ഞാനൊരു കാഴ്ച കണ്ടു, ധമനിയിൽ നിന്ന് രക്തം ആവിയായി പോവുന്നത് സ്വയമറിയുന്നത് പോലൊരു കാഴ്ച. ക്യാന്റീനില്‍ ഇരുന്ന് നീട്ടിപിടിച്ചു കന്നഡ പത്രം വായിക്കുന്ന ഒരാളുടെ കയ്യിലെ ആ പത്രത്തില്‍, തലേന്ന് ഞങ്ങളെ സഹായിച്ച ആ ചെക്കന്റെയും പെണ്‍കുട്ടിയുടെയും ഫോട്ടോകള്‍ അടക്കമുള്ള വാര്‍ത്തയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. അവര് നാല് ദിവസം മുന്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു! മൃതശരീരങ്ങള്‍ കണ്ടെത്തിയത് തലേന്ന് രാത്രിയും!!

വൈകുന്നേമാവാന്‍ ഞാന്‍ കാത്തിരുന്നു… വൈകുന്നേരമായപ്പോള്‍ വിക്റ്റര്‍ റൂമിലേക്ക് എത്താനും. That was the most dreadful hours of my life. കൂടെ ഉള്ള ആരോടും ഞാനതിനെ പറ്റി സംസാരിച്ചില്ല. വിക്റ്റര്‍ വന്ന ഉടന്‍ അവനെയും വിളിച്ചുകൊണ്ടു ഞാന്‍ ടെറസിലേക്കോടി…. കിതപ്പ് മാറും മുന്പ് ഞാന്‍ ആ പത്രം അവനു നേരെ നീട്ടി. പക്ഷെ ആ വാർത്ത അവന്റെ മുഖത്ത് ഒരു ചലനവും ഉണ്ടാക്കിയില്ല. പകരം എന്നോട് ഒരു ചോദ്യമായിരുന്നു ഉണ്ടായത്,
“നീ എത്ര നാളായി ഈ ബാംഗ്ലൂർ സിറ്റിയിൽ?”
“നാല് മാസം.”
“ഈ നാല് മാസത്തിനിടയിൽ എത്ര കന്നഡ ന്യൂസ് പേപ്പർ നീ വായിച്ചിട്ടുണ്ട്”
“ഇത് ആദ്യത്തെയാണ്”
“പിന്നെ ഈ പത്രം തന്നെ എങ്ങനെ നീ കണ്ടു?”
ഞാൻ ആലോചിച്ചു നോക്കി… ശരിയാണ് ഈ പത്രം ഞാന്‍ കണ്ടതല്ല, എന്നെ കാണിപ്പിച്ചതാണ്.
വിക്റ്റര്‍ തുടര്‍ന്നു,
“അവര് രണ്ടുപേരും മരിച്ചിട്ടില്ല…നമ്മള്‍ കണ്ടത് അവരുടെ പ്രേതങ്ങളെയും അല്ല”
എനിക്കൊരു ഉടലാകെ ഒരു തരിപ്പുണ്ടായി..
“ഞാൻ റിഷാദിനോട് സംസാരിച്ചിരുന്നു… ഇന്നലെ രാവിലെ അവന്‍ വണ്ടിയിൽ പെട്രോൾ അടിച്ചിട്ടുണ്ട്.രാത്രി ഇലവേറ്റഡ് ടോൾവെയിൽ നമ്മുടെ വണ്ടി നിന്നതും, അവർ വന്നു നമ്മളെ സഹായിച്ചതും, നിന്റെ മുന്നിൽ ഈ പത്രം എത്തിയതും… എല്ലാം അവർ രണ്ടുപേരും തീരുമാനിച്ച പ്രകാരമായിരുന്നു”
“എന്തിന്?”
“അവർക്ക്, ഞാനവര് പോയ വഴിയിൽ ചെല്ലണം… എന്തോ കാരണത്താല്‍ സ്വന്തം മരണം പോലും ഫേക്ക് ചെയ്ത ആ രണ്ടുപേരുടെയും പിറകെ! and I’m already behind them”

സാധാരണ ഞാൻ എഴുതിയത് വായിക്കുമ്പോൾ കൂടുതൽ പേരും ഏറ്റവും ഒടുവില്‍, ചിരിപ്പിക്കുന്ന ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കാറുണ്ട്. ഇതില്‍ അതില്ല…. കാരണം ഇതല്ല അതിന്റെ അവസാനം, it is the beginning of something!

 

 

Part 02

സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

ഞാൻ ഓർത്തത് വിക്റ്ററിനെയാണ്. പതിനൊന്നു വർഷമായി അവൻ അപ്രത്യക്ഷമായിട്ട്… കൃത്യമായി പറഞ്ഞാൽ അന്നത്തെ രാത്രിക്ക് ശേഷം. പക്ഷെ ആദ്യം ഞങ്ങൾക്ക് അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല, ചിലപ്പോൾ നിന്ന നിൽപ്പിൽ അവൻ മൂന്നാല് ദിവസത്തേക്കൊക്കെ മുങ്ങിക്കളയാറുണ്ട്. അന്വേഷിക്കാൻ വല്ലതും കിട്ടുമ്പോ എല്ലാം മറന്ന് അതിന്റെ പിറകെ അങ്ങ് പോവുന്നതായിരിക്കും എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്. മുമ്പൊരിക്കൽ അതുപോലൊരെണം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ അവനോട് അതിനെപ്പറ്റിയൊന്നു തിരക്കി.
“മടിവാളയില് എന്റെ ഇൻസ്റ്റിറ്റൂട്ടിന് അടുത്ത് ഒരു ജ്യൂസ് ഷോപ്പ് ഉണ്ട് , നല്ല അടിപൊളി ജ്യൂസുകൾ കിട്ടുന്നതുകൊണ്ട് നല്ല തിരക്കുമായിരുന്നു… പക്ഷെ പെട്ടെന്നൊരു ദിവസം അവരത് പൂട്ടി. ഇത്രയും ഇൻവസ്റ്റ് ചെയ്ത്, നല്ല ബിസിനസ് നടക്കുന്ന ഒരു സ്ഥാപനം അവരെന്തിനു പൂട്ടണം, അതിന്റെ പിറകിലൊരു കാരണം ഉണ്ടാവില്ലേ?”
“ഉണ്ടാവും.”
“ആ… ഞാനത് അന്വേഷിക്കാൻ പോയതായിരുന്നു”
ഞാൻ തലയാട്ടി.
“ആ കടയുടെ ലൈസൻസ് ഒരു ഷിമോഗക്കാരന്റെ പേരിലായിരുന്നു… അയാൾക്ക് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങിയതിനെകുറിച്ച് പോലും അറിവില്ല”
എന്റെ ആകാംഷ കൂടി. വിക്റ്റർ തുടർന്നു…
“അയാളുടെ ഐഡി വെച്ച് കട വാടകക്ക് എടുത്തതും ലൈസൻസ് എടുത്തതും ഹോസൂർ ഉള്ള ഒരു കള്ളനാ… പക്ഷെ ആ ജ്യൂസ് കടയിൽ ജീവനക്കാരായി നിന്നിരുന്ന മൂന്നു പേരാണ് അയാൾക്ക് അങ്ങോട്ട് കാശ്കൊടുത്ത് അത് ചെയ്യിപ്പിച്ചത്. ഹോസൂരുകാരൻ ആ ജ്യൂസ് ഷോപ്പ് കണ്ടിട്ട് കൂടിയില്ല. എന്റെ അന്വേഷണം ആ മൂന്നു പേരിലേക്ക് എത്തിയപ്പോൾ…”
“അപ്പോൾ?”
“അവര് എന്നെ തേടി ഇങ്ങോട്ട് വന്നു. സ്റ്റേറ്റിന്റെ ഏതോ ഏജൻസിയാണ്, RAW യോ ഇന്റലിജൻസോ അങ്ങനെ ഏതുമാവാം. ജ്യൂസ് ഷോപ്പ് ഇട്ടത് അവിടെയുള്ള ആരെയോ നിരീക്ഷിക്കാൻ ആണത്രെ. ആളെ പൂട്ടിയപ്പോൾ അവര് കടയും പൂട്ടി… അതിന്റെ ഇടയ്ക്കാണ് ദുരൂഹതയും മണപ്പിച്ചുകൊണ്ട് ഞാൻ ചെന്ന് കേറികൊടുത്തത്”
“എന്നിട്ട് അവര് നിന്നെ എന്തെങ്കിലും ചെയ്തോ?”
“അവര് ഒരു തവണ കൂടി എനിക്ക് ജ്യൂസ് ഉണ്ടാക്കിത്തന്നു… നിർത്തിക്കോ എന്നും പറഞ്ഞു.”
ഞാൻ ചിരിച്ചു.
“ചില അന്വേഷണങ്ങളിൽ, ചിലരുടെ പിറകെ ചെല്ലുമ്പോൾ നമ്മൾ ഇടയ്ക്ക് തിരിഞ്ഞു ഒന്ന് നോക്കണം…. അവര് സത്യത്തിൽ നമ്മളുടെ പിറകിലായിരിക്കും!”

ആ ലൈൻ പിന്നെയും സ്ട്രൈക്ക് ചെയ്തു. എന്റെ പിറകെ ആരൊക്കെയോ ഉണ്ടെന്നു പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായിരുന്നു. Somebody is watching me. എന്റെ ആ പോസ്റ്റിൽ ഒരു മെസേജ് ഉണ്ടായിരുന്നു… ഒരുപക്ഷെ വിക്റ്ററിന് മാത്രം മനസ്സിലാവുന്ന ഒന്ന്. ഫേസ്ബുക്കിൽ എന്നെ ഫോളോ ചെയ്യുന്ന പതിനായിരം പേരിൽ അവനുണ്ടെങ്കിൽ ഉറപ്പായും അവൻ ഞാനുള്ളിടത്ത് എത്തുമെന്ന വിശ്വാസത്തിൽ ഒളിപ്പിച്ച ഒരു സന്ദേശം.
ആ രാത്രിക്ക് ശേഷം അവർക്കും, വിക്റ്ററിനും എന്തൊക്കെ സംഭവിച്ചു എന്നറിയാൻ മുൻപത്തെക്കാളേറെ ആകാംഷ എനിക്കിപ്പോഴുണ്ട്. അതറിഞ്ഞാൽ മാത്രം അഴിച്ചെടുക്കാനാവുന്ന കുരുക്കുകളുമുണ്ട് എനിക്കു ചുറ്റും…..

ഇന്നലെ വൈകുന്നേരം ബുള്ളറ്റിൽ ഒരാവശ്യത്തിന് കളമശ്ശേരി പോയി തിരിച്ചു വരികയായിരുന്നു ഞാൻ. കൊച്ചിയിലെ വൈകുന്നേരത്തിരക്കിന്റെ ബഹളത്തിനിടയ്ക്ക് ഒരു ബൈക്കിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞു.
വർഷങ്ങളായി ഞാനുപയോഗിക്കുന്നത് Sol SF 5 എന്ന മോഡലിന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഹെൽമെറ്റ്‌ ആണ്. അതുപോലെ ഒരെണ്ണം വെച്ച് ഒരാൾ എന്റെ മുന്നിൽ പോവുന്നു. മനസ്സിൽ വന്നത് പണ്ട് വിക്റ്റർ പറഞ്ഞുതന്ന ഒരു കാര്യമാണ്
“ആൾക്കൂട്ടത്തിലും തിരക്കുകളിലും നമ്മളെകൊണ്ട് ഒരാളെ ശ്രദ്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്. നമ്മുടെ കയ്യിലുള്ള എന്തെങ്കിലും കോമൺ അല്ലാത്ത ഒരു വസ്തുവോ വസ്ത്രമോ ചുറ്റിലുള്ള ആരുടെയെങ്കിലും കയ്യിൽ കണ്ടാൽ, നമ്മൾ അയാളെ പെട്ടെന്ന് നോട്ടീസ് ചെയ്യും!”
ചെയ്തു. ഞാൻ ശ്രദ്ധിച്ചെന്ന് ഉറപ്പായപ്പോൾ ആ ബൈക്കർ പതിയെ ഹാന്റിലിൽ നിന്നും കൈകൾ ഉയർത്തി ഹെൽമെറ്റിനു മുകളിലൂടെ ഇരു ചെവികളും അടച്ചു പിടിച്ചു. അതിനുശേഷം വേഗം കൂട്ടി എന്റെ കാഴ്ചയിൽ നിന്നും അപ്രത്യക്ഷമായി.

കലൂരിലെ വീട്ടിൽ എത്തിയ ഉടനെ ആ സിഗ്നൽ എന്തിന്റെയാണെന്ന് നെറ്റിൽ തിരയുകയാണ് ഞാൻ ചെയ്തത്. അതും ഒരു എയർ ക്രാഫറ്റ് മാർഷലിംഗ് സിഗ്നൽ ആയിരുന്നു, ഞാൻ അർത്ഥം നോക്കി, ‘Establish Communication’.
എന്നോട് എന്തോ രഹസ്യമായി പറയാൻ ശ്രമിക്കുകയാണ്. ഞാൻ എന്നെയും എനിക്ക് ചുറ്റുമുള്ളതും വിശദമായി തന്നെ നോക്കി.
എന്റെ ബുള്ളറ്റിന്റെ മുൻവശത്തെ നമ്പർ പ്ളേറ്റിൽ ആയിരുന്നു ആ ക്ലൂ ഉണ്ടായിരുന്നത്. എന്റെ വണ്ടിയുടെ 9091 എന്ന നമ്പറിലെ 909 മാത്രം ചുവന്ന ഒരു മാർക്കർ കൊണ്ട് വരച്ചിട്ടിരിക്കുന്നു!
മുന്നോട്ടേക്കുള്ള വഴി കണ്ടു. പക്ഷെ 909, അത് എന്തുമാവാം… ഫ്ലാറ്റ് നമ്പറോ, റൂം നമ്പറോ ഞാൻ കയറേണ്ട വണ്ടി നമ്പറോ അങ്ങനെ എന്തും. പക്ഷെ ഏത് അപാർട്മെന്റ്, ഏത് ഹോട്ടൽ, എവിടെ വരുന്ന വണ്ടി?

909 എന്നത് geographical cordinates ആണോ എന്ന് ചിന്തിച്ചു, 9.09 latitude കൊല്ലം ജില്ലയിലൂടെ കടന്നു പോവുന്നുണ്ട്, മൺറോ തുരുത്തൊക്കെ അതിൽ വരും. പക്ഷെ അതാണെങ്കിലും longitude അറിയണ്ടേ?
കുറെ നേരത്തെ ആലോചനയ്ക്ക് ഒടുവിലാണ് മുന്നിലെ വഴിയിലെ ഇരുളും മഞ്ഞും മാറിയത്.
കൊച്ചിയിൽ ഒരു നമ്പർ സിസ്റ്റം ഉണ്ട്. വളരെ കോമൺ ആയി ഉപയോഗിക്കുന്ന എന്നാൽ നമ്പർ മാത്രമായി കണ്ടപ്പോൾ എന്റെ മനസ്സിൽ തെളിയാതെ പോയ ഒന്ന്…. മെട്രോ പില്ലേർസ്!
വൈറ്റിലയ്ക്കും പേട്ടയ്ക്കും നടുവിലുള്ള പില്ലർ നമ്പർ 909, അവിടെയാണ് ഞാൻ കാത്തുനിൽക്കേണ്ടത്.
ആ നിമിഷം ഞാനത് അടിവരയിട്ടുറപ്പിച്ചു… Victor is Coming!

 

Part 03

വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”

ഇപ്പോൾ ഞാനും ദുരൂഹതകള്‍ തേടാന്‍ ആരംഭിച്ചിരിക്കുന്നു. കൊച്ചിയില്‍ സദാ സമയം എന്‍റെ പിറകില്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍. ചിലപ്പോഴിതൊക്കെ എന്റെ തോന്നല്‍ മാത്രമാവാം. അതല്ലെങ്കില്‍ സത്യമാവാം.
ഇനി അതല്ലാത്ത ഒരു സാധ്യത കൂടിയുണ്ട്, പകുതി തോന്നലും പകുതി സത്യവും?
ഓര്‍മ്മ വന്നത് വിക്റ്റര്‍ പണ്ടെന്നോട് ചോദിച്ച ഒരു കാര്യമാണ്
“ഒരാള്‍ നമ്മളോട് ഒരു ചോദ്യം ചോദിച്ച്, A or B എന്നിങ്ങനെ രണ്ടു ഓപ്‌ഷൻസ് തരുന്നു. നമ്മൾ രണ്ടിലേതെങ്കിലും ഒന്ന് ഉത്തരമായി പറയുന്നു. എന്നാല്‍ ശരിയായ ഉത്തരം എ യും ബി യും ചേർന്നതാണെങ്കിലോ ?
“നമ്മുടെ ഉത്തരം പാതി മാത്രം ശരിയാവും”
“അപ്പൊ ആരാ ജയിക്കുന്നത്”
“ചോദ്യം ചോദിച്ച ആൾ.” ഞാന്‍ പറഞ്ഞു.
“അതെ… രണ്ട് ഉത്തരങ്ങളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു… ഒരുപക്ഷെ ഓപ്‌ഷൻസ് തന്നിലായിരുന്നെങ്കിൽ നമ്മൾ ശരിയുത്തരവും പറഞ്ഞേനെ… എന്നിട്ടും ചോദ്യം ചോദിച്ച ആൾ നമ്മളെ കബളിപ്പിക്കുകയാണ് ചെയ്തത്”

സത്യമറിയാന്‍ ഞാന്‍ തീരുമാനിച്ചു. മുറി പൂട്ടി വീട്ടില്‍ നിന്നും പുറത്തേക്കു പോവുമ്പോള്‍ വാതിലിന് ഇടയില്‍ ഒരു ചെറിയ കടലാസ് കക്ഷണം മടക്കി വെച്ചു. ആരെങ്കിലും വാതില്‍ തുറന്നിട്ടുണ്ടെങ്കില്‍ അത് നിലത്തുവീഴുമല്ലോ. കുറച്ചുസമയം കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോള്‍ കടലാസ് കക്ഷണം വാതിലിന്റെ ഇടയില്‍ തന്നെ ഉണ്ട്. പക്ഷെ…… വാതിലിന്റെ ലോക്കില്‍ നിന്നും താഴേക്ക് പതിനൊന്ന് സെന്റിമീറ്റര്‍ അളന്നാണ് ഞാന്‍ അത് വെച്ചിരുന്നത്. ഇപ്പോള്‍ അതായിരുന്നില്ല കണക്ക്. തിരിച്ചു വെച്ച ആള്‍ക്ക് കടലാസ് എവിടെ നിന്നാണ് വീണതെന്ന് മനസ്സിലാക്കാന്‍ കഴിയില്ലല്ലോ!
ലാപ്ടോപ്‌ ബാഗിന്റെ സിബ്ബുകള്‍ തമ്മിലുള്ള അകലം നാല് സെന്റിമീറ്റര്‍ ആയിരുന്നു. അതും മാറിയിട്ടുണ്ട്!
ഉത്തരമായി.

മെട്രോ പില്ലർ 909 ൽ വിക്റ്ററിനെ പ്രതീക്ഷിക്കേണ്ട സമയം എനിക്കറിയാമായിരുന്നു…. രാത്രി പത്തുമണിയ്ക്കും പത്തരയ്ക്കും ഇടയിൽ. ആ സമയമായിരുന്നല്ലോ എല്ലാത്തിന്റെയും തുടക്കം.
എന്റെ പിറകെയുള്ളവർക്ക് എന്നെയല്ല വേണ്ടത് വിക്റ്ററിനെയാണെന്ന് എനിക്കുറപ്പായിരുന്നു. ഞാനാണ് വിക്റ്ററിലേക്കുള്ള അവരുടെ പാലം. വിക്റ്ററിലേക്ക് എത്തും മുൻപ് അവരുടെ കണ്ണിൽ നിന്നും കാഴ്ചയിൽ നിന്നും ഞാൻ മറഞ്ഞിരിക്കണം. ഗോസ്റ്റിങ് എന്ന് വിളിക്കാം, ഒരു പ്രേതത്തെ പോലെ ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാവുക. ഒരർത്ഥത്തിൽ പണ്ട് വിക്റ്റർ ഞങ്ങളോട് ചെയ്തതും അതാണ്‌.
ജീവിക്കുന്ന ചുറ്റുപാടും അവിടെയുള്ള സകലതിനെയും ഞാൻ പൊതുവിൽ നിരീക്ഷിച്ചു വെക്കാറുണ്ട്. അത് വിക്റ്ററിനെ പോലെയൊരു അന്വേഷണകുതുകി ആയതുകൊണ്ടല്ലേ, എന്റെ കഥകൾ പിറക്കുന്നത് അതിൽ നിന്നൊക്കെയാണ്.
കലൂരിലെ വീടുള്ള സ്ട്രീറ്റിന്റെ തൊട്ടടുത്താണ് ജഡ്ജസ് അവന്യൂ… വീടുകള്‍ മാത്രമുള്ള ശാന്തവും നിശബ്ദവുമായ ഒരിടം. അവിടെ നാല് വീടുകളിൽ വളർത്തുനായ്ക്കളുണ്ട്. ആ നാലിന്റെയും പരിസരത്ത് ആല്ലാത്ത, റോഡിൽ കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന ഒരു സ്ഥലം ഞാന്‍ സ്പോട്ട് ചെയ്തു.
കുക്ക് മണിയേട്ടന്റെ ഫോണിൽ നിന്ന് കൂട്ടുകാരന്‍ ഷാനിനെ വിളിച്ച് രാത്രി ഒൻപത് മണിയാവുമ്പൊ അവിടെ ഏതെങ്കിലും ഒരു ബൈക്ക് കൊണ്ടുവെക്കാന്‍ പറഞ്ഞു. അതിനു താഴെ ചുരുട്ടിയ ഒരു കടലാസ്സിനുള്ളിൽ ആ വണ്ടിയുടെ ചാവിയും.
“ആർക്കും ഒരു സംശയം തോന്നരുത്. പേട്ട മെട്രോ സ്റ്റേഷന് അടുത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് അതുപോലെ ഞാനാ വണ്ടി വെക്കാം.”
ഷാന്‍ ആ ടാസ്ക് ഏറ്റെടുത്തു.

വീട്ടില്‍ നിന്ന് ഫ്രണ്ട് ഗേറ്റ് വഴി പുറത്തിറങ്ങിയാൽ ശരിയാവില്ല. ബാൽക്കണിയിൽ നിന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് ചാടി താഴേക്ക് ഇറങ്ങിയാൽ അവരുടെ പിറകുവശത്തെ ഗേറ്റ് വഴി ജഡ്ജസ് അവന്യൂവിലെത്താം. പക്ഷെ ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള ഒരു ചേച്ചിയുണ്ട്,
വവ്വാലിന്റെ ചെവിയും താറാവിന്റെ പേടിയുമാണ് അവർക്ക്.
സന്ധ്യയായശേഷം ഞാനവരെ പോയി കണ്ടു.
“ചേച്ചി ഞാനൊരു കാര്യം പറയാൻ വേണ്ടി വന്നതാ”
“എന്താ മോനെ?”
“ഇന്ന് രാത്രി ഞാനൊന്ന് നിങ്ങളുടെ വീടിന്റെ ടെറസ് വഴി താഴേക്ക് ഇറങ്ങി പിറകുവശത്തെ ഗെയിറ്റ് തുറന്ന് ഓടും… ഞാൻ ടെറസിലേക്ക് ചാടുന്ന ശബ്ദം കേട്ട് ചേച്ചി നിലവിളിക്കരുത്”
“നിന്റെ പിറകെ ആരെയെങ്കിലും ചാടിയാൽ നിലവിളിക്കാമോ?”
‘ചേച്ചീ….!’
“വേണ്ടെച്ചീ… ഞാൻ തന്നെ നിലവിളിച്ചോളും.”

രാത്രി ഒമ്പതരയായപ്പോള്‍ ഫോൺ റൂമില്‍ തന്നെ വെച്ച് ബാല്‍ക്കണിയില്‍ നിന്നും ആരും കാണാതെ മറ്റേ ബിൽഡിങ്ങിലേക്ക് ചാടി. ഞാൻ തിരിഞ്ഞു നോക്കി… ആരുമില്ല.
ചേച്ചിയുടെ നാക്ക് കരിന്നാക്കല്ല!
നിലവിളികളൊന്നും ഉണ്ടാക്കാതെ, ആരുടേയും കണ്ണിൽ പെടാതെ ഞാൻ ജഡ്ജസ് അവന്യൂവിലെത്തി, Successfully ghosted.
പക്ഷെ അവിടെയിരിക്കുന്ന മോട്ടോർസൈക്കിള്‍ കണ്ടു ഞാൻ ഞെട്ടിപ്പോയി, Kawazaki Versys 650 എന്ന സൂപ്പർബൈക്ക്!
ആഹാ… ആർക്കും ഒരു സംശയവും തോന്നില്ല,
ഒരാളുടെയും ശ്രദ്ധയിൽ പെടാതെ പോവാൻ പറ്റിയ വണ്ടി! ഇങ്ങനെയൊരു തിരുമണ്ടൻ, ഞാന്‍ ഷാനിനെ മനസ്സില്‍ സ്മരിച്ചു.

വേറെ ഓപ്ഷന്‍ ഇല്ല, കവാസാക്കി വേർസിസ് 650 തന്നെ. ഏറ്റവും രസമെന്തെന്നു വെച്ചാല്‍ സിംഗിൾ സിലിണ്ടർ മോട്ടോർ സൈക്കിളിൽ നിന്ന് മൾട്ടി സിലിണ്ടറിലേക്ക് അപ്ഗ്രെഡ് ചെയ്യാന്‍ വേണ്ടി ഞാന്‍ കണ്ടുവെച്ചിരിക്കുന്നത് ഇതേ വണ്ടിയാണ്. ആ ബൈക്കിന് ഇടാൻ വെച്ചിരിക്കുന്ന ഒരു പേരുമുണ്ട്, ‘The Ghost’, അത് തന്നെയാണ് ഞാന്‍ ആക്റ്റീവായിട്ടുള്ള ഒട്ടോമോട്ടീവ് ഫോറം Team Bhp യിലെ എന്റെ ഹാന്റിലും നെയിമും.
Why does this story resonate with me and motorcycles so much! കാരണങ്ങൾ എന്തെന്നറിയാതെ, എന്റെ പാസ്റ്റും ഫ്യൂചറും പലയിടത്തും ഇതുമായി ലിങ്ക് ആവുന്നുണ്ട്.

വേർസിസിൽ പേട്ട മെട്രോ സ്റ്റേഷന് അടുത്തെത്തി വണ്ടി അവിടെ വെച്ച ശേഷം, മെയിൻ റോഡ് എടുക്കാതെ ഊടു വഴികളിലൂടെ ഞാൻ മെട്രോ പില്ലർ നമ്പർ 909 ന് അരികെയെത്തി.
909 ഒന്നല്ല, രണ്ടു പില്ലറുകളുണ്ട്… റോഡിനു ഇരുവശവുമായി 909R & 909L. ഞാൻ അവ രണ്ടിനുമിടയിലായി നിന്നു. അധികം താമസിയാതെ ഒരു ഓട്ടോ വന്നു എന്റെ മുന്നിൽ ഞാൻ കൈ കാണിക്കാതെ തന്നെ നിർത്തി. സ്വാഭാവികമായും അത് വിക്റ്റർ പറഞ്ഞു വിട്ടതാണ് എന്നല്ലേ നമ്മൾ ചിന്തിക്കുക, ഞാൻ കയറി. വണ്ടി നീങ്ങി തുടങ്ങിയശേഷം ഓട്ടോ ഡ്രൈവർ “ഹിൽ പാലസിലേക്ക് അല്ലേ?” എന്ന് ചോദിച്ചു.
ഞാൻ അതേയെന്നു പറഞ്ഞു.
ചിലപ്പോൾ അതൊരു കോഡ് ആയിരിക്കാം… അതല്ലെങ്കിൽ എനിക്ക് തെറ്റിയതായിരിക്കാം. ഹിൽ പാലസ് ഭാഗത്ത് വല്ല ഉത്സവമോ പരിപാടിയോ നടക്കുന്ന ദിവസമാണെങ്കില്‍ ധാരാളം യാത്രക്കാർ സഞ്ചരിക്കുന്നത് കൊണ്ടുമാവാലോ ആ ചോദ്യം വന്നത്. ഞാൻ അയാളോട് അതെയെന്ന് പറഞ്ഞും പോയി.

വണ്ടി തേർഡ് ഗിയറിലേക്ക് മാറ്റും മുൻപ് തന്നെ ആ ഓട്ടോ ഡ്രൈവർ സംസാരം തുടങ്ങി.
“സാറേ പണ്ട് ഒരു രാത്രി എനിക്ക് നിങ്ങള് കേറിയ അതേ പില്ലറിന്റ അവിടെ നിന്നൊരു ഓട്ടം കിട്ടിയിട്ടുണ്ട്”
അയാളുടെ ഇടിച്ചുകയറിയുള്ള സംസാരം കേട്ട് എനിക്ക് അബദ്ധം പിണഞ്ഞോ എന്ന് സംശയം തോന്നിത്തുടങ്ങി.
“ഒരു കോൾ വന്നപ്പോ ഓട്ടോ നിർത്തി സംസാരിച്ച് വെച്ചശേഷം ഞാൻ ഒരു സിഗരറ്റ് കത്തിച്ചതേയുണ്ടായിരുന്നുള്ളൂ…. ഒരു പെൺകുട്ടി വണ്ടിയുടെ പുറകിൽ നിന്ന് വന്നു അകത്തു കയറി, ‘ഉദയംപേരൂർ’ എന്ന് പറഞ്ഞു. ഞാൻ സിഗരറ്റ് കുത്തികെടുത്താൻ നോക്കിയപ്പോൾ,
“കത്തിച്ചതല്ലേയുള്ളൂ ചേട്ടാ, വെറുതെ കളയണ്ട” എന്ന് പറഞ്ഞു അവൾ ആ സിഗരറ്റ് എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു.
ആദ്യമായിട്ടാണ് സാറേ, ഒരു പെൺകുട്ടി നമ്മുടെ കയ്യിൽ നിന്ന് സിഗരറ്റൊക്കെ വാങ്ങി വലിക്കുന്നത്. ആ പുഞ്ചിരിയോടെ ഞാൻ വണ്ടി സ്റ്റാർട് ചെയ്തു. ”
കഥ ആര് പറഞ്ഞാലും അതിന്റെ ബാക്കി അറിയാൻ നമുക്കൊരു ആകാംഷയുണ്ടാവും, ഞാൻ ചോദിച്ചു,
“എന്നിട്ട്?”
“പിന്നെ ഞാൻ എന്റെ കണ്ണ് ബ്ലിങ്ക് ചെയ്തപ്പോ വണ്ടി അവിടെ തന്നെ കിടക്കുന്നു, വണ്ടിയുടെ പുറകിൽ ആരുമില്ല….. സിഗരറ്റ് എന്റെ കയ്യിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്, പക്ഷെ അത്, കത്തിതീർന്നിരിക്കുന്നു!”
I am hooked!
“എനിക്കുറപ്പാണ് സാർ അവൾ എന്റെ തോന്നൽ ഒന്നും ആയിരുന്നില്ല… ഞാൻ സിഗരറ്റ് വലിച്ചതായി എന്റെ ഓർമ്മയിലും ഇല്ല. പിന്നെന്താവും സർ സംഭവിച്ചിട്ടുണ്ടാവുക? അതൊരു പ്രേതമായിരിക്കോ, അതോ എന്റെ മനസ്സിന് എന്തെങ്കിലും പറ്റിയതായിരിക്കോ?”
ഞാൻ ഒരു നിമിഷത്തെ നിശബ്ദതയെടുത്തു.
“യുക്തി നോക്കാതിരിക്കുകയാണെങ്കിൽ ആ പെൺകുട്ടി ഒരു പ്രേതം തന്നെ ആയിരിക്കും… യുക്തിയോടെ ചിന്തിക്കുകയാണെങ്കിൽ അവൾ Anterograde Amnesia ഉണ്ടാക്കുന്ന എന്തെങ്കിലും കെമിക്കല്‍ പ്രയോഗിച്ചിട്ടുണ്ടാവണം. കുറച്ചുനേരത്തേക്ക് നമ്മുടെ തലച്ചോറിന് പുതിയ ഓർമ്മകൾ ഒന്നും സേവ് ചെയ്യാൻ പറ്റില്ല, എല്ലാം മാഞ്ഞുപോയിരിക്കും. എന്നിട്ട് അവൾ ആ സിഗരറ്റ് നിങ്ങളുടെ കയ്യിൽത്തന്നെ തിരികെ വെച്ചിട്ട് നടന്നുപോയിക്കാണും.”
ഞാനാ ഓട്ടോ ഡ്രൈവർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയായിരുന്നു.
“യഥാർത്ഥ ഉത്തരം വേറെയാണെങ്കിലോ, ഓപ്ഷൻ A യും ഓപ്ഷൻ B യും കൂടിച്ചേർന്ന ഒന്ന്”
അയാൾ അവിടെ ഓട്ടോ നിർത്തി. എന്നിട്ടെന്നെ തിരിഞ്ഞുനോക്കി.
വിക്റ്റർ!!
“Welcome back”

 

Part 04

നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്. ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

 

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും വിക്റ്ററിന് വഴികാണിച്ചുകൊണ്ട് ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

 

കൊച്ചി മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു…. വിക്റ്റർ ഓടിക്കുന്ന ഓട്ടോ സാമാന്യം നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അത് വേണമായിരുന്നു എന്ന് എനിക്കും തോന്നി. വിക്റ്ററിൽ നിന്നും എനിക്കറിയാൻ കാര്യങ്ങൾ ഒരുപാടുണ്ട്.

തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോ പില്ലറുകൾ അവസാനിച്ചപ്പോൾ വിക്റ്റർ എന്നോട് ചോദിച്ചു, “അന്ന് നമ്മളെ സഹായിച്ച അവര് വന്ന മോട്ടോർസൈക്കിൾ ഏതാണെന്നു ഓർമ്മയുണ്ടോ?”

“ഇല്ല…”

“ഞാൻ നോക്കിയിരുന്നു, Yamaha RD 350. നമ്പർ KRF 1126. അവർ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത നിമിഷം മുതൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷെ എന്‍റെ ചോദ്യങ്ങളിൽ നിന്നൊക്കെ അവൻ വിദഗ്തമായി ഒഴിഞ്ഞുമാറുകയാണുണ്ടായത്. അവൻ പോവാൻ നേരം കാണിച്ച എയർമാർഷൽ സിഗ്നലിൽ ആസ്വഭാവികമായ എന്തോ ഉണ്ടെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു…”

ഇരുമ്പനത്തു നിന്നു വിക്റ്റർ ഓട്ടോ റൈറ്റിലേക്ക് എടുത്തു.

“പിറ്റേ ദിവസം ഞാൻ പോയത് ഇൻസ്റ്റിട്ട്യൂട്ടിലേക്കായിരുന്നില്ല… ആ വണ്ടിയുടെ നമ്പർ അന്വേഷിച്ചായിരുന്നു. അത് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ വണ്ടിയായിരുന്നു”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ എന്‍റെ മനസ്സിൽ ഒരു സംശയമുണ്ടായി. “സെക്കന്റ് ഹാന്റ് മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള, വളരെ റെയർ ആയ RD 350 എന്ന വണ്ടിയൊക്കെ ആരെങ്കിലും വാടകയ്ക്ക് കൊടുക്കുമോ? അതിലെന്തോ ഉണ്ടല്ലോ വിക്റ്റർ”

അവൻ പുഞ്ചിരിച്ചു, എന്തോ ഒളിപ്പിച്ചു വെച്ചിട്ടുള്ളപോലെ… “അതിന്റെ ഉത്തരം ഞാൻ പിന്നീട് പറയാം….”  Race Derived 350 എന്ന RD 350 ക്ക് അതിറങ്ങിയ കാലത്തുണ്ടാക്കിയ അപകടമരണങ്ങൾ കൊണ്ട് ഒരു ഇരട്ടപ്പേര് വീണിട്ടുണ്ടായിരുന്ന കാര്യം ഞാൻ മനസ്സിലോർത്തു, Rapid Death!

വിക്റ്റർ തുടർന്നു, “പിറ്റേ ദിവസം, നീ കൊണ്ടുവന്ന പത്രത്തിലുണ്ടായിരുന്ന ഏകാക്ഷരയും ശ്രീധന്യയുടെയും അപകട വാർത്തയ്ക്ക് പിറകെയാണ് ഞാൻ സഞ്ചരിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അങ്ങനെയൊരു മരണം വേറെ എവിടെയും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു… അവരുടെ മൃതശരീരങ്ങളും കണ്ടെടുക്കപ്പെട്ടിട്ടില്ല. ആ വാർത്ത ഒരു ചൂണ്ടയായിരുന്നു… കൊത്തിയത് ഞാനും!”

തൃപ്പൂണിത്തുറ ഹിൽപാലസ് പിന്നിട്ട ഉടനെ ചോറ്റാനിക്കര റോഡിൽ ഒരിടത്ത് വിക്റ്റർ ഓട്ടോ ഒതുക്കി നിർത്തി. അൻപത്തിനാല് ഏക്കറിൽ പരന്നുകിടക്കുന്ന ആ കൊട്ടാരമായിരുന്നു വിക്റ്ററിന്‍റെ ഡെസ്റ്റിനേഷൻ എന്നെനിക്ക് മനസ്സിലായി. തൃപ്പൂണിത്തുറ ഹിൽ പാലസും ഞാനും തമ്മിലൊരു ബന്ധമുണ്ട്… ഞാനീ നാഡീ ജ്യോൽസ്യം പരീക്ഷിച്ചിട്ടുണ്ട്. അന്നെടുത്ത ഓലയിൽ എന്‍റെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ജോലിചെയ്തിരുന്നത് തൃപ്പൂണിത്തുറ കൊട്ടാരത്തിലായിരുന്നെന്നും, വിഷം തീണ്ടിയിട്ടായിരുന്നു എന്‍റെ മരണം എന്നും വായിച്ചിട്ടുണ്ട്. പിന്നെ… നാലാം വയസ്സിൽ എന്‍റെ ജീവിതത്തിലാദ്യമായി ഞാൻ തിയേറ്റർ പോയി കണ്ട സിനിമ ഹിൽ പാലസിൽ ഷൂട്ട് ചെയ്ത മണിച്ചിത്രത്താഴും! കാലമാണോ അതോ നമ്മുടെയൊക്കെ പ്രായമാണോ മുന്നോട്ട് സഞ്ചരിക്കുന്നത്??

അവിടെ കാവലുള്ള സെക്യൂരിറ്റികൾ കാണാതെ ഞങ്ങൾ മതില് ചാടി കൊട്ടാരത്തിന്റെ കൊമ്പൗണ്ടിന് അകത്ത് കടന്നു. പാതി നിലാവിൽ നിറഞ്ഞു നിൽക്കുന്ന കൊച്ചിയുടെ കൊട്ടാരം! സുജാതാ മോഹൻ ആഹിരി രാഗത്തിൽ ‘ഒരു മുറൈ വന്ത് പാരായോ’ പാടുന്നത് മനസ്സിൽ കേൾക്കാമായിരുന്നു. പുത്തൻ മാളികയുടെ സമീപത്തെ വഴിയിലൂടെ ഒച്ചയുണ്ടാക്കാതെ ഞങ്ങൾ കുറച്ചു ദൂരം നടന്നു. “പണ്ട് രാജാക്കന്മാർ ഉണ്ടാക്കിവെച്ച രഹസ്യ പാതകളൊക്കെ ഞങ്ങളെപ്പോലെ ഉള്ളവരാണ് ഇപ്പൊ ഉപയോഗിക്കുന്നത്”.

“ഞങ്ങൾ എന്ന് പറഞ്ഞാൽ?” വിക്റ്റർ അതിനുള്ള ഉത്തരം പറയുമ്പോഴേക്കും ഞങ്ങൾ കൊട്ടാരത്തിനു പിറകിലെ മാൻ പാർക്കിൽ എത്തിയിരുന്നു. അവിടുന്ന് കുറച്ചു മീറ്റർ ഇടത്തേക്ക് നടന്ന് ഹെറിട്ടേജ് മ്യൂസിയത്തിനും കുളത്തിനും അടുത്തായിട്ടുള്ള ഒരു ഡ്രൈനെജ് സ്ലാബ് വിക്റ്റർ മാറ്റി… അതൊരു ഭൂഗർഭ വഴിയായിരുന്നു!അതിനുള്ളിൽ കയറിയതും കണ്ണുകളിൽ ഇരുട്ട് പരന്നു. അടുത്തുനിന്നാണോ അകലെ നിന്നാണോ എന്നറിയാതെ വിക്റ്ററിന്റെ ശബ്ദം എനിക്ക് ചുറ്റും മുഴങ്ങി, “ഇനി കുറച്ചുനേരം നീ കാണുന്നതും കേൾക്കുന്നതുമൊന്നും നിന്റെ ഓർമ്മയിൽ ഉണ്ടാവില്ല… സോറി”

ഞാൻ കണ്ണ് തുറക്കുന്നത് ഏതോ തേയിലതോട്ടത്തിന് നടുവിലുള്ള പൂട്ടിയിട്ട ഒരു വീട്ടിനുള്ളിലാണ്. സ്ഥലകാലങ്ങൾ മനസ്സിലാക്കിയെടുക്കാൻ എൻറെ കയ്യിൽ ഫോണും ഇല്ലായിരുന്നല്ലോ. വിക്റ്ററിന്റെ ഒരു കുറിപ്പും കഴിക്കാനുള്ള ഭക്ഷണവും ആ മാത്രമാണ് ആ വീട്ടിൽ എന്നെ കൂടാതെ ഉണ്ടായിരുന്നത്. ‘ഇന്ന് നീ ഇവിടെ കഴിയുക… ഞാൻ നാളെ രാവിലെ തിരിച്ചെത്തും’. വിക്റ്റർ ഇപ്പോൾ ഏതോ അജ്ഞാത സംഘടനയിലാണ് ഉള്ളത് എന്ന് ഞാനൂഹിച്ചു. ആ ‘ഞങ്ങൾ’ അവരാണ്!

ഹിൽപാലസിൽ ഞങ്ങൾ അസമയത്ത് കയറിയത് അവിടുത്തെ ആളുകളുടെ കണ്ണ് വെട്ടിച്ചിട്ടാണോ ആതോ അവർ കണ്ടിട്ടും ഞങ്ങളെ ‘കാണാതിരുന്നതാണോ’ എന്നെനിക്ക് ഇപ്പോൾ സംശയമുണ്ട്. എന്തായാലും രണ്ടായിരത്തിപന്ത്രണ്ടിൽ അപ്രത്യക്ഷനായ വിക്റ്റർ അവിടെനിന്നൊരുപാട് വളർന്നിട്ടുണ്ട്. രാത്രി വരെ, കഴിഞ്ഞ കാര്യങ്ങൾ പലകുറി റീവൈന്റ് ചെയ്തിട്ടും ഞാൻ ഇരുട്ടിൽ തന്നെയായിരുന്നു.

പിറ്റേദിവസം രാവിലെ കണ്ണ് തുറപ്പോൾ വിക്റ്റർ എന്റെ മുറിയിലുണ്ടായിരുന്നു. “നമ്മളിപ്പോ എവിടെയാണ്?”. “കുറെ ദൂരെയാണ്… ഊഹിക്കാൻ പറ്റുമോ?”, വിക്റ്റർ എനിക്കൊരു ചാലഞ്ച് തന്നു. ടീ പ്ലാന്റെഷനും കോടമഞ്ഞുമുള്ള ഒരു ഹൈ റേഞ്ച്… അത് ഏതുമാവാം നെല്ലിയാമ്പതി, പീരുമേട്, മൂന്നാർ, ബോണക്കാട്…. അങ്ങനെ ഏതും. “പക്ഷെ ഇത് വയനാട് ആണ്”. വിക്റ്റർ ചിരിച്ചു, “എങ്ങനെ കണ്ടുപിടിച്ചു?”. ഒരു ദിവസമായി ഞാനിവിടെ. ഇതേവരെ ഒരു വിമാനത്തിന്റ ശബ്ദം പോലും കേട്ടിട്ടില്ല…. എന്റെ അറിവിൽ ഇക്കൂട്ടത്തിൽ സിവിൽ ഏവിയേഷൻ ഫ്ലൈറ്റ് റൂട്ട് ഇല്ലാത്ത ഒരേയൊരു സ്ഥലം വയനാടിന്‍റെ കർണ്ണാടകയോട് ചേർന്നുക്കിടക്കുന്ന പ്രദേശങ്ങളാണ്”. വിക്റ്റർ ക്ലാപ് ചെയ്തു, “impressive.” “വിക്റ്റർ, നമ്മൾ എന്താണിവിടെ?”

“ഞാനൊരു കഥ പറയാം…. വയനാട്ടിൽ പണ്ട്, ലേറ്റ് സെവന്റീസിലും ഐറ്റീസിലുമൊക്കെ സജീവമായ ഒരു റിസോർട്ട് ഉണ്ടായിരുന്നു, ആയിരം ഏക്കർ പ്രൈവറ്റ് ഫോറസ്റ്റ് ന് നടുവിലുള്ള ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. അവര് ഓഫർ ചെയ്തിരുന്നത് പ്രൈവസി ആയിരുന്നു. ഇന്ത്യയിൽ കാലുകുത്തിയാൽ വരെ വാർത്തയാവുന്ന ലോക നേതാക്കന്മാരും പുറത്തുനിന്നുള്ള സെലിബ്രിറ്റികളും, എയർ സിഗ്നൽസ് ഒഴിവാക്കിയുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലോ ചോപ്പറുകളിലോ വന്ന് ആ റിസോർട്ടിൽ താമസിച്ച്, ഒരു പാപ്പരാസികളുമറിയാതെ തിരിച്ചുപോവാറുണ്ടായിരുന്നു.”

വിക്റ്റർ പറഞ്ഞുകയറുന്നത് എവിടെക്കാണെന്ന് എനിക്ക് മനസ്സിലായില്ല. അവന്റെ കഥ തുടർന്നു… “1989ലാണ് ആ റിസോർട്ട് പൂട്ടുന്നത്. അവിടെ അവസാനത്തെ താമസക്കാരായി ചെന്നത് ഈജിപ്തിൽ നിന്നുള്ള രണ്ടു നിധിവേട്ടക്കാരാണ്. ബാംഗ്ലൂരിൽ നിന്ന് ഒരു മോട്ടോർസൈക്കിൾ റെന്റിനു എടുത്തിട്ടാണ് അവർ വയനാട്ടിലേക്ക് സഞ്ചരിച്ചത്. അവർ എത്തിയതിന്‍റെ പിറ്റേന്ന്, അവർ രണ്ടുപേരും, പിന്നെ റിസോർട്ടിലുണ്ടായിരുന്ന ഇരുപത്തിനാല് ജീവനക്കാരും ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷരായി! ഇവിടുത്തെ എല്ലാ സിസ്റ്റവും വര്ഷങ്ങളോളം അന്വേഷിച്ചിട്ടും ഇതേവരെ അവരെക്കുറിച്ച് ഒരു തുമ്പോ തെളിവോ കിട്ടിയിട്ടില്ല.” “ആ റിസോർട്ടും നമ്മളും തമ്മിൽ എന്താണ് ബന്ധം?”

വിക്റ്റർ ഒന്ന് പുഞ്ചിരിച്ചു. “അന്ന് ആ ഈജിപ്തുകാർ വാടകയ്ക്ക് എടുത്തത് ഒരു RD 350 മോട്ടോർ സൈക്കിൾ ആയിരുന്നു…. നമ്പർ KRF 1126! അന്ന് അപ്രത്യക്ഷരായ റിസോർട്ട് ജീവനക്കാരുടെ കൂട്ടത്തിൽ ബാംഗ്ലൂരിൽ നിന്നുള്ള ഒരു ചെക്കനും പെണ്ണും ഉണ്ടായിരുന്നു. അവളുടെ പേര് ശ്രീധന്യ, അവന്‍റെ പേര്…… ഏകാക്ഷര! 1989ൽ അവരെ കാണാതെയാവുന്ന പ്രായത്തിൽ തന്നെയാണ് 2012 ൽ നമ്മൾ അവരെ കണ്ടത്!! പത്തു വർഷങ്ങൾക്ക് ശേഷം 2022ൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ട രാത്രി അവരെ കണ്ട നിന്റെ കൂട്ടുകാരൻ വിഷ്ണുവിനോടും ചോദിച്ചു നോക്ക്, അവർക്കിപ്പോഴും…. അതേ പ്രായമായിരിക്കും!”

 

Part 05

ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു. ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു… പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു. “ഇതിലേക്ക് മാറിയോ?” ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്. ‘I am a part of all that I have met.’

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി… “ലോകത്ത് പലയിടത്തും സാമൂഹികമായും സംസ്കാരികമായും രാഷ്ട്രീയമായും നടന്ന പല സംഭവങ്ങളിലും ഈ ഏജൻസിക്ക് പങ്കുണ്ട്, ഇവിടെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ചില ഹൈ പ്രൊഫൈൽ ക്ലയ്ന്റസിന്റെ തീരുമാനങ്ങൾക്ക് വേണ്ട ഇടപെടലുകൾ നടത്തുകയായിരുന്നു ഞങ്ങളുടെ ജോലി. നിങ്ങളൊക്കെ കരുതുന്നത് പോലെ ഈ ലോകം അതിന്റെ പാട്ടിനു മുന്നോട്ട് പോകുന്നതല്ല… ഇങ്ങനെ ചിലരാണ് ലോകവും മനുഷ്യരും എന്തു ചെയ്യണമെന്നും, എങ്ങനെയാവണം എന്നൊക്കെ തീരുമാനിക്കുന്നത്. നമ്മളീ കണ്മുന്നിൽ കാണുന്ന സത്യങ്ങളെല്ലാം കുറെ അസത്യങ്ങളുടെ റിഫ്ളക്ഷനാണ്…” വിക്റ്റർ അത്രയും പറഞ്ഞപ്പോൾ, ചില നിഗൂഢതകൾ നിഗൂഢതകളായിത്തന്നെ തുടരുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

“പത്തുവർഷമായിരുന്നു എന്റെ കോണ്ട്രാക്റ്റ്… കഴിഞ്ഞ വർഷം അതവസാനിച്ചപ്പോൾ റിന്യൂ ചെയ്യാതെ ഞാൻ ഇറങ്ങി. സാധാരണ പുറത്ത് വന്നാലും നമ്മൾ അവരുടെ ക്ളോസ് സർവയ്ലൻസിലായിരിക്കും, ഞാൻ പക്ഷെ ഗോസ്റ്റ് ചെയ്തു. ആർക്കും പിടി കൊടുക്കാതെ  സഞ്ചരിച്ചുകൊണ്ടിരുന്നു. വേറൊന്നിനുമല്ല, എന്റെയുള്ളിലുണ്ടായിരുന്ന ഒരു ട്രാവലറിനെ തൃപ്തിപ്പെടുത്തണമായിരുന്നു എനിക്ക്…  സംഘടനയ്ക്ക് ഇപ്പോൾ എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം… അതായിരിക്കാം അവർ നീ വഴി എന്നിലേക്ക് എത്താൻ ശ്രമിച്ചത്. “ചിലപ്പോൾ ഏകാക്ഷരയുടെ കേസ് തന്നെ ആണെങ്കിലോ…?” ഞാൻ ചോദിച്ചു. “ആവാം… ആവാതിരിക്കാം, ഞാൻ എന്തായാലും അവർക്ക് മുന്നിലേക്ക് പോവുകയാണ്, അതിനു മുമ്പായി നിന്നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി, ഇനി ഈ കളത്തിലും കളിയിലും നീ ഉണ്ടാവില്ല”. വിക്റ്റർ പറഞ്ഞു നിർത്തി. കുറെ ഒക്കെ ഭാരം ഒഴിഞ്ഞതുപോലെ തോന്നി എനിക്ക്.

 

എന്നെ തിരിച്ചു ബസ് കയറ്റി വിടാൻ വേണ്ടി മാനന്തവാടിയിലേക്കുള്ള കാർ യാത്രയിലാണു വിക്റ്റർ തന്‍റെ അന്വേഷണത്തെ പറ്റി പറയുന്നത്… “ഈജിപ്ഷ്യൻ ട്രഷറർ ഹണ്ടേഴ്സ് രണ്ടുപേരും വയനാടൻ കാടുകളിൽ എത്തിയത് നിധി തേടിയിട്ടായിരുന്നില്ല എന്ന് ഞാൻ കണ്ടുപിടിച്ചു… നിധിയേക്കാൾ വിലപിടിപ്പുള്ള ഒരു മനുഷ്യനെ തേടി ആയിരുന്നു! പക്ഷെ ഇടയ്ക്ക് വെച്ച് അവരുടെ മിഷനിൽ എന്തോ തെറ്റ് പറ്റി, അപ്പുറത്തുള്ളവർ കളിച്ചതാവാനും മതി, കളിച്ചത് സമയം കൊണ്ടായിരുന്നു… TIME! ഞാൻ കണ്ടെത്തുന്ന വിവരങ്ങൾ അങ്ങോട്ട് റിപ്പോർട്ട് ചെയ്യുക എന്നതല്ലാതെ ഓർഗനൈസേഷൻ കണ്ടെത്തിയ വിവരങ്ങൾ ഞാനുമായി ഷെയർ ചെയ്യുന്ന ഒരു രീതി അവിടെ ഉണ്ടായിരുന്നില്ല. എന്‍റെ അന്വേഷണം എട്ടുമാസം പിന്നിട്ടപ്പോൾ മുകളിൽ നിന്നും വന്ന ഒരു എമർജൻസി മെസേജിൽ എല്ലാം സ്റ്റോപ്പ് ചെയ്യുകയായിരുന്നു.”

വിക്റ്ററിന്‍റെ കാറും, ഞങ്ങളും മാനന്തവാടി ഡിപ്പോയ്ക്ക് മുമ്പിലെത്തി. വണ്ടി നിർത്തിയശേഷം അവൻ എന്‍റെ മുഖത്തേക്ക് നോക്കി, “അന്നത്തെ ആ ഇൻസിഡന്റും, നീയും എന്‍റെ ജീവിതത്തിലേക്ക് ഇതുപോലെ തിരിച്ചു വരുമെന്ന് ഞാൻ കരുതിയിരുന്നില്ല… പക്ഷെ ഒരു കാര്യം ഉണ്ടെടാ, ഏകാക്ഷരയും ശ്രീധന്യയും RD 350 എന്ന മോട്ടോർ സൈക്കിളും… ഇലവേറ്റഡ് ടോൾവേയിൽ പ്രത്യക്ഷപ്പെടുന്നതിനു പിറകിൽ ഒരു രഹസ്യമുണ്ട്, എന്തിനാണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ലാത്ത ഒരു രഹസ്യം!”

ഇതുവരെ എഴുതാതെ ഇരുന്ന ഒരു കാര്യം അപ്പോൾ ഞാൻ അവനോടു പറഞ്ഞു, “വിക്റ്റർ, കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിനാണ് തൃശൂർ വെച്ച് എനിക്കാ അനുഭവം ഉണ്ടാവുന്നത്… നമ്മൾ 2012ൽ ഇലവേറ്റഡ് ടോൾവേയിൽ വെച്ച് അവരെ കണ്ടതും, വിഷ്ണു 2022 ൽ കണ്ടതും ഒരു സെപ്റ്റംബർ പതിനൊന്നിന് ആയിരുന്നു…  ആൻഷ്യന്റ് ഈജിപ്ഷ്യൻ കലണ്ടർ പ്രകാരം അവരുടെ വർഷം ആരംഭിക്കുന്ന ദിവസം!” വിക്റ്ററിന്റെ മുഖത്ത് ആദ്യമായി ഭയം കതിരിടുന്നത് ഞാൻ കണ്ടു. കണ്ണുകളിൽ ആ ഭയത്തിന്റെ കണ്ണുനീര് നിറയുന്നതും… എനിക്കൊന്നും തന്നെ മനസ്സിലായില്ല. “എന്തേ?”. “അപ്പോൾ ഞാൻ ഉദ്ദേശിച്ചവർ അല്ല നിന്‍റെ പിറകെയുള്ളത്!” അവൻ ധൃതിയിൽ ഫോണെടുത്ത് വിറച്ചുകൊണ്ട് ആർക്കോ ഒരു ടെക്സ്റ്റ് മെസേജ് അയച്ചു. “ഞാന്‍ ഭയപ്പെട്ടിരുന്ന ഒരു കാര്യം സംഭവിക്കാന്‍ പോവുന്നു!ഞാൻ എന്‍റെ സംഘടനെയെയാണ് തുടക്കം മുതൽ സംശയിച്ചത്… തെറ്റിപ്പോയി.” അവൻ തലയിൽ കൈ വെച്ചു, “അല്ലെങ്കിലും ഈ ഒരു കേസിൽ തുടക്കം മുതൽ എൻറെ ഊഹങ്ങളും കണ്ടെത്തലുകളും ഒക്കെ തെറ്റികൊണ്ടിരിക്കുകയാണ്” വിക്റ്റർ ഡ്രൈവിങ് സീറ്റിൽ ഇരുന്നു ഭ്രാന്തമായി അലറി!

കെ എസ് ആർ ട്ടി സിയിൽ ചുരമിറങ്ങുമ്പോൾ, വിക്റ്റർ പിരിയാൻ നേരം പറഞ്ഞത് മാത്രമാണ് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നത്.. “ആരായാലും അവർ നിന്നെ തേടിവരും… രണ്ടു ദിവസം അവരുടെ കൺവെട്ടത്ത് നിന്നും നീ മാറിയത് അവർക്കറിയാൻ പറ്റും, നീ എന്‍റെ കൂടെയായിരുന്നു എന്നുള്ളതും… ഉറപ്പായും അവർ നിന്നെ തേടിയെത്തും!”

വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് പകൽ നിനച്ചിരിക്കാതെ എനിക്കൊരു ഇന്റർനെറ്റ് കോൾ വന്നു… വിക്റ്റർ എങ്ങനെയാണ് ബന്ധപ്പെടാൻ പോവുന്നത് എന്നറിയാതെ ഇരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ മുറിക്ക് അകത്ത് കയറി വാതിലും ജനാലകളും കൊട്ടിയടച്ച് ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. പക്ഷെ വിളിച്ചത് വിക്റ്റർ അല്ല, കൂട്ടുകാരൻ ജിതിനായിരുന്നു. മധ്യപ്രദേശിലെ ഉജ്ജ്യയിനിൽ ഒരു ഹോം ഓട്ടോമേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അവൻ. ഞാൻ മുറിയിലെ കട്ടിലിൽ ഇരുന്നു. അധികം നീണ്ടു നിൽക്കാത്ത ഒരു കുശലന്വേഷണത്തിന് ശേഷം അവൻ നേരെ കാര്യത്തിലേക്ക് കയറി. “എടാ നിനക്ക് ആർത്താറ്റ് അറിയുമോ?”. “ഉം… കുന്നംകുളത്തിന് അടുത്തുള്ളതല്ലേ, നമ്മള് ഗുരുവായൂർ പോവുമ്പോ കണ്ടിട്ടുണ്ട്.. എന്തെ?”. “എന്‍റെ കമ്പനിക്ക് ഈ അടുത്ത് അവിടെ നിന്നും ഒരു വർക്ക് വന്നു…. ഒരു വീട്ടിലെ കുറച്ചു സ്ഥലം മോഷൻ സെൻസിങ്ങ് അലാം ചെയ്യാൻ വേണ്ടി. ഞാൻ ആണെങ്കിൽ നാട്ടിൽ വരാൻ ഒരു കാരണം നോക്കി ഇരിക്കുകയായിരുന്നു… പക്ഷെ അവർക്ക് ശക്തമായൊരു ഡിമാന്റ്, പണിക്ക് വരുന്നത് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആരെങ്കിലും തന്നെ ആവണം, ആളിന്റെ പേരും ഐഡിയും നേരത്തെ തന്നെ അയച്ചു കൊടുത്ത് അവരുടെ അപ്രൂവൽ എടുക്കണമെന്നും.  എന്റെ സ്വഭാവം നിനക്കറിഞ്ഞൂടെ, അപ്പൊത്തന്നെ എനിക്ക് പൊട്ടി… വീട് അല്ലേ, റിസർവ് ബാങ്ക് ഒന്നും അല്ലല്ലോ: ഞാൻ എം ഡിയുടെ സമ്മതവും വാങ്ങി എന്റെ ഫെയ്ക് ഐഡി ഉണ്ടാക്കി അവരുടെ സ്‌ക്രീനിങ്ങും പാസായി ഒരു നോർത്ത് ഇന്ത്യക്കാരൻ ആയിട്ട് അവിടെ പണിക്ക് പോയി” അത്രയുമായപ്പോൾ എനിക്ക് വേണ്ട എന്തോ ഒന്ന് ജിതിൻ പറഞ്ഞു വരുന്നുണ്ടെന്നു എനിക്ക് തോന്നിത്തുടങ്ങി.

“എന്നിട്ട്?”.

“കണ്ടാൽ തന്നെ നല്ല ചിക്കിളി ഉണ്ടെന്നു ഉറപ്പിക്കാവുന്ന ഒരു പഴയ തറവാട്ടിൽ, നിലവറയ്ക്ക് അകത്തായിരുന്നു ജോലി. പക്ഷെ നിലവറയ്ക്ക് ഉള്ളില് ഞാൻ ഊഹിച്ചത് ആയിരുന്നില്ല പരിപാടി… സ്വത്തും പണ്ടവും ഒന്നുമല്ല, എന്തൊക്കെയോ വെച്ചാരാധനകളും കർമങ്ങളും ഒക്കെയാണ് അവിടെ. ഒരു പത്തെഴുപത്തിയഞ്ചു വയസ്സൊക്കെയുള്ള,  ഭ്രമയുഗത്തിലെ മമ്മൂക്കയെ പോലെ ഒരു ചെങ്ങായി ആയിരുന്നു അവിടുത്തെ മെയിൻ. ഈ വക വശപിശക് ഒക്കെ മണത്തത് കൊണ്ട് ഞാൻ ഹിന്ദി അല്ലാതെ ഒരു വാക്ക് മിണ്ടിയില്ല. ഇവര് രഹസ്യങ്ങള് പുറത്ത് പോകാതിരിക്കാൻ ഡിവൈസുകൾ വാങ്ങി സ്വന്തമായി ഒന്ന് സെറ്റ് ചെയ്യാൻ ശ്രമിച്ച് പാളിയശേഷമാണ് നോർത്ത് ഇന്ത്യക്കാരെ തപ്പി ഇറങ്ങിയത് എന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്ക് ആൾക്കാരു മാറി ഞാൻ ഒറ്റയ്ക്ക് ആയപ്പോൾ അതിനകത്തുള്ള പല മുറികളിൽ ഒരു മുറി ഞാൻ തുറന്ന് നോക്കി… അകത്തെ ചുവരിനപ്പുറത്ത് നിന്നു കടലിന്റെ ഇരമ്പം കേട്ടപ്പോഴേ എന്റെ പാതി ജീവൻ പോയി… ആ ചുവരിൽ പഴയൊരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു, ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതിലെ! കാട്ടിലെ ഏതോ ഒരു ബിൽഡിങ്ങിന് മുന്നിൽ നിൽക്കുന്ന പത്തു മുപ്പത് ആള്ക്കാര്, അതിലെ രണ്ടു പേര് ഫോറിനേഴ്സാ….”

ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.  അപ്രത്യക്ഷരായവർ! ഈജിപ്തിൽ നിന്നു വന്ന നിധിവേട്ടക്കാരും, ഏകാക്ഷരയും ശ്രീധന്യയും പിന്നെ റിസോർട്ടിലെ ജീവനക്കാരും!! ‘അവരെങ്ങനെ ആർത്താറ്റിലെ ആ വീട്ടിൽ?’

“ആ മുറിയില് നീ വേറൊന്നും കണ്ടില്ലേ?”

കുറച്ചു നേരത്തെ നിശബ്ദത ആയിരുന്നു അവന്റെ ഭാഗത്തു നിന്നും ഉണ്ടായത്”

“ഞാൻ ആ ഫോട്ടോയിൽ തന്നെ വേറൊരു കാര്യം  കണ്ടിരുന്നു”

“എന്താ……?”

“ആക്കൂട്ടത്തിലെ ഒരാൾ, നീയായിരുന്നു!”

 

ആറങ്ങോട്ടുകരയിലെ തരിപ്പുകമ്പനി

ലുംബിനിയിലെ നേപ്പാള്‍ പോലീസിന്‍റെ നാലാം നമ്പര്‍ കോട്ടേഴ്സിനുള്ളിലെ  കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ഒരുങ്ങികൊണ്ടിക്കുകയായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റീഫന്‍. സ്റ്റേഷനിലേക്കായിരുന്നില്ല, ലുബിനിയിലെ പവന്‍ പാലസ് ഹോട്ടലിലേക്കായിരുന്നു അയാളുടെ യാത്ര. സ്റ്റീഫന്‍ നേപ്പാളിലെത്തിയിട്ട് വര്‍ഷം എട്ടാവുന്നു, അതിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. ലീവിന് നാട്ടില്‍ പോവുമ്പോള്‍ നിരവധി പെണ്ണുകാണലുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും നേപ്പാളില്‍ വെച്ചൊരു പെണ്ണുകാണല്‍ നടാടെയാണ്… കാഠമണ്ടുവില്‍ ജോലിചെയ്യുന്ന ചേച്ചിയുടെയും ഭര്‍ത്താവിന്റെയും അടുത്തേക്ക് കുറച്ച് ദിവസത്തെ  വെക്കേഷന് വന്നതാണ് കൂനംമാവുകാരി ലൈല. അതിനിടയിലാണ് വലതുപുരികത്തിനു മീതെ മൂന്ന് കാക്കാപുള്ളികള്‍ ഉള്ള അവളെ തേടി തലയില്‍ ഇരട്ടചുഴിയുള്ള സ്റ്റീഫന്‍റെ വിവാഹാലോചനയെത്തുന്നത്. എങ്കില്‍ പിന്നെ നേപ്പാളില്‍ വെച്ച് തന്നെ പെണ്ണുകാണല്‍ നടത്താം എന്ന് പറഞ്ഞത് അവളുടെ ചേച്ചിയുടെ ഭര്‍ത്താവാണ്.  അവര്‍ ലൈലയ്ക്കും സ്റ്റീഫനും വേണ്ടി കാഠമണ്ടുവില്‍ നിന്നൊരു   ലുംബിനി യാത്ര പ്ലാന്‍ ചെയ്തു.

ഇടാനുള്ള ഷര്‍ട്ടും പാന്‍റും സ്റ്റീഫന്‍ ഇന്നലെത്തന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങിച്ചിരുന്നു. മീറ്റിംഗ് പ്ലെയ്സ് ആയ ഹോട്ടല്‍ സെലക്റ്റ് ചെയ്തത് സ്റ്റീഫന്‍ തന്നെയാണ്. അതിന്‍റെ ഓണര്‍ക്കും ജീവനക്കാര്‍ക്കും അയാളെ നന്നായറിയാം. അവര് തന്നോട് കാണിക്കാറുള്ള പേടിയും ബഹുമാനവും, പെണ്ണുകാണല്‍ നടക്കുമ്പോള്‍ ഒരു അഡ്വാന്‍റെജായി ഉണ്ടായിക്കോട്ടെ എന്നയാള്‍ കണക്കുകൂട്ടി. സ്ഥിരമായി പോവാറുള്ള സലൂണ്‍ ഒഴിവാക്കിയിട്ട് പരീക്ഷിച്ചു നോക്കിയ ബാബാ ലക്ഷ്വറി സലൂണിലെ സ്റ്റൈലിസ്റ്റ്  മിനുക്കിയ തന്‍റെ മുഖവും മുടിയും ഓരോ തവണ കണ്ണാടി നോക്കുമ്പോഴും സ്റ്റീഫന് ആത്മവിശ്വാസം കൊടുത്തുകൊണ്ടിരുന്നു. ‘എന്തിനാ പോലീസില്‍ ചേര്‍ന്നത്, സിനിമയില്‍ ഒന്ന് ട്രൈ ചെയ്യാമായിരുന്നില്ലേ; എന്നൊരു ചോദ്യം വരെ സ്റ്റീഫന്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി.   

സമയമായതോടെ പോവാനായി ഇറങ്ങിയ സ്റ്റീഫന്‍ താന്‍ മുറ്റത്ത് നട്ടുവളര്‍ത്തുന്ന പേരാലിന് ഒരു ചെറിയ വാട്ടം കണ്ട്, അകത്തേക്ക് തിരിച്ചുപോയി കുറച്ച് വെള്ളം എടുത്ത് തളിക്കുമ്പോഴാണ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്രീധര്‍ പോലീസ് ജീപ്പില്‍ അങ്ങോട്ട്‌ എത്തിയത്. 

“സ്റ്റീഫന്‍… തന്നെ സബ് ഇന്‍സ്പെക്റ്റര്‍ അത്യാവശ്യമായി സ്റ്റേഷനിലേക്ക് വിളിക്കുന്നു” 

സ്റ്റീഫന് ഉടലില്‍ നിന്നും തരിച്ചുകയറി… ‘ഞാനിന്നു ലീവാണെന്നും,  ലീവെടുത്ത് എന്തിനാണെന്നും ആങ്ങേര്‍ക്ക് അറിയാമല്ലോ?”

“അറിയാം… പക്ഷെ ഇതെന്തോ അത്യാവശ്യ കേസാണ്”

സ്റ്റീഫന്‍ അതേ ചൂടില്‍ ഫോണെടുത്ത് സബ് ഇന്‍സ്പെക്റ്റര്‍ ബിഷ്ണുവിനെ വിളിച്ചു.  പക്ഷെ അങ്ങോട്ട്‌ എന്തെങ്കിലും പറയും മുന്‍പ് അയാള്‍ സ്റ്റീഫനോട് രണ്ടു രണ്ടു മൂന്ന് സോറി പറഞ്ഞു.

“ഐ നോ യുവര്‍ സിറ്റുവേഷന്‍ സ്റ്റീഫന്‍, ബട്ട് താനിവിടെ പെട്ടെന്ന് വന്നേ പറ്റൂ… തന്നെകൊണ്ട് മാത്രമേ പ്രയോജനം ഉള്ളൂ”

“എന്നെ കൊണ്ട് മാത്രം പറ്റുന്ന എന്ത് അത്യാവശ്യമാണ് അവിടെ?” ദിവസവും വൈകുന്നേരം ക്ലബ്ബില്‍ ഒരുമിച്ച് പോവുന്ന ബിഷ്ണുവിന്റെ കൂട്ടുകാരനെന്ന  സ്വാതന്ത്യ്രവും കൂടി എടുത്ത് സ്റ്റീഫന്‍ ചോദിച്ചു.

“ലുംബിനി പാര്‍ക്കിനു അടുത്തുള്ള ഗൗതമബുദ്ധ ലോഡ്ജില്‍ നിന്നും നാല് ഇന്ത്യാക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ ഒന്നും അറിയില്ല…”

“പിന്നെ?”

“ദേ ആര്‍ ഫ്രം സൌത്ത് ഇന്ത്യ, തന്‍റെ നാട്ടുകാരാണ്, മലയാളം”

താന്‍ പലതവണ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ച വാക്ക് ബിഷ്ണു സര്‍ ഇങ്ങോട്ട് പറയുന്നു, മലയാളം!

“താനിങ്ങ്‌ വാ..”

‘മുടിയാനായിട്ട്! ഏതവന്മാരാണ് കേരളത്തില്‍ നിന്ന് ലുംബിനിയിലേക്ക് കുറ്റിയും പറിച്ച് വന്നിട്ടുള്ളത്’ എന്ന് പിറുപിറുത്തുകൊണ്ട് സ്റ്റീഫന്‍ അകത്തേക്ക് തിരിച്ച് കയറി വസ്ത്രം മാറ്റി വന്നു ജീപ്പില്‍ കയറി.  ഇതിനിടയില്‍ ലൈലയുടെ കോ ബ്രദറിനെ വിളിച്ച് പെണ്ണുകാണലിന്‍റെ സമയം ഉച്ചയ്ക്ക് ശേഷം എന്നാക്കുമ്പോള്‍ അവർ തമ്മിലുണ്ടായിരുന്ന ഇക്വേഷനിൽ പോലീസുകാരന്‍ എന്ന നിലയില്‍ അയാള്‍ അതുവരെ നേടിയിരുന്ന ഡൊമിനേഷന്‍ സ്റ്റീഫന് കളഞ്ഞു കുളിക്കേണ്ടി വന്നു. ഉച്ച വരെ ലുംബിനിയില്‍ കറങ്ങി സമയം കളഞ്ഞോളാമെന്ന് അയാള്‍ പറഞ്ഞെങ്കിലും അനിശ്ചിതത്വങ്ങള്‍ കൂടെപിറപ്പായ തന്‍റെ ജോലി ഓര്‍ത്ത് സ്റ്റീഫന് സ്വയം പുച്ഛം തോന്നി. സ്റ്റീഫന്‍ അയാള്‍ക്ക് ഒരു അപോളജി മെസേജ് കൂടി അയച്ചിട്ടു.

തുള്‍സിപുരില്‍ സ്ഥിതി ചെയ്യുന്ന ലുംബിനി പ്രൊവിന്‍സ്‌ പോലീസ് സ്റ്റേഷനിലേക്ക് ധൃതിയിലാണ് ആ ജീപ്പ് എത്തിയത്. കസ്റ്റഡിയിലുള്ളവര്‍ എന്ത് ക്രൈം ആണ് ചെയ്തിട്ടുള്ളതെങ്കിലും വലുതോ ചെറുതോ എന്ന് നോക്കാതെ ആദ്യം പിടിച്ച് നാലെണ്ണം പൊട്ടിക്കണം എന്ന് ഉറപ്പിച്ചാണ് സ്റ്റീഫന്‍ അകത്തേക്ക് കയറിച്ചെന്നത്. പക്ഷെ കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും, അവര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ക്ക് തോന്നിയ എന്തോ സംശയത്തിന്‍റെ പുറത്താണ് പോലീസ് അവരെ കസ്റ്റഡിയില്‍ എടുത്ത് എന്നറിഞ്ഞപ്പോള്‍ സ്റ്റീഫന്‍റെ ആ ആവേശവും ചോര്‍ന്നു.    

നാല് പേരായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. ആരുടെ മുഖത്താണ് ഏറ്റവും കൂടുതല്‍ ദൈന്യതയും ആകുലതയും ഉള്ളതെന്ന് കൃത്യമായി പിടികൊടുക്കാതെ മാര്‍ബിള്‍ നിലത്ത് കുത്തിയിരിക്കുന്ന നാല് സാധു മലയാളികള്‍.  സ്റ്റീഫന്‍ കയറിചെന്ന് ‘നിങ്ങള്‍ എവിടുന്നാ?’ എന്ന് ചോദിച്ചപ്പോള്‍ ഭാഷ അറിയുന്ന ഒരാളെ കണ്ട തിളക്കമായിരുന്നു നാലുപേരുടെയും മുഖത്ത്. അവര്‍ നാലുപേരും ഒരേപോലെ അന്തംവിട്ട് സ്റ്റീഫനെ നോക്കി ഇരുന്നു.  ആരില്‍ നിന്നും ഉത്തരം കിട്ടുന്നില്ലെന്ന്  മനസ്സിലായപ്പോള്‍ സ്റ്റീഫന്‍ വീണ്ടും പറഞ്ഞു… 

“സമയം മിനക്കെടുത്താതെ പറ, എന്താണ് ലുംബിനിയില്‍ കാര്യം? നിങ്ങള്‍ എവിടുന്നാ വരുന്നത്?”

“ആറങ്ങോട്ടുകരയില്‍ നിന്നാണ്!”

അതിനു തൊട്ടടുത്ത ആ നിമിഷത്തിലാണ് സ്റ്റീഫന്‍ തരിപ്പുകമ്പനിയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്…   ആറങ്ങോട്ടുകരയിലെ തരിപ്പുകമ്പനി!

ആദ്യം പറയേണ്ടത് തരിപ്പുകമ്പനിയെ കുറിച്ചാണോ അതോ ആറങ്ങോട്ടുക്കരയെക്കുറിച്ചോ? ജയരാമനെക്കുറിച്ചാവാം….

കുറിച്ചിടപ്പെടേണ്ടവനാണ് ജയരാമൻ എന്ന് ആദ്യം തോന്നിയിട്ടുള്ളത് എനിക്കല്ല, ഞാൻ മൂന്നാമനാണ്. സ്‌കൂൾ മാഗസിനിൽ ജയരാമനെ കുറിച്ച് എട്ട് കഥകൾ അച്ചടിച്ചതിന്റെ പേരിൽ വിദ്യാഭ്യാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന രണ്ടായിരത്തിപത്തിലെ സ്റ്റുഡന്റ് എഡിറ്റർ, സക്കറിയ. ജയരാമനെകുറിച്ച് ഹ്രസ്വ ചിത്രമെടുക്കാൻ വന്ന്, ജയരാമനോളം വരില്ല സിനിമ എന്ന ഉദയമുണ്ടായി, ബോധം ജയരാമന് നൽകിയ കുശൻ. പിന്നെ അപ്പു ചട്ടമ്പി, മുളയങ്കാവ്, സലാവുദ്ധീൻ… തരിപ്പുകമ്പനിയായി.

തരിപ്പുകമ്പനിയുടെ ആസ്ഥാനമുള്ള ആറങ്ങോട്ടുകര ഗ്രാമത്തിലുള്ളത് രണ്ട് അങ്ങാടികളാണ്. കിഴക്കുംമുറി തൃശൂർ ജില്ലയിലും, പടിഞ്ഞാട്ടുംമുറി പാലക്കാട് ജില്ലയിലുമായി ആറങ്ങോട്ടുകരയങ്ങനെ വിഭജിക്കപ്പെട്ട് കിടക്കുകയാണ്. ആ ജില്ലകൾക്കും, കേരളത്തിനും, ഇന്ത്യയ്ക്കും മുമ്പ്, ആറങ്ങോട്ടുക്കര ഒരു ബുദ്ധനഗരമായിരുന്നു. പട്ടാമ്പി മുതൽ വടക്കാഞ്ചേരി വരെ നീണ്ട ആ കരയിൽ നിറയെ ബുദ്ധവിഹാരങ്ങളായിരുന്നു. ഇപ്പോള്‍ തിരുമിറ്റക്കോടും കഴിഞ്ഞ്  ഉള്ളിലോട്ടു കയറുമ്പോള്‍ കാണാനാവുന്ന കാടുമൂടി കിടക്കുന്ന ആ കല്‍വിഹാരത്തിന്‍റെ മാത്രകയില്‍ അനവധി.  പലപ്പോഴായി കണ്ടെടുത്തതിലും കൂടുതല്‍ സ്തൂപങ്ങളും ശേഷിപ്പുകളും ആറങ്ങോട്ടുകരയുടെ  മണ്ണിന്നടിയില്‍ ഇപ്പോഴുമുണ്ട്.  നശിപ്പിച്ച് കുഴിച്ചിട്ട എല്ലാ ഓര്‍മ്മകളും വിസ്മൃതിയിലായ ശ്രീബുദ്ധനും, പതിറ്റാണ്ടുകൾക്ക് ശേഷം ആറങ്ങോട്ടുകരക്കാരുടെ ശബ്ദങ്ങളിലേക്ക് തിരിച്ചുവരുന്നത് ജയരാമനിലൂടെയാണ്…

താഴത്തൂട്ടിലെ അശോകന്‍റെയും ദേവിയുടെയും മകനായി ജയരാമൻ പിറന്നന്ന് രാത്രി, മുഖം മറച്ച അഞ്ച് ബുദ്ധ സന്യാസികളെ ജയരാമന്‍റെ വീട്ടിലും, ആറങ്ങോട്ടുകരയിലും കണ്ടവരുണ്ട്. അക്കൂട്ടത്തിലൊരാൾ, സലാവുദ്ധീൻ പിറ്റേന്ന് കാലത്ത് അപ്പു ചട്ടമ്പിയോട് താൻ കണ്ടത് പറയുന്നിടത്താണ് തരിപ്പുകമ്പനിയുടെ ഉദയം. അന്ന് പുലർച്ചെ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ ആ ബുദ്ധ വിഹാരത്തിന് ചുറ്റും പ്രകാശം കണ്ടപ്പോഴുണ്ടായ അതേ തരിപ്പ് അപ്പുചട്ടമ്പിക്ക് വീണ്ടുമുണ്ടായി! സലാവുദ്ധീൻ അന്ന് മോഷണം നിർത്തി!

സന്യാസികളെ കണ്ട, എന്നാൽ സലാവുദ്ധീനെ പോലെ തരിപ്പ് കയറാതിരുന്ന ബാക്കി മൂന്നുപേർ ആറങ്ങോട്ടുക്കരയിൽ നിന്നും അകാലത്തിൽ മരണപ്പെട്ടുപോയതോടെയാണ് തരിപ്പു കമ്പനിയുടെ പ്രസക്തിയെ പറ്റി നാട്ടുകാരിൽ ഒരു ചർച്ചയുണ്ടാവുന്നത്. അതിൽപിന്നെ തരിപ്പുണ്ടായില്ലെങ്കിലും അവരും ജയരാമനെ ശ്രദ്ധിക്കാൻ തുടങ്ങി. മരിച്ച മൂന്നുപേർക്ക് പകരം, സലാവുദ്ധീനെയും അപ്പു ചട്ടമ്പിയെയും ബന്ധിപ്പിച്ച ജയരാമന്‍റെ ആ അദൃശ്യതയിലേക്ക്, വരത്തന്മാരായ കുശനും സക്കറിയയും മുളയൻകാവും പിന്നീട് ഒഴുകിയെത്തുകയായിരുന്നു. 

തരിപ്പുകമ്പനിയുടെ ആസ്ഥാനമന്ദിരമായി പ്രവർത്തിക്കുന്ന മുളയങ്കാവിന്‍റെ ചായപീടിക ആറങ്ങോട്ടുക്കരയെ പോലെതന്നെയാണ്. ഉമ്മറം തൃശൂരിലും, അടുക്കള പാലക്കാടും. കൂറ്റനാടിൽ നിന്നും മുളയങ്കാവിലേക്ക് മണലടിക്കാൻ വന്ന ലോറിയിലെ ഡ്രൈവറായിരുന്നു രണ്ടായിരത്തി രണ്ടിലെ മുളയങ്കാവ്. കടവിൽ വെച്ച് പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലുവയസ്സുകാരൻ ജയരാമനെ കണ്ട് മുളയങ്കാവ്, ബോധക്ഷയമുണ്ടായി നിലത്തേക്ക് വീണു. പിടിച്ചെഴുന്നേല്‍പ്പിച്ചവരോട്, നിളമണൽ പറ്റിയ കണ്ണുകൾ തുറന്ന് പാതിബോധത്തോടെ മുളയങ്കാവ് പറഞ്ഞത് ഉടൽലാകെ ഒരു തരിപ്പുണ്ടായി എന്നാണ്! സലാവുദ്ധീൻ മുളയങ്കാവിനെ കൂട്ടി വീട്ടിലേക്ക് നടന്നു… അതിൽപിന്നെ മുളയങ്കാവ് മുളയങ്കാവിലേക്ക് പോയിട്ടില്ല. ലോറി വിറ്റ് ആറങ്ങോട്ടുകരയുടെ നടുക്ക് ഒരു ചായപീടിക ഇട്ടു, ‘ജെ ആർ’ ടീ സ്റ്റാൾ.

ചായകടയുടെ കന്നിമൂലയിൽ ഇരുന്നേ ആ സംഘം ജയരാമനെകുറിച്ച് സംസാരിക്കുകയുള്ളൂ. അരവട്ടത്തിലിരുന്ന്, തലകൾ താഴ്ത്തി, അടക്കിപ്പിടിച്ച് അവർ സംസാരിക്കുന്നതെല്ലാം ജയരാമനെക്കുറിച്ചാണെന്നു നാട്ടുകാർക്കുറപ്പായിരുന്നു. പക്ഷെ ജയരാമനെക്കുറിച്ച് പറയുന്ന രഹസ്യങ്ങളത്രയും സമോവാറിന്‍റെ ചൂളം വിളികളിലേക്കായിരുന്നു അലിഞ്ഞിരുന്നത്. അതിൽ തിളച്ച ചായകളിലൂടെ അത് നാട്ടുകാരിലേക്ക് എത്തിയതുമില്ല.

ജയരാമൻ തരിപ്പുകമ്പനിയുടെ ആരായിരുന്നു?

സ്ഥാപകനല്ല, സെക്രട്ടറിയുമല്ല. പിന്നെന്താണ്? ‘തരിപ്പുകമ്പനി ഒരു അമ്പലമാണ്, ജയരാമനാണ് അവിടുത്തെ പ്രതിഷ്ഠ!’ എന്ന് ആറങ്ങോട്ടുക്കരയിൽ ഒരു തമാശയുണ്ട്. പക്ഷെ ആ തമാശ ആദ്യം പൊട്ടിച്ച ചെത്തുക്കാരൻ ഡെന്നിസ് ഒരു കുടം കള്ളുമായി തെങ്ങിൽ തൊടാതെ താഴേക്കെത്തി. പിന്നെയാരും അത് പറഞ്ഞിട്ടില്ല! ആറങ്ങോട്ടുക്കരയിലേക്ക് എന്തൊക്കെയോ തിരിച്ചുവരാൻ പോവുകയാണെന്ന് ജ്യോത്സ്യൻ നാണുപണിക്കർ, ഒരമാവാസി ദിവസം രാത്രി ഭാര്യയോട് പറഞ്ഞശേഷം പിറ്റേന്ന് നാടുവിട്ടുപോവുകയും ചെയ്തു!

 

(തുടരും…)

പുറപ്പെട്ടുപ്പോയ തരി – part 02

മുകളിലേക്കുള്ള നടത്തം അമ്പിളി കുന്നിലേക്കുള്ള ആയാസത്തിന്‍റെ നാലിരട്ടിയുണ്ടായിരുന്നു…  “നിന്‍റെ വല്യമ്മാമ ഇടയ്ക്കെന്‍റെ സ്വപ്നത്തിൽ വരാറുണ്ട്..” മുന്നിൽ നടന്നിരുന്ന ചേക്കുട്ടി  തിരിഞ്ഞുനോക്കാതെ പറഞ്ഞു.  “എന്തിന്?” “ഞാൻ ചോദിച്ചിട്ടില്ല, വന്നുകേറുന്ന  വിരുന്നുകാരോട് വന്നതെന്തിനാ ന്ന് ചോദിക്കുന്നത് മര്യാദ കേടല്ലേ?” അവൻ ശരിയാണെന്ന് തലയാട്ടി. “അവസാനം വന്നത് എന്നാണെന്ന് അറിയോ? ഞാൻ കേളാഗൂറിൽ നിന്ന് പോരുന്നതിന്റെ തലേന്ന്”. അതുപറഞ്ഞു കൊണ്ടു ചേക്കുട്ടി പൊട്ടിച്ചിരിച്ചു…. സത്യം പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചാലും നുണ പറഞ്ഞശേഷം പൊട്ടിച്ചിരിച്ചാലും കേൾക്കുന്നയാൾക്ക് കേട്ടത് നുണയാണെന്നേ തോന്നൂ.

മലയുടെ മുകളിൽ നിന്ന് തീവണ്ടി പോവുന്നത് കാണാൻ വിചാരിച്ചത്ര രസമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ഇരുന്ന് അവര്‍ മൂന്ന് പാസഞ്ചർ തീവണ്ടികള്‍ പോവുന്നത് കണ്ടു. “മതിയായോ?” ചേക്കുട്ടിയുടെ ചോദ്യം, അവന്‍ ശരിക്ക് തലയാട്ടി. “പോരാ… ഒരു ഗുഡ്സ് തീവണ്ടി കൂടി കണ്ടിട്ട് ഇറങ്ങാം!” ഗുഡ്സ് വണ്ടി വന്നത് ഇരുട്ടത്താണ്, പിന്നെ രാത്രി ആ മഞ്ഞത്ത് കിടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ… “അന്തരീക്ഷം കണ്ടിട്ട് കരടി ഇറങ്ങുന്ന സ്ഥലമാണെന്ന് തോന്നുന്നു” ചേക്കുട്ടി പ്രസ്താവിച്ചു. അതോടെ തണുപ്പടിച്ച് മരവിച്ചുതുടങ്ങിയിരുന്ന അവന്‍റെ എട്ടാം വാരിയെല്ലിന് ഉള്ളിലൂടെ ഒരു ഭയം അരിച്ചുകേറി! നാട്ടിലെ വല്ല കുളത്തിലോ കിണറ്റിലോ അന്തസ്സായി മരിച്ചുകിടക്കേണ്ട മന്ദാരവളപ്പിലെ സന്തതി, ട്രെയിൻ പിടിച്ച് മഹാരാഷ്ട്രയിലെ ഏതോ മലമുകളിൽ കരടി പിടിച്ച് മരിച്ചുകിടക്കുന്ന ആ രംഗം അവൻ വെറുതെയാലോചിച്ചു…

ചേക്കുട്ടിയുടെ കയ്യിൽ വിരിപ്പും പുതപ്പും ഒക്കെ ഉണ്ടായിരുന്നു. പുതപ്പ് അവനു കൊടുത്തിട്ട് അയാൾ വിരി നിലത്തുവിരിച്ചു മലർന്നു കിടന്നു. “ആ… ഇനി അതുകൊണ്ട് എന്നെ പുതപ്പിക്ക്”അവൻ ചേക്കുട്ടിയെ തല വരെ മൂടി പുതപ്പിച്ചശേഷം കുറച്ചുമാറി,ദൂരെ വെളിച്ചം കാണാവുന്ന ഒരേയൊരു ദിക്കിലേക്കും നോക്കി ഇരുന്നു. അതിനിടെ എപ്പോഴോ ചേക്കുട്ടി അവനെ വിളിച്ചു… “ഞാനെന്തിനാണ് എല്ലാ മാസവും നാട് വിടുന്നത് എന്നറിയോ?” അവന്‍ തലയാട്ടി, “ഇല്ല.” “നിനക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരില്ല.”  ‘അറിയാമായിരുന്നെങ്കിൽ പറഞ്ഞുതരുമായിരുന്നോ’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്, പിന്നെയതിന്‍റെ യുക്തിയാലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി.

രാവിലെ അവിടെ നിന്നും ഇറങ്ങി താഴേക്ക് നടക്കും മുൻപ് ചേക്കുട്ടി ബാഗിൽ നിന്നും ആ ഗ്ളാസ് പുറത്തെടുത്തു. റയിൽവെ സ്റ്റേഷനിൽ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ കണ്ടു ജീവിച്ചുകൊണ്ടിരുന്ന ആ ഗ്ലാസിനെ ആരോരുമില്ലാത്ത മലമുകളിൽ വെച്ചിട്ട് ചേക്കുട്ടി പോന്നു!

താഴെ എത്തിയശേഷം ചേക്കുട്ടി തീരുമാനം പറഞ്ഞു, “ഇനി ബസ്സിന്‌ പോവാ..”. ‘അതല്ലെങ്കിലും ഈ കാട്ടിൽ, പാളത്തിൽ കയറി നിന്ന് കൈ കാണിച്ചാൽ ഏത് തീവണ്ടി നിർത്താനാണ്…’ കടുംചൂടിൽ, പൂക്കളെക്കുറിച്ച് കേട്ടിട്ടു കൂടിയില്ലാതെ കുറെ കുറ്റിമരക്കാടുകൾക്ക് നടുവിലൂടെ, സൂര്യനെ നോക്കി ചേക്കുട്ടി കാണിച്ചുകൊടുക്കുന്ന ദിശയില്‍ അവർ എങ്ങോട്ടെന്നില്ലാതെ നടന്നു. അതിനോടകം, വിശപ്പും ദാഹവും  ചേക്കുട്ടിയുടെ ഉടലില്ലാത്ത വാക്കുകളാണെന്ന് അവൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ഇടയ്ക്കൊന്നുരുമ്മിപ്പോയ ഒരിളം കാറ്റില്‍, നാടിന്‍റെ തണുപ്പും വീട്ടിലെ ഊണും അവനെ നോക്കി പല്ലിളിച്ചുചിരിച്ചതായി തോന്നിയവന്. തലേന്ന് ഓക്കാനിച്ചുകൊണ്ടു കഴിച്ചുതീർത്ത അവസാനത്തെ വടാപ്പാവെങ്കിലും കിട്ടിയിരുന്നെകിൽ എന്നവൻ മോഹിച്ചു.

പൊടി തുള്ളിക്കളിക്കുന്ന ഒരു മൺപാതയിലെത്തി നടത്തം തുടരുമ്പോൾ പിറകിലൊരു വണ്ടിയുടെ ശംബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി. രണ്ടുപേര്‍ സഞ്ചരിക്കുന്ന ആ ബൈക്കിന് ചേക്കുട്ടി ഒരു മനഃസ്ഥാപവുമില്ലാതെ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു. വന്നവർ വണ്ടി നിർത്തി എണ്ണം നാലുപേരാക്കി യാത്ര തുടർന്നു. അവന്‍ ശ്രാദ്ധമൂട്ടിയിട്ടുള്ള ഏതോ കാരണവന്മാരുടെ അനുഗ്രഹം…

കഷ്ടപ്പെട്ട് എത്തിപ്പെട്ട ഏതോ ഒരു ബസ് സ്റ്റാന്റില്‍ കണ്ട ആദ്യത്തെ ഹോട്ടലില്‍ ഓടിക്കയറി അവന്‍ എന്തൊക്കെയോ കഴിച്ചുകൂട്ടി. കഴിഞ്ഞ രണ്ടു ദിവസത്തെ കടബാധ്യതകളും, ഇനി വരാനുള്ള രണ്ടു ദിവസത്തേക്കുള്ള  സ്ഥിരനിക്ഷേപവും. അത്രയും സംഖ്യ ആമാശയത്തില്‍ എത്തിയശേഷമാണ് അവന്‍റെ കണ്ണും മനസ്സും ഉണര്‍ന്നത്. പിന്നെ ആ സ്ഥലം ഏതാണെന്ന് മനസ്സിലാക്കാന്‍ മുന്നില്‍ കണ്ട ഒരു ഹിന്ദി ബോര്‍ഡിലെ അക്ഷരങ്ങള്‍, അതുവരെ പഠിപ്പിച്ച എല്ലാ ഹിന്ദി ടീച്ചര്‍മാരെയും മനസ്സിലോര്‍ത്ത്  അവന്‍ വായിക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു… ഒടുവില്‍ ചേക്കുട്ടി അവന്‍റെ പിറകില്‍ വന്നു പറഞ്ഞു, “അത് ഹിന്ദിയല്ല, മറാട്ടിയാണ്” പിന്നവന് സ്ഥലം ഏതാണെന്ന് അറിയണം എന്നുണ്ടായില്ല.

പൂനെയ്ക്കുള്ള ബസ് നോക്കി വൈറ്റിംഗ് ഷെഡില്‍ ഇരിക്കുമ്പോള്‍ അവന്‍ ചേക്കുട്ടിയോട് ചോദിച്ചു,  “നിങ്ങളുടെ എല്ലാ സഞ്ചാരങ്ങളും ഇങ്ങനെയാണോ?” തന്‍റെതല്ലാത്ത ഒരു ചിരിയോടെ ചേക്കുട്ടി പറഞ്ഞു,  “ആയിട്ടില്ല, നമ്മള് തുടങ്ങിയിട്ടല്ലേ ഉള്ളൂ…” മാറാട്ട വിഭവങ്ങളുള്ള അവന്‍റെ വയറ്, ഒന്നല്ല മൂന്നു തവണ കാളി. 

ഒന്നരമണിക്കൂര്‍ അവര്‍ കാത്തിരുന്ന പൂനെയിലേക്കുള്ള അശോക്‌ ലെയ് ലാന്റിന്‍റെ മുക്കാലും തേഞ്ഞ അപ്പോളോ, സ്റ്റാന്റിലെ ചിതറിക്കിടക്കുന്ന കരിങ്കല്ലുകള്‍ക്ക് മുകളിലുരുമ്മിയപ്പോഴാണ്  ചേക്കുട്ടി ആ ചോദ്യം ചോദിക്കുന്നത്, “നീ ഇതേവരെ എത്ര പെണ്‍കുട്ടികളെ ഉമ്മ വെച്ചിട്ടുണ്ട്?” ഉള്ളിലെ കന്നിമൂലയില്‍ നിന്നും ഒരു വരണ്ട കാറ്റ് വീശി. അവന് ആരെക്കുറിച്ചും ഓര്‍ക്കാനും പറയാനുമില്ലായിരുന്നു.…അതറിഞ്ഞതും ചേക്കുട്ടി ഉറക്കെ ചിരിച്ചു, “നിന്‍റെ പ്രായത്തിലെത്തിയപ്പോഴേക്ക് ഞാന്‍ ആറു പെണ്ണുങ്ങളെ അനുഭവിച്ചു കഴിഞ്ഞിരുന്നു.” പിന്നെ ഒന്നാലോചിച്ചശേഷം തിരുത്തി, “ആറു പെണ്ണുങ്ങള്‍ എന്നെ!” ആ ആറനുഭവങ്ങളുടെ ഓളങ്ങളൊക്കെയും ചേക്കുട്ടിയുടെ കവിളില്‍ വെട്ടുന്നതവന്‍ കണ്ടു. “നിനക്ക് ആഗ്രഹമുണ്ടോടാ?”   അപ്രതീക്ഷിതമായ ചോദ്യം! അതിനുതൊട്ടടുത്ത നിമിഷം കടുത്തതായിരുന്നു. ഉള്ളിലെ മോഹങ്ങള്‍ വാക്കുകളായി പുറത്തേക്ക് ഒഴുകാതെ അവന്‍ കടിച്ചുപിടിച്ചു, എന്നാല്‍ പുരികചലനങ്ങളില്‍ ചേക്കുട്ടിയ്ക്ക് കണ്ടെടുക്കാന്‍ പാകത്തിന് അത് തെളിയുകയും വേണം. “എന്നാ നമുക്ക് രത്നഗിരി വരെ ഒന്ന് പോയാലോ?” യാത്ര തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ചേക്കുട്ടി ഒരു തീരുമാനം എടുക്കും മുന്പ് അവനോട് അഭിപ്രായം ചോദിക്കുന്നത്.   കേരളം കടന്നപ്പോള്‍ നഷ്ടപ്പെട്ട അവന്‍റെ ബഹുമാനമൊക്കെയും അതോടെ തിരിച്ചുവന്നുകഴിഞ്ഞിരിന്നു. അവന്‍ പതുക്കെ തലയാട്ടി.

രത്നഗിരിയിലേക്കുള്ള ബസ്സില്‍ കയറിയപ്പോഴേക്കും അവന്‍റെ ദേഹത്ത് ഒരു പനി വരവറിയിച്ചു തുടങ്ങിയിരുന്നു. തൊട്ടുതലേന്നത്തെ തണുപ്പും ഇന്ന് തലയില്‍ത്തൊട്ട ചൂടും കൂടി ശരീരോഷ്മാവിന്റെ വേലിയേറ്റമുണ്ടാക്കി, മൂക്കില്‍ നിന്നും ശ്വാസം പുറത്തേക്കെത്തുമ്പോള്‍ ഉള്ളിലെ താപനില അറിയിച്ചുകൊണ്ടുള്ള ചൂടുകാറ്റ്. വളരെയെളുപ്പം ഒരു വല്ലാത്ത ക്ഷീണം വന്ന് അവനെ പുതഞ്ഞുനിന്നു. പനിച്ചുകിടക്കുമ്പോള്‍ മുന്‍കാല പനി ഓര്‍മ്മകള്‍ മനസ്സില്‍ തെളിയുക സ്വാഭാവികമാണ്. അതില്‍ അമ്മ നെറ്റിയില്‍ നനച്ചിടുന്ന വെള്ളത്തുണിയുടെ തണുപ്പും, അമ്മമ്മയുടെ കടുമാങ്ങയുടെയും ചുട്ട പപ്പടത്തിന്‍റെയും സ്വാദുള്ള കഞ്ഞിയും, വല്യച്ചന്‍ വാങ്ങി സൂക്ഷിച്ച  കമ്പിളിപ്പുതപ്പിന്‍റെ സുഖവും പലകുറി തികട്ടി വന്നു. ‘ഉമ്മയോളം വലിയൊരു നാടില്ല’ എന്ന് ചേക്കുട്ടി പറയുന്നതവന്‍ ഓര്‍ത്തു.  വീട്ടിൽ നിന്നിറങ്ങിയാൽ ഈ ലോകം എളുപ്പമല്ല എന്ന് അവന്‍ അതിനോട് കൂട്ടിച്ചേര്‍ത്തു. “ചേക്കുട്ട്യാക്കാ… ഈ സഞ്ചാരം എന്ന വാക്കിനു വേറൊരു അർത്ഥം കൂടി ഉള്ളത് അറിയോ ഇങ്ങക്ക”. “ഉവ്വ്…. വേദനാന്ന് അല്ലെ?”. “ഉം… എന്‍റെ കുടുംബത്തില് ആർക്കും സഞ്ചാരമടിച്ചിട്ട് മരിക്കേണ്ടി വന്നിട്ടില്ല, എല്ലാം സുഖമരണങ്ങളായിരുന്നു….” ഇതും പറഞ്ഞ് അവന്‍ കണ്ണടച്ചു. 

ഓര്‍മ്മ വന്നപ്പോള്‍ അവന്‍ ഒരു മടിയിലായിരുന്നു. വലംപിരി ചുരുള്‍മുടിയുള്ള ഒരു പെണ്‍കുട്ടി. ശലഭച്ചിറകുകള്‍ വിടരുന്നതുപോലെ അവളുടെ കണ്ണുകളുണര്‍ന്നു. ‘സല്‍മ’, അവള്‍ പരിചയപ്പെടുത്തി. ചേക്കുട്ടി കൃത്യസ്ഥലത്ത് തന്നെ  എത്തിച്ചിരിക്കുന്നു! അവളുടെ വലത്തേ കൈ വിരലുകള്‍ അവന്‍റെ നെഞ്ചിലായിരുന്നു. പനി കുറഞ്ഞിട്ടില്ല, ക്ഷീണം കാരണം അവന് അനങ്ങാനാവുന്നുണ്ടായിരുന്നില്ല. അവളുടെ കതാന്‍ സില്‍ക്കിന്‍റെ മടിയുടെ ചൂടില്‍ തന്നെ കിടന്ന് അവന്‍ ചേക്കുട്ടിയെ തിരക്കി. അടുത്ത മുറിയിലുണ്ടെന്നു അവള്‍ ആംഗ്യം കാണിച്ചു. അവന്‍റെ കണ്ണിലേക്ക് ഇമവെട്ടാതെ നോക്കി അവള്‍ കുറച്ചുനിമിഷം ഇരുന്നു. കണ്ണുകള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുമെന്ന് അവനാദ്യമായി അറിയുകയായിരുന്നു… അവന്‍റെ ഹൃദയമോടുന്നതിന്‍റെ വേഗം മാറുന്നത് അവളുടെ വിരലുകളറിയുന്നുണ്ടായിരുന്നു…..  അവള്‍ തല കുമ്പിട്ട്‌ അവനെ ചുംബിക്കാനായി ഒരുങ്ങിയപ്പോള്‍ അവന്‍ തടുത്തു, അവള്‍ കാര്യമറിയാനുള്ള നോട്ടം നോക്കി. “നീ ശാപം എന്ന് കേട്ടിട്ടുണ്ടോ?” അവള്‍ മനസ്സിലായില്ലെന്നു തല കുലുക്കിപ്പറഞ്ഞു. “എന്നാ പിന്നെ പറഞ്ഞിട്ട് കാര്യമില്ല! ഉമ്മ വെച്ചോ”. സാലങ്കികള്‍ കൂട്ടിമുട്ടുന്നത് പോലെ അവള്‍ ചിരിക്കുന്നത് അവന്‍ കേട്ടു, അത്ര മാത്രം.

ഔറംഗാബാദിലേക്കുള്ള ഒരു അരി ലോറിയിലായിരുന്നു അവന്‍ പിറ്റേന്ന് രാവിലെ കണ്ണ് തുറന്നത്. അവന്‍റെ പനി വിട്ടിരുന്നു. അവന്‍ ചുറ്റും നോക്കി, ലോറിയുടെ അങ്ങേ അറ്റത്ത് ഒരു അരി ചാക്കിന് മുകളില്‍ മലര്‍ന്നു കിടന്ന് ചുരുട്ട് വലിക്കുകയായിരുന്നു ചേക്കുട്ടി. “സല്‍മ??”. “പനിക്കുമ്പോ അങ്ങനെ പല സ്വപ്നങ്ങളും കാണും”.  അവന്‍ തലേന്ന് കണ്ടതാണോ അതോ ചേക്കുട്ടി ഇപ്പൊ പറഞ്ഞതാണോ സത്യം എന്നവന് തിട്ടപ്പെടുത്താനായില്ല. പക്ഷെ അവന്‍റെ ദേഹത്തപ്പോഴും ആ രാത്രിലില്ലികളുടെ മണമുണ്ടായിരുന്നു. 

ആ ലോറി ഔറംഗാബാദ് ബസ് സ്റ്റാന്റില്‍ എത്തുന്നതിനും പത്തര മിനുറ്റ് മുന്പ് ചേക്കുട്ടി ചോദിച്ചു, “പൂനെയില്‍ തന്നെ ജീവിക്കാനായിരുന്നോ നിന്‍റെ തീരുമാനം?”. “അല്ല, അവിടന്ന് ബോംബെയ്ക്ക് പോവാന്‍.”  “ജീവിക്കാന്‍ നിനക്ക് ഏതെങ്കിലും ഒരു നഗരം പോരേ?”.  ചേക്കുട്ടി തന്നെ ഔറംഗാബാദില്‍ ഉപേക്ഷിച്ച് തിരിച്ചുപോവാന്‍ ഒരുങ്ങുകയാണെന്ന് അവന് തോന്നി. പക്ഷെ ബസ്സ്റ്റാന്റില്‍ അവര്‍ വന്നിറങ്ങുന്നതും കാത്ത് ഒരു കാര്‍ കിടപ്പുണ്ടായിരുന്നു. ഡ്രൈവറോട് പരിചയം പുതുക്കി ചേക്കുട്ടി അവനെയും കൂട്ടി ആ കാറില്‍ കയറി. പോവുന്നതെങ്ങോട്ടാണെന്ന് അവന് ഒരു രൂപവും കിട്ടിയില്ല.  ചോദിച്ചിട്ടും ചേക്കുട്ടി ഒന്നും പറഞ്ഞതുമില്ല. ഏക്കറുകള്‍ പരന്നുകിടക്കുന്ന വിരിപ്പുകൃഷി പാടങ്ങള്‍ക്ക് നടുവിലൂടെ ആ വണ്ടി സഞ്ചരിച്ച് അധികം വൈകാതെ ഒരു കൊട്ടാരത്തിന് മുന്നിലെത്തി. കാവല്‍ക്കാരും രണ്ടാള്‍ പൊക്കമുള്ള മതിലും പിന്നിട്ട് അകത്ത് എത്തിയശേഷമാണ് അതൊരു വീടാണെന്നു അവന് മനസ്സിലായത്.

വാടാമല്ലിയുടെ മ്യൂസിയം പോലുള്ളൊരു മുറ്റം. അടുത്തെങ്ങോ ഒരു കളഭനദി ഒഴുകുന്നത് പോലെത്തെ സൌരഭ്യം. ആ വീടിന്‍റെ വലുപ്പവും ഭംഗിയും അവനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചേക്കുട്ടി പറഞ്ഞു, “നീ ഏതായാലും വീടും കുടുംബവും ഒക്കെ ഉപേക്ഷിച്ചിട്ട് വന്നതല്ലേ… വല്ല ഹോട്ടലിലോ ഫാക്ടറിയിലോ ഒക്കെ അടിമപണിയെടുത്ത് ജീവിതം കരി പിടിപ്പിക്കണ്ട, ഇനി ഈ വീട്ടില്‍ കഴിഞ്ഞോ…” അവന്‍ കാര്യം മനസ്സിലാവാതെ ചേക്കുട്ടിയെ നോക്കി, “ഇവരുടെ ഒരേയൊരു മകനെ ചെറുപ്പത്തില്‍ കാണാതായിട്ടുണ്ട്, നീ അവനാണെന്ന് ഞാന്‍ പറഞ്ഞാല്‍,  അവര് വിശ്വസിക്കും. അത്രയ്ക്ക് ബന്ധമാണ് ഞാനും അവരും തമ്മില്‍.” അവന്‍ അമ്പരപ്പോടെ നിന്നു.“പവന്‍ ദാസ്, ഇനി അതാണ്‌  നിന്‍റെ പേര്”. നിറയെ ആഭരണത്തില്‍ കുളിച്ച കരുത്തയായ ഒരു സ്ത്രീ അവരുടെ മുന്നിലേക്ക് വന്നു, “അമ്മ” ചേക്കുട്ടി പറഞ്ഞുകൊടുത്തു.

അവര്‍ അവനെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു  ചേര്‍ത്ത് നിര്‍ത്തി. അകത്തുനിന്നും വേറെയുമൊരുപാട് ബന്ധുക്കളും പരിചാരകരുമെല്ലാം വന്നു… അവരവനെ ആഘോഷപ്പൂര്‍വ്വം സ്വീകരിച്ചു. അവന്‍റെ അമ്മയായ മല്ലിക ബാര്‍വേയോട് എന്തൊക്കെയോ സംസാരിച്ചശേഷം ചേക്കുട്ടി പുറത്തേക്കു നടക്കുന്നത് അവൻ തീന്‍മേശയിലെ രാജകീയമായ സല്‍ക്കാരങ്ങള്‍ക്കിടയില്‍ കണ്ടു. ഒരു നന്ദി വാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ആ മനുഷ്യന്‍ അയാളുടെ സഞ്ചാരത്തിലേക്ക് മടങ്ങുകയാണ്.

ഏതൊക്കെയോ ഹിന്ദി സിനിമകളില്‍ കണ്ട ശതകോടീശ്വരന്മാരുടെ കിടപ്പുമുറികളുടെ  ഛായയുണ്ടായിരുന്നു അവര്‍ അവനുവേണ്ടി മാറ്റിവെച്ച മുറിയ്ക്ക്. അവിടെയുള്ള ഓരോ നിമിഷവും ചേക്കുട്ടിയ്ക്ക് അവന്‍ മനസ്സില്‍ നൂറായിരം നന്ദി പറഞ്ഞു. മുറിയുടെ ജനാലയിലൂടെ പുറത്തുള്ള ആ വലിയ ലോകത്തിലേക്ക് വിശ്വം ജയിച്ച സന്തോഷത്തോടെ അവന്‍ നോക്കി നില്‍ക്കുമ്പോള്‍ പിറകിലൊരു ശബ്ദമുണ്ടായി. “ഇത് കുടിക്കാന്‍ മറക്കണ്ട.”  മലയാളം! അവന്‍ തിരിഞ്ഞു നോക്കി. ഒരു ഗ്ലാസ് പാലുമായി വന്നിട്ടുള്ള ഒരു വൃദ്ധ. വേഷം കണ്ടിട്ട് അവിടുത്തെ ജോലിക്കാരിയാണെന്ന് അവന് വ്യക്തമായി. പക്ഷെ ആ വീട്ടില്‍ ഇതുവരെ എല്ലാവരും അവനോടു കാണിച്ച ബഹുമാനവും സ്നേഹവുമൊന്നും ആ മലയാളിയിലില്ല, പുച്ഛം മാത്രം. പോകാന്‍ നേരം തിരിഞ്ഞുനിന്ന് അവര്‍ അവനോടു ചോദിച്ചു, “ശരിക്കും നിന്‍റെ പേരെന്താ?”. അതിലവന്‍ ഞെട്ടി. ഈ രഹസ്യമെങ്ങനെ ഇവര്‍…  “നീ ഇവിടുത്തെ കുട്ടി അല്ലെന്ന് എനിക്കറിയാം,  മല്ലിക ബാര്‍വേക്ക് അറിയാം, ഈ വീട്ടിലെ പലര്‍ക്കും അറിയാം.. പക്ഷെ അവര്‍ക്ക് ഒരു മകനെ വേണമല്ലോ… അതുകൊണ്ടാണ് നീയീ കണ്ടതൊക്കെ ഇവിടെ നടന്നത്.” പിന്നെ ആ സ്ത്രീ അടുത്തേക്ക് വന്ന്  ശബ്ദം താഴ്ത്തി പറഞ്ഞു, “ആ പവനെ പണ്ട് കാണാതെ പോയതല്ല, അവന്‍ നാടുവിട്ടു പോയതാ.” “എന്തിന്?”  “ഈ കുടുംബത്തിന് ഒരു ശാപം ഉണ്ട്, ഇവിടെ ആണുങ്ങള്‍ ഇരുപത് വയസ്സിന് അപ്പുറം ജീവിക്കാറില്ല. അത് പേടിച്ച് ഓടി പോയതാണ് അവൻ!”.  അവന്‍റെ ഉള്ളില്‍ ഒരു കുഴിമിന്നി പൊട്ടി, കല്യാണിക്കാവ് പാടത്ത് പൊട്ടാതെ ബാക്കിയായ ഒന്ന്. അവന്‍ ആ വീട് ഒന്നുകൂടെ നോക്കി, ആളും മനുഷ്യരുമില്ലാത്ത തന്‍റെ വീട് പോലെയല്ല, പുറത്ത് വിടാതെ പിടിച്ചുവെക്കാന്‍ അനേകം പരിചാരകരും കാവല്‍ക്കാരും, ചാടിക്കടക്കാനാവാത്ത വലിയ മതിലും! അവന്‍റെ നോട്ടം കണ്ടിട്ടായിരിക്കണം, അവര്‍ പറഞ്ഞു, “അവരുടെ മോന്‍ ഒരിക്കല്‍ നാടുവിട്ടതുകൊണ്ട് നിന്നെ എന്തായാലും അവര്‍ നല്ലോണം ശ്രദ്ധിച്ചോളും” സ്ത്രീ പുറത്തേക്കു നടന്നു.

മുറിയിലുണ്ടായിരുന്ന വലിയ നിലകണ്ണാടിയുടെ മുന്നില്‍ പോയി ആകാശ് പവന്‍ദാസിനെ നോക്കി. പേരില്ലൂരില്‍ മുപ്പത് വയസ്സ് വരെ ജീവിക്കേണ്ടവന്‍  നാടുവിട്ട് ഔറംഗാബാദില്‍ വന്ന് ഇരുപതാം വയസ്സിൽ മരണം വരിക്കുന്ന ആ സംഭവം എന്തായാലും കാലന്  സൌഹൃദസദസ്സില്‍ പൊട്ടിച്ച് ചിരിയും കയ്യടിയും വാങ്ങാനുള്ളതുണ്ട്.

പുറപ്പെട്ടുപ്പോയ തരി

ധൃതിയിൽ മരിച്ചുപോകുന്ന ശീലമുണ്ടായിരുന്നു അവന്‍റെ വീട്ടിലെ പുരുഷന്മാർക്ക്. അവന്‍റെ അച്ഛനും, അച്ഛച്ഛനും വയസ്സ് നാൽപ്പതാവാൻ കാത്തുനിന്നിട്ടില്ല. വല്യച്ഛനും രണ്ടു മക്കളും അവരേക്കാൾ ധൃതി കാണിച്ച് മുപ്പത്തിൽ തന്നെ ഭൂമി വിട്ടു. തലനരച്ച ഒരു പുരുഷന്‍റെയും ഫോട്ടോയോ, ഓർമ്മകളോ ആ വീട്ടിലില്ല…. പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രത്തിന് എതിരെയായി നിൽക്കുന്ന ആ വീടിനാണ് പ്രശ്നമെന്നാണ് കവടി ഗണിച്ചവരെല്ലാം പറഞ്ഞത്. ശരിയായിരിക്കണം, ചെറുപ്പത്തിൽ തന്നെ നാടുവിട്ടുപോയ അവന്‍റെ അച്ഛന്‍റെ വല്യമ്മാമ അറുപത്തിയഞ്ചു വയസ്സുവരെ ബോംബെയിൽ ജീവിച്ചിട്ടുണ്ട്. ഒടുവിൽ ഭാഗം ചോദിക്കാനായി നാട്ടിൽ വന്നപ്പോൾ, വീതിച്ചുകിട്ടണം എന്നാഗ്രഹിച്ചിരുന്ന കുളത്തിലേക്ക് വീണാണ് വല്യമ്മാമ എണ്ണം കൊടുത്തത്. 

പതിനെട്ട് കഴിഞ്ഞതോടെ സ്വാഭാവികമായും അവന്‍റെ ചിന്തകളിലേക്ക് ഓലക്കീറും വെള്ളത്തുണിയുമെത്തി. ഐവർമഠത്തിന്‍റെ വണ്ടി സ്വപ്നങ്ങളില്‍ മുറ്റത്ത് വന്നുനിന്ന് വിറകും ഗ്യാസ് കുറ്റിയും ബ്ലോവറും ഇറക്കുന്നതും  കാണാൻ തുടങ്ങി, അമ്പിളികുന്നത്തെ കാലൻ കോഴിയുടെ ഓരോ കൂവലിലും ബന്ധുക്കളും നാട്ടുകാരും അവനെ വെറുതെയോർക്കാൻ തുടങ്ങി. പതിയെ, ജീവിച്ചിരിക്കുന്നത് മരിക്കാതിരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിത്തുടങ്ങി. കാലൻ കുരുത്തക്കേട് കാണിക്കുമെന്നു കരുതി ആരും കടം തരുന്നില്ല,  കൂടെ നടക്കുന്നില്ല, കൂട്ടുകാർ അവരുടെ ബൈക്കിൽ പോലും കയറ്റുന്നില്ല. തിടുക്കത്തിൽ വിധവയാവാൻ വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടികളും അടുക്കുന്നില്ല. അവൻ  വീടിന് തീയിടണോ, അതോ നിരീശ്വരവാദി ആവണോ എന്ന ചിന്തകളിലേക്ക് കടന്നു.

‘നാടുവിടടാ!’ ഒരു ദിവസം കുളത്തിൽ മുങ്ങാൻകുഴി ഇടുമ്പോൾ വെള്ളത്തിനടിയിൽ വെച്ച് വല്യമ്മമായുടെ ശബ്ദം കേട്ടു. കരയിലേക്ക് കയറി തോർത്തും മുൻപ് അവൻ ചേക്കേറാൻ പറ്റിയ നാടും നഗരങ്ങളും ആലോചിച്ചെടുക്കാന്‍ തുടങ്ങി. ബോംബെയിൽ വല്യമ്മാമ കഴിച്ച രണ്ടു കല്യാണങ്ങളിലെ സന്തതി പരമ്പരകൾ മുന്നിലുണ്ട്. അതിലും വടക്ക് ഹരിയാനയിൽ അരി കച്ചവടം നടത്തുന്ന ഭാസിയേട്ടനുണ്ട്, സിക്കിം പോലീസിൽ അയൽവാസി കുഞ്ഞിക്കണ്ണനുണ്ട്. മുന്നിൽ വഴികൾ കൂടിയാലും പ്രശ്നമാണ്. രണ്ടര ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ അതേ കുളക്കരയിൽ ചെന്നിരുന്ന് മൂന്ന് കല്ലെടുത്ത് നീട്ടിയെറിഞ്ഞപ്പോൾ തലയ്ക്കകത്ത് ഓളം വെട്ടി. ‘വല്യമ്മമായുടെ വഴിയേ പോവാം… ‘ പക്ഷെ വീടിരിക്കുന്നിടത്തുനിന്ന് അമ്പത് കിലോമീറ്ററിനപ്പുറം താനിതേവരെ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ അതേ ഓളം പരിഭ്രമത്തിന്‍റെ ചുഴിയായി, ബേജാറിന്‍റെ തിരയായി.  

ആ സമയത്താണ് കേളാഗൂറിലേക്ക് ഒരു  ചായകുടിക്കാൻ പോയ ചേക്കുട്ടി നാട്ടിലേക്ക് തിരിച്ചുവരുന്നത്. സഞ്ചാരത്തിന്‍റെ കാര്യത്തിൽ പേരില്ലൂരിന്‍റെ സന്തോഷ് ജോർജ് കുളങ്ങരയായിരുന്നു ചേക്കുട്ടി. ചേക്കുട്ടി പോവാത്ത നാടുകളില്ല, കാണാത്ത മനുഷ്യന്മാരില്ല…. ലോകം മൊത്തം സഞ്ചരിക്കാനുള്ള സീസൺ ടിക്കറ്റ് കിട്ടിയ ഒരു മനുഷ്യൻ. എത്ര കറങ്ങിതിരിഞ്ഞാലും രണ്ടു മാസത്തിലൊരിക്കൽ ചേക്കുട്ടി തിരിച്ച് നാട്ടിലെത്തും. “ഉമ്മയോളം വലിയൊരു നാടില്ല” ചേക്കുട്ടി കാരണം പറയും. അർത്ഥം മനസ്സിലായില്ലെങ്കിലും കേട്ടവർ തലയാട്ടിക്കൊടുക്കാറുണ്ടായിരുന്നു. 

പേരറിയാത്ത ഊരുകളുടെ മണങ്ങൾ കൊണ്ട് പേരില്ലൂരിൽ വന്നിറങ്ങുന്ന ചേക്കുട്ടി ആദ്യം തന്‍റെ ട്രങ്ക് പെട്ടി നിലത്തുവെച്ച് മണ്ണിൽ ഒന്നുമ്മ വെക്കും. പിന്നെ തലചെരിച്ച് അതേ മണ്ണിന്‍റെ ചെവിയിൽ പറയും, “ചേക്കുട്ടി ഇങ്ങെത്തി!”പിന്നെ വീടെത്താനുള്ള ധൃതിയാണ് ചേക്കുട്ടി മൂപ്പരുടെ കാലുകൾക്ക്. പടി കടന്നുചെല്ലുന്ന ചേക്കുട്ടി, ആദ്യമായി കാണുന്ന ഒരു മലയെപോലെ സ്വന്തം വീടിനെ നോക്കി കുറേനേരം നിൽക്കുന്നത് കാണാം… നൊസ്സിറങ്ങിപോവുന്നത് അപ്പോഴാണത്രേ! നൊസ്സില്ലാത്ത ചേക്കുട്ടിയെ മാത്രമേ ഉമ്മ വീട്ടിൽ കയറ്റിയിരുന്നുള്ളൂ… വരവറിയിച്ചുകൊണ്ട് തലയ്ക്കകത്തെ മരപ്പൊത്തിൽ നിന്നും ഒരു വണ്ട് മൂളാൻ തുടങ്ങുമ്പോൾ ചേക്കുട്ടി പെട്ടിയുമെടുത്ത് ഇറങ്ങുകയും ചെയ്യും.

പാതി കറുപ്പും പകുതി വെളുപ്പും നിറമുള്ള ചുവരുള്ള മുറിയിലേക്ക്, ഏത് താക്കോലിട്ടു തിരിച്ചാലും തുറക്കുന്ന തന്‍റെ ട്രങ്ക് പെട്ടി തുറന്ന് ചേക്കുട്ടി എന്തോ എടുത്തുവെക്കുമ്പോഴാണ് അവൻ കേറി ചെന്നത്. അയാൾ അതവന് കാണിച്ചുകൊടുത്തു, ഒരു വെളുത്ത കല്ലുവെച്ച മൂക്കുത്തി. “അതാണ് ശ്രീദേവി”. ചേക്കുട്ടി പറഞ്ഞു, അവനെ നോക്കി ശ്രീദേവി ചിരിച്ചു. മുറിയിലപ്പോൾ തേയില വാസനിക്കുന്നുണ്ടായിരുന്നു.

പോയ ഓരോ നാട്ടിൽ നിന്നും ചേക്കുട്ടി ഇങ്ങനെ ഒരോ ഓർമ്മ കൊണ്ടുവന്നിട്ടുണ്ടാവും. കശ്മീരിലെ തണുത്ത കൂരിരുട്ടിൽ ഒരു നാണക്കാരി പുതയ്ക്കാൻ കൊടുത്ത കോട്ടൻഷാൾ. ധനുഷ്കോടിയിൽ വെച്ച് കൈവെള്ളയിൽ തടഞ്ഞ ഹനുമാന്‍റെ കീ ചെയിൻ (ഹനുമാൻ ഉപയോഗിച്ചിരുന്നതല്ല), ബാഗാ അതിർത്തിയിൽ നിൽക്കുമ്പോൾ പാകിസ്ഥാനിൽ നിന്നും കാറ്റത്ത് പാറി വന്ന ഒരു വെള്ളത്തുണി (പുള്ളിയുള്ളത്). അങ്ങനെ താന്താങ്ങളുടെ ജീവചരിത്രമുള്ള കുറെ ജീവനില്ലാ വസ്തുക്കൾ. ‘ചേക്കുട്ടി മ്യൂസിയം’ എന്നാണ് ആ മുറിയെ നാട്ടുകാർ വിളിച്ചുപോന്നിരുന്നത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടില്ലാത്തതുകൊണ്ട് ആർക്കും അവിടെ ടിക്കറ്റില്ലാതെ പ്രവേശിക്കാമായിരുന്നു..

ശ്രീദേവിയെ തിരിച്ചേൽപ്പിച്ച് അവൻ ചേക്കുട്ടിയോട് തന്‍റെ ആഗ്രഹം പറഞ്ഞു, ‘എനിക്ക് പൂനെ കാണണം’. എന്നെന്നേക്കുമായി നാടുവിടുകയാണെന്ന ലക്ഷ്യം അവൻ ചേക്കുട്ടിയിൽ നിന്ന് മറച്ചു. പൂനെയിലെത്തി ‘ചേക്കുട്ടിയുടെ കണ്ണുവെട്ടിച്ച് ആൾക്കൂട്ടങ്ങളുടെ മേഘങ്ങളിലേക്ക് ഒരപ്പൂപ്പൻതാടിയെപോലെ ചേരാനായിരുന്നു അവന്‍റെ ഉദ്ദേശ്യം, ശേഷം തീവണ്ടിയിലോ ബസ്സിലോ ആയി വല്യമ്മാമയുടെ ബോംബെ! അന്വേഷിച്ച് പുറപ്പെടുന്നവരുടെ വഴി തെറ്റിക്കലായിരുന്നു അവന്‍റെ പരമമായ ലക്‌ഷ്യം. പക്ഷെ വല്യമ്മമായുടെ രണ്ടു ഭാര്യ വീട്ടിലും പോവാതെ ആ നഗരത്തിന്‍റെ ഭാഗമാവണം.. അറുപ്പത്തിയഞ്ചു വയസ്സുവരെ വലിയമ്മമായെ പൊതിഞ്ഞു സംരക്ഷിച്ച ആ നഗരത്തെ അവൻ വിശ്വാസത്തിലെടുത്തിരുന്നു.

അവൻ പറഞ്ഞത് കേട്ടയുടൻ ചേക്കുട്ടി അടുത്തുവന്ന് കെട്ടിപ്പിടിച്ചു സന്തോഷത്തോടെ പിടിച്ച് കുലുക്കി.“ഇന്നാട്ടിൽ ആദ്യമായിട്ടാണ് ഒരാൾ എന്‍റെ കൂടെ യാത്ര വരണമെന്ന് പറയുന്നത്, ഞാൻ കൊണ്ടുപോവാടാ…”. ആ ആഹ്ളാദത്തിലവൻ വള്ളിക്കാവില് ചേക്കുട്ടിയുടെ പേരില്‍ കഠിനപായസവും രക്തപുഷ്പാഞ്ജലിയും നേർന്നു. യാത്ര വളരെ രഹസ്യമായിരിക്കണം എന്നാണ് അവൻ ചേക്കുട്ടിയുടെ അടുത്ത് വെച്ച ഒരേയൊരു നിബന്ധന. ചേക്കുട്ടി തിരിച്ചൊന്നും വെച്ചതുമില്ല. “പോവാൻ നേരമാവുമ്പോൾ ഞാൻ പറയാം…”

അസാധാരണമാംവിധം ഇഴഞ്ഞു നീങ്ങിയ ഒരു മാസം… തേങ്ങയും അടക്കയും പതിവില്ലാത്ത രീതിയിൽ കുറഞ്ഞത് കണ്ട് അവന്‍റെ അമ്മയ്ക്കും അമ്മമ്മയ്ക്കും സംശയം തോന്നിയില്ല. പാറയിലെ പറമ്പിലുണ്ടായിരുന്ന രണ്ടു ചന്ദനമരങ്ങൾ അപ്രത്യക്ഷമായതും അവരറിഞ്ഞില്ല. കാരണവന്മാര്‍ നട്ട കായ്‌ഫലങ്ങൾ അവന്‍റെ  യാത്രാ ഫണ്ട്  നിറയ്ക്കുകയായിരുന്നു…ചേക്കുട്ടിയ്ക്ക് അടുത്ത നൊസ്സ് വരാൻ അവൻ കാത്തിരുന്നു…

കല്യാണിക്കാവ് വേലയുടെ അന്ന്, ഇരട്ടക്കുളത്തിന് അടുത്തുള്ള പാടത്ത്‌ വെടിക്കെട്ട് കാണാൻ നിൽക്കുമ്പോൾ അവനെ തേടി പിന്നിലെ തെങ്ങിൻതോപ്പിലെ ഇരുട്ടില്‍ നിന്നൊരു വിളിയെത്തി, “ആകാശേ…” ആദ്യത്തെ കുഴിമിന്നിയില്‍ അവന്‍ ശബ്ദത്തെ കണ്ടു, ചേക്കുട്ടിയാണ്.“ഇപ്പൊ ഇറങ്ങണം, പതിനൊന്നരയ്ക്കാണ് തീവണ്ടി”. അപ്രതീക്ഷിതം! വെടിക്കെട്ടും ദീപാരാധനയും പാടവും കുളവും  കുന്നത്തെ വൈകുന്നേരങ്ങളും മില്ലുംപറമ്പിലെ വോളിബോൾ കളിയും താനിവിടെ ഉപേക്ഷിക്കുകയാണെന്നോർത്തപ്പോൾ അവന് സങ്കടമുണ്ടായി. പക്ഷെ ഭൂമി ഉപേക്ഷിച്ചു പോവുന്നതിനെക്കാള്‍ വലുതല്ലല്ലോ നാടുപേക്ഷിക്കുന്നത്. ചേക്കുട്ടി തന്‍റെ ട്രങ്ക് പെട്ടി നിറച്ചാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. നാട്ടുകൂട്ടം കമ്മിറ്റിയുടെ കരിമരുന്ന് പ്രയോഗം ആകാശത്ത് ചന്തം ചാര്‍ത്തുമ്പോള്‍ അവന്‍ തിരിഞ്ഞുപോലും നോക്കാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു.  

നാടുവിടലിന്‍റെയും ആത്മഹത്യയുടെയും തൊട്ടുമുമ്പിലെ നിമിഷങ്ങൾക്ക് ഒരേ ഛായയാണെന്ന് തോന്നി അവന്. അത് അതിജീവിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും ചേക്കുട്ടി വീണ്ടും വീണ്ടും നാട്ടിലേക്ക് തിരിച്ചു വരുന്നത്. ചേക്കുട്ടിയെ പുറത്ത് കാത്തുനിര്‍ത്തി ബാഗും കാശുമെടുത്ത് അവന്‍ വീട്ടിൽനിന്നും വേഗത്തിലിറങ്ങി. ആറര അക്ഷരതെറ്റുകളുള്ള ഒരു യാത്രപറച്ചില്‍ കുറിപ്പ് അവന്‍ ചേക്കുട്ടി കാണാതെ ഉമ്മറത്ത് വെച്ച് ഇറങ്ങി…    ഇനിയൊരു മടക്കം ഉണ്ടാവുമോന്ന് ഉറപ്പില്ലാത്ത യാത്ര…. ദൂരെ, കല്യാണിക്കാവിലെ അവസാനത്തെ കുഴിമിന്നി അവനെ നോക്കി പൊട്ടി.

കുറ്റിപ്പുറത്തെ സ്റ്റേഷനിൽ അവൻ ആദ്യമായിട്ടായിരുന്നു. പട്ടരുടെ ഹോട്ടലില്‍ ചായകുടിക്കാന്‍ കയറിയപ്പോള്‍ ചേക്കുട്ടി അവിടെനിന്നൊരു ഒരു ഗ്ലാസ് എടുത്ത് പോക്കറ്റിലിടുന്നത് അവന്‍ ശ്രദ്ധിച്ചു.“എത്ര നാളാന്നെന്ന് വെച്ചാ പോകുന്ന തീവണ്ടികളെയും കണ്ട് ഇവനിങ്ങനെ ഈ സ്റ്റേഷനില്‍ ഇരിക്കുക. അവനും കാണട്ടെ ലോകം.” ചേക്കുട്ടി പലരെയും ഇങ്ങനെ നാട് കാണിക്കാറുണ്ടെന്നു അവനു മനസ്സിലായി. പണ്ടൊരിക്കല്‍ ചേക്കുട്ടി യാത്രയ്ക്ക് പോയ ഒരു ദിവസം തന്നെ ‘തന്‍റെ പൂച്ചയെ കാണാനില്ല’ എന്ന് കാര്‍ത്യായിനി പരാതി പറഞ്ഞത് അവനോര്‍ത്തു. ‘പുണ്യം ചെയ്ത പൂച്ച’! അതേ നിമിഷത്ത് ആ പൂച്ചക്കുട്ടി  വിജയവാഡയിലെ ഒരു ചേരിയിൽ, പുളിഹോര കഴിച്ച് മടുത്ത് കാര്‍ത്യായിനിയുടെ പഴങ്കഞ്ഞിയും സ്വപ്നം കണ്ടു താടിക്ക് കയ്യുംവെച്ച് കിടക്കുകയായിരുന്നു. പൂച്ചക്കുഞ്ഞിനെയോ ചായഗ്ലാസ്സിനെയോ പോലെയല്ല ഞാൻ, സ്വമനസ്സാലെ ചേക്കുട്ടിക്ക് ഒപ്പം ഇറങ്ങി തിരിച്ചതാണ്, എങ്കിലും, ആരെങ്കിലും തങ്ങളെ കണ്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്ക് മടങ്ങിയെത്തുന്ന ചേക്കുട്ടിയ്ക്കെതിരെ ഒരു പോലീസ് കേസ് വരാൻ സാധ്യതയുണ്ട്. സിന്ധു വല്യമ്മ എന്തായാലും പോയി സ്റ്റേഷനിൽ പരാതി കൊടുക്കുമെന്ന് ഉറപ്പാണ്. ചേക്കുട്ടിയോട് ചെയ്യുന്ന വഞ്ചനയ്ക്കുള്ള മാപ്പ് അവൻ അപ്പഴേ മനസ്സിൽ പറഞ്ഞുവെച്ചു.

അവന്‍റെ പോയ കാലങ്ങളുടെ നിറം പോലെ കറുത്തിരുണ്ട് നിന്നിരുന്ന  പാളത്തിലേക്ക് ഒരു പ്രകാശത്തോടെ പൂർണ്ണ എക്സ്പ്രസ് വന്നുനിന്നു. ഈ വണ്ടിയിൽ അവനെപോലെ നാടുവിടുന്നവര്‍ എത്രപേര്‍ കാണുമായിരിക്കും? വിശ്വാസങ്ങളുടെയും അനുഭവങ്ങളുടെയും കനം കൊണ്ട് നാടുപേക്ഷിക്കുന്ന താൻ മാത്രമേ കാണൂ. കെട്ടുപൊട്ടി ചിതറുന്ന അലസചിന്തകളുടെ മനോഗർത്തങ്ങൾ. അവനതിൽ ദിശാസൂചി ഇല്ലാതെ അലഞ്ഞുകൊണ്ടിരിക്കെ തീവണ്ടി ചൂളം വിളിച്ചതായി അഭിനയിച്ച് പതിയെ നീങ്ങി തുടങ്ങി.  നാട് കൊളുത്തി വലിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവന്‍ കണ്ണടച്ച് ഇരുന്നു. ചെമ്പിക്കല്‍ എത്തും വരെ കൈവീശി യാത്രപറഞ്ഞുകൊണ്ട് പാളത്തിനൊപ്പമൊഴുകുന്ന ഭാരതപുഴയും, ചെല്ലൂര്‍ കുന്നും, തിരുനാവായയിലെ താമരപ്പാടങ്ങളും കഴിഞ്ഞ് തീവണ്ടി,  തിരൂരിന്‍റെ വെറ്റില മണക്കുന്ന പ്ലാറ്റ് ഫോമില്‍ തൊട്ടപ്പോള്‍  മാത്രമേ അവന്‍ കണ്ണ് തുറന്നുള്ളൂ… അരികിലൂടെ ഓടിവന്നൊരു ചായക്കാരനിൽ നിന്ന് കാപ്പി വാങ്ങികുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരാശ്വാസം. ഒന്നരകപ്പ് കാപ്പിയ്‌ക്ക്‌ ശേഷം പിന്നെ പുതിയ കാഴ്ചകള്‍ കാണാന്‍ മനസ്സ് പാകപ്പെട്ട ഒരു യാത്രികനായി മാറി അവന്‍.  

മുറിച്ച് കടക്കുന്ന ഓരോ സ്റ്റേഷനുകളും, ഓരോ പാലങ്ങളും മരണത്തിൽ നിന്നും ജീവിതത്തിലേക്കവനെ മടക്കികൊണ്ടുപോവുകയാണ്‌… തറവാട്ടിലെ അവനറിയാവുന്ന ജീവിച്ചിരുന്നവരെയും ജീവിച്ചിരിക്കുന്നവരെയും അവൻ ഓരോന്നായി ഓർത്തു. ശാപമേൽക്കുമെന്ന് ഭയന്ന് സിന്ധു വല്യമ്മയെ കല്യാണം കഴിക്കാൻ മടിച്ച് ജീവിക്കുന്ന ശക്തനെന്ന പോലീസുകാരനെയും ഓർത്തു. എല്ലാവരുമിപ്പോൾ തന്നെക്കുറിച്ചുള്ള ചർച്ചകളിലായിരിക്കും, ഇഹലോകത്തും പരലോകത്തും.

ഭട്കൽ കഴിഞ്ഞ് ഇന്ത്യൻ റയിൽവേക്കു പോലുമറിയാത്ത ഏതോ സ്റ്റോപ്പില്ലാത്ത ഒരു സ്റ്റേഷനിൽ തീവണ്ടി പിടിച്ചിട്ടപ്പോൾ, ‘ഇവിടെ നല്ല വട പാവ് കിട്ടും’ എന്ന് പറഞ്ഞ് ചേക്കുട്ടി അവനെയും കൂട്ടി ഇറങ്ങി. നടന്ന് വടാപ്പാവ് കടയുടെ മുന്നിൽ എത്തിയപ്പോഴേക്കും തീവണ്ടി ചൂളം വിളിച്ചു. തിരിഞ്ഞോടാൻ നിന്ന അവനെ ചേക്കുട്ടി തടഞ്ഞു, “നമുക്ക് അടുത്ത ട്രെയിനിന് പോവാം”ചേക്കുട്ടി പറഞ്ഞത് ശരിയായിരുന്നു, നല്ല അസ്സല് വടാപാവ്. പക്ഷെ അടുത്ത ട്രെയിൻ പിറ്റേന്ന് ഉച്ചക്കായിരുന്നു!! 

ആ രണ്ട് പേരില്ലൂരുകാരും അന്ന് റയിൽവേ സ്റ്റേഷനിൽ തന്നെ കിടന്നു, അന്നാട്ടിൽ വേറെ ഹോട്ടൽ ഇല്ലായിരുന്നുകൊണ്ട് സംഭവം കുശാലായിരുന്നു, ഉച്ചയ്ക്ക് വടാ പാവ്, രാത്രി വടാപാവ്, പിറ്റേന്ന് രാവിലെ പ്രാതൽ വടാപാവ്, ഉച്ചയ്ക്ക് പിന്നേം വടാപാവ്… ഉച്ചതിരിഞ്ഞ്, ആരുടെയോ സുകൃതം കൊണ്ടു നിർത്തിയൊരു ട്രെയിനിയിൽ കയറി സീറ്റ്‌ പിടിച്ച്, കനത്തില്‍ ഒരു ദീര്‍ഘനിശ്വാസം അവനോട് ചേക്കുട്ടി ചോദിച്ചു, “വടാപാവ് ഇഷ്ടപ്പെട്ടോ?” അവൻ തല വല്ലാണ്ട് ആട്ടിയില്ല…. ട്രെയിൻ നീങ്ങി തുടങ്ങിയിട്ടേയുള്ളൂ, ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാ തന്നെയും വിളിച്ചുകൊണ്ടു വീണ്ടും പുറത്തിറങ്ങാൻ സമയമുണ്ട്…

തീവണ്ടി ജനാലയ്ക്കപ്പുറത്തെ മാറികൊണ്ടിരുന്ന മണങ്ങളുടെയും നിറങ്ങളുടെയും മുഖങ്ങളുടെയും ഒഴുക്കിനിടയിലെപ്പോഴോ ചേക്കുട്ടിയെ നോക്കിയപ്പോള്‍, അയാള്‍ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നതാണ് അവൻ കാണുന്നത്.  “നീ ഇനി നാട്ടിലേക്ക് തിരിച്ച് ഇല്ല അല്ലേ?” ചേക്കുട്ടിയുടെ മുഖത്ത് നിഗൂഢതയുടെ പേശികള്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നു അവനാദ്യമായി അറിഞ്ഞു. ആരോടും പുറത്ത് പറഞ്ഞിട്ടില്ലാത്ത രഹസ്യമെങ്ങനെ അയാൾ കണ്ടുപിടിച്ചെന്ന് ആശ്ചര്യപ്പെട്ടിരിക്കവേ ചേക്കുട്ടി തന്നെ വെളിപ്പെടുത്തി, “തോനെ യാത്ര ചെയ്ത് അനുഭവങ്ങളുള്ളവർക്ക്, യാത്രയ്ക്ക് പുറപ്പെട്ട ഒരുത്തന്‍റെ മുഖത്തേക്ക് നോക്കിയാലറിയാൻ കഴിയും, അവന്‍റെ യാത്ര എന്തിനാണെന്ന്”. അവൻ പതറി. “ആ മലയിൽ നിന്ന് ഈ തീവണ്ടി പോവുന്നത് കാണാൻ നല്ല രസമുണ്ടാവുമല്ലേ?”. വിഷയം മാറ്റാൻ വേണ്ടി തൊട്ടടുത്ത ഒരു മലയിലേക്ക് നോക്കി അവൻ പറഞ്ഞു.   “ന്നാ വാ… പോയിട്ട് കാണാം…” എന്ന് പറഞ്ഞു ചേക്കുട്ടി ചങ്ങല വലിച്ച് തീവണ്ടി നിർത്തി അവനെയും വലിച്ച് ഇറങ്ങി! അടുത്ത വിഭ്രമം!!കോഴിക്കോട് ക്രൗണിൽ നിന്ന് അവതാർ കണ്ടപ്പോ പോലും ഇങ്ങനെയൊരു മായലോകത്ത് പോയ അനുഭവമുണ്ടായിട്ടില്ല. പറഞ്ഞു മാത്രം കേട്ടിട്ടുള്ള ചേക്കുട്ടിയുടെ നൊസ്സ് അവൻ അറിഞ്ഞനുഭവിച്ചു തുടങ്ങുകയായിരുന്നു….

 

Part 02 : http://deepu.me/2024/07/13/purappettupoya_thari_02/

കുഞ്ഞിഖാദറിന്റെ ഐറണി

രണ്ടാം ലോക മഹായുദ്ധത്തിന്റെ പീക്ക് ടൈമില്‍ മദിരാശി ബോംബിട്ട ശേഷം തിരിച്ചു പോവുകയായിരുന്ന ജപ്പാന്‍ കപ്പല്‍ പൊന്നാനി നങ്കൂരമിട്ടിട്ട് മോരും വെള്ളം വാങ്ങി കുടിച്ച ആലിപ്പറമ്പിലെ ഹംസക്കയുടെ തറവാട്. മോരും വെള്ളത്തിന്റെ ടേസ്റ്റില്‍ കൃതാര്‍ഥനായി കപ്പല്‍ ക്യാപ്റ്റന്‍ ഹംസക്കയുടെ വാപ്പയ്ക്ക് ഒരു തെങ്ങിന്‍ തൈ സമ്മാനിച്ചു, ‘ടോക്കിയോ മിത്ര’. ഇതാണ് ചരിത്രമെന്ന് ഹംസക്ക പറയും, ഞങ്ങള് ‘വിടല്’ എന്നും. പറമ്പില്‍ പ്രത്യേകം താബൂക്ക് കെട്ടി സംരക്ഷിച്ചിട്ടുള്ള ആ തെങ്ങാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേങ്ങയുണ്ടാവുന്ന തെങ്ങ് എന്നും കൂടെ ഹംസക്ക വിടും.. ഈ വിടലുകള്‍ കേട്ട് മണ്ട കാഞ്ഞിട്ടാണോ എന്തോ, ഒരുദിവസം തെങ്ങ് ചതിച്ചു!

ഹംസക്കയുടെ തള്ളലിന്റെ അത്രയും ഇല്ലെങ്കിലും ആ പറമ്പില്‍ ഏറ്റവും കായ്ക്കുന്ന കല്പക വൃക്ഷം ആ തെങ്ങു തന്നെയായിരുന്നു.
പക്ഷേ ഒരു മിഥുനമാസത്തിലെ മണ്ടേ…. ഷഹളാധരന്‍ ആലിപറമ്പില് തന്റെ റൂട്ടീൻ തെങ്ങ് കയറ്റത്തിനു വന്നു. തനിക്ക് എണ്ണാന്‍ അറിയുന്ന സംഖ്യയിലും കൂടുതല്‍ തേങ്ങ തരുന്ന തെങ്ങാണ് എന്നുള്ളതിന്റെ കോൺഫിഡന്‍സില്‍ മുകളിലേക്കു നോക്കാതെയാണ് ഷഹളാധരന്‍ ആ തെങ്ങില്‍ കേറാറ്.
പക്ഷെ അന്ന് മുകളിലെത്തിയ ഷഹളാധരൻ മടവാള് പുറത്തെടുക്കും മുൻപ് ഒരൊറ്റ നിലവിളിയായിരുന്നു.
“അയ്യോ… ഹംസക്കാ!”

ആലിപറമ്പിലെ ടോക്കിയോ മിത്രയുടെ മണ്ടയ്ക്ക് നോക്കി ഹംസക്ക വായ പൊളിച്ചു. ഇനി വാ പൊളിച്ചു നിന്നിട്ട് കാര്യമില്ലെന്ന് വെളിപാട് വന്നപ്പോ അതടച്ചു. എന്നിട്ട് വലതു കൈ എടുത്ത് നെഞ്ചത്ത് കൈ വെച്ചു. ഒരു സ്തംബനത്തിന്റെ സാധ്യത ഹൃദയത്തിനു ഒത്തു കിട്ടിയിട്ടുണ്ട്, അത് വേണ്ടാന്ന് പറയാനാണ്.
‘ഇനി ഞാന്‍ എന്ത് ചെയ്യണം എന്ന ചോദ്യം ഷഹളു തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് തൊടുത്തുവിട്ടു.
“ഇയ് ഒന്നുംകൂടെ ഒന്ന് നോക്ക്യോക്കടാ”
ഇനി നോക്കാനൊന്നുമില്ല, ഒരൊറ്റ തേങ്ങ പോലുമില്ല… സംശയമുണ്ടെങ്കില്‍ ഹംസക്ക കേറി നോക്ക്.”

ഷഹളാധരൻ തളപ്പിട്ട്‌ താഴേക്ക് ഇറങ്ങുമ്പോള്‍ ഹംസക്കയുടെ നടുക്കം മേലോട്ട് ഉയരുകയായിരുന്നു. അത് പിന്നെ ആ തെങ്ങിനെക്കാള്‍ പൊക്കത്തിലെത്തി.
ആലിപറമ്പിലെ ഏറ്റവും പുഷ്ടിയുള്ള തെങ്ങ്… ഏത് വരണ്ട അവസ്ഥയിലും നൂറു തേങ്ങ മിനിമം തന്നിരുന്ന കല്പകം. ഹംസക്ക പട്ട വെട്ടിയിട്ട പോലെ ബോധം കെട്ടു വീണു.

തേങ്ങ പെറുക്കികൂട്ടാൻ വെച്ചിരുന്ന അറബാനയിൽ ഹംസക്കയെ എടുത്ത് ഇട്ട്
ഷഹളാധരൻ വണ്ടി സ്റ്റാർട് ചെയ്ത് വീട്ടിലേക്ക് ഉന്തി. താൻ ഏൽപ്പിച്ച ഇളനീര് കൊണ്ടുവരുകയാണെന്നാണ് ഉമ്മറത്ത് ഇരുന്നിരുന്ന ഹംസക്കയുടെ ഭാര്യ ഖദീജ, ദീർഘവീക്ഷണം അഥവാ ലോങ്ങ് സൈറ്റ്നെസ് കാരണം വിചാരിച്ചത്. അടുത്തെത്തിയപ്പഴാണ് അറബാനയിൽ കിടക്കുന്നത് അഞ്ചു പവൻ മഹറ് തന്ന് തന്നെ കെട്ടിയ അഞ്ചരയടിക്കാരനാണെന്ന്. അതോടെ അവര് തുടങ്ങി നിലവിളി. അത് കേട്ട് ഓടി വന്ന ഹംസക്കയുടെ മകൾ റംലയെ ഷഹളാധരൻ സമയോചിതമായി ഇടപെട്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അതിനുള്ള കൂലി അപ്പത്തന്നെ ഷഹളുവിന് ചെകിടടച്ച് കിട്ടി, ഓൻ പോയി.

ബോധം വന്ന ഹംസക്ക ആദ്യം കണ്ടത് മൂത്ത പുത്രനെയായിരുന്നു, കുഞ്ഞിഖാദർ! ചില കണ്ടുപിടുത്തങ്ങൾ കയ്യീന്ന് പോവാറുണ്ട്, അതിലൊന്നായിരുന്നു കുഞ്ഞിഖാദർ.
മകന്റെ മുഖത്ത് നോക്കി ഹംസക്ക ആദ്യം പറഞ്ഞത് ഒരു ക്ക്വോട്ടായിരുന്നു.
“തെങ്ങ് ചതിക്കൂലാന്നൊക്കെ വെറുതെ പറയുന്നതാ…. തെങ്ങു ചതിക്കും, തേങ്ങയും ചതിക്കും, ഓലയും മടലും കൊതുമ്പും മച്ചിങ്ങയും മാത്രമല്ല തെങ്ങുകേറ്റകാരൻ വരെ ചതിക്കും”
“വാപ്പയ്ക്ക് ശരിയ്ക്കും, ബോധം തന്നെയല്ലേ വന്നത്, അതോ വേറെന്തെങ്കിലുമാണോ?”
മോനായത് കൊണ്ട് തന്തയ്ക്ക് വിളിക്കാൻ പറ്റാത്ത മറ്റേ ആ ഭാവം ഉണ്ടല്ലോ, ഹംസക്കയുടെ മുഖത്ത് അത് വന്നു.

ബിഎസ്ഇ അഗ്രികൾച്ചർ പഠിക്കുന്ന കുഞ്ഞിഖാദറിനേയും കൊണ്ട് ഹംസക്ക തെങ്ങിന്റെ ചുവട്ടിലെത്തി. കുഞ്ഞിഖാദർ പരിശോധന തുടങ്ങി, വേറൊരു തെങ്ങിനും ഇല്ലാത്ത ഒരു പ്രശനം ഈ തെങ്ങിന് എന്താണ് എന്നൊന്ന് അറിയണമല്ലോ. ഡെഡ്ബോഡി ഇൻക്വിസ് ചെയ്യാൻ വന്ന പോലീസുകാരനെ പോലെ കുഞ്ഞിഖാദർ ചാഞ്ഞു ചെറിഞ്ഞും മറിഞ്ഞുമൊക്കെ പരിശോധിച്ചു.
ഹംസക്ക ചോദിച്ചു,
“മണ്ണ് ചവച്ച് നോക്കുന്നില്ലേ?”
“ഇല്ല. ആ ഷഹളാധരന് ഇടയ്ക്ക് തെങ്ങിന്റെ ചോട്ടിൽ മൂത്രമൊഴിക്കുന്ന ഒരു ശീലമുണ്ട്”
പരിശോധന കഴിഞ്ഞ കുഞ്ഞിഖാദർ ഹംസക്കയുടെ അടുത്തേക്ക് വന്നു,
“വാപ്പാ… ഇത് മറ്റതാണ്”
“ഏത് തണ്ടുതുരപ്പനോ?”
“അല്ല, കൂടോത്രം!”
“പ്പഫാ…! അന്നോട് തെങ്ങിന് എന്ത് അസുഖമാണ് എന്ന് നോക്കാനല്ലേ പറഞ്ഞത്.”
“അത് തന്നെയാ പറഞ്ഞത്, ഈ തെങ്ങിനും മണ്ണിനും ഒരു പ്രശ്നവുമില്ല ഇനി ആരെങ്കിലും കൂടോത്രം ചെയ്തത് മാത്രമാണ് ഒരു സാധ്യത”
ഹംസക്ക പല്ലു ഞെരിച്ചു. കാരണമുണ്ട്, കടുത്ത നിരീശ്വരവാദിയാണ് മൂപ്പര്. നാട്ടിലെ നിരീശ്വരവാദി സംഘടന, ‘ദൈവമില്ലാ സംഘ’ത്തിന്‍റെ എവര്‍ റോളിഗ് പ്രസിഡണ്ട്… അങ്ങനത്തൊരാള് എങ്ങനെ കൂടോത്രമാണെന്ന് സമ്മതിച്ചു കൊടുക്കും.
“പോടാ… അവന്റെ ഒരു കൂടോത്രം!”
അങ്ങനെ പറഞ്ഞ് നാല്‌ സെമസ്റ്ററുകളുടെ ഫീസ് വെള്ളത്തിലാക്കിയ മകനെ നല്ലൊരു ആട്ടാട്ടി തിരിച്ചു നടന്നെങ്കിലും, ഹംസക്ക കാര്യമായി ഈ അസ്വാഭാവിക പ്രതിഭാസത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. നാട്ടുകാർക്ക് മൊത്തം ഈ ഒരു ടോക്കിയോ മിത്രയ്ക്ക് നേരെ ഒരു കണ്ണുകടിയുള്ളത് ഹംസക്കയ്ക്ക് നേരത്തെ അറിയാം.
എന്തായാലും തെങ്ങിനെ ഒന്നു പരിപാലിച്ചേക്കാം എന്നു കരുതി, കൂലിപണിക്കാരൻ നാണുകുട്ടനോട് തെങ്ങിന്റെ തടം തുരക്കാനും വളമിടാനും വേണ്ടി ഫോണ് വിളിച്ചു വരാൻ പറഞ്ഞു.

മൂലേപറമ്പിലെ മണിമാഷുടെ മോള്, കുളംങ്കരയിലെ ഗായത്രി…..
അങ്ങനെ കണക്കില്ലാത്ത വായനോട്ടങ്ങളും വണ്‍ വേ പ്രണയങ്ങളും ചീറ്റി കാളിയ ക്ഷീണത്തിലിരിക്കുന്ന ശ്രീകുട്ടനും അനിയന്‍ വാസുവും ഈ സമയം ഒരു ഡിസ്കഷനിലായിരുന്നു. സ്വന്തം ഏട്ടന് ഒരു പെണ്ണ് സെറ്റാക്കികൊടുക്കാൻ ഏതറ്റം വരെയും പോവും എന്ന് ശപഥം എടുത്ത ഒരനിയനും, എന്നാൽ അങ്ങനൊരു യോഗം ജാതകത്തില് പോയിട്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റില് പോലും ഇല്ലാത്ത ഒരേട്ടനും. വാസു പറഞ്ഞു,
“കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഏട്ടന് പുതിയ ആരോടെങ്കിലും താത്പര്യമുണ്ടോ”
ശ്രീകുട്ടൻ ലൈറ്റ് ആയിട്ടൊന്നു പുഞ്ചിരിച്ചു, കാമുകൻ നാപ് കഴിഞ്ഞിട്ടുണർന്നതാണ്!
“ദേവു, ഉണ്ണി മാഷിന്റെ മോള്”
കനകാംബരത്തിന്റെ കണ്ണും കാട്ടുതെച്ചിയുടെ കവിളുമുള്ള ദേവു എന്ന മിസ്സ് പത്താം വാര്‍ഡ്. ഇപ്പോ സെറ്റ് പല്ലിട്ടിരിക്കുകയാണ്… അതും കൂടി സെറ്റായാല്‍ മിസ്സ് പഞ്ചായത്ത്!
“എന്നാ പിന്നെ അവളെ നോക്കിക്കൂടെ ഏട്ടാ?”
“പക്ഷേ ഒരു പ്രശ്നമുണ്ട്…. അവര് കുടുംബമടച്ച് നിരീശ്വരവാദികളാ… നമ്മളാണെങ്കിൽ വീട്ടിൽ കള്ളൻ കേറിയാൽ ടോർച്ചെടുക്കും മുൻപ് കഠിനപായസം നേരുന്നു ഒരു ഫാമിലിയും”
അതെ…. പ്രശ്നമാണ്, ഹംസക്ക പ്രസിഡന്റായ ദൈവമില്ലാ സംഘത്തിൽ ജന്മനാ മെമ്പറായവളാണ് ദേവു, അതിന്റെ കോ ഫൌണ്ടറും സെക്രട്ടറിയുമാണ് അവളുടെ അച്ഛന്‍ ഉണ്ണി മാഷ്. വാസു പക്ഷെ കാലെടുത്ത് വെച്ചിരുന്നു, ഇനി മുന്നോട്ട് തന്നെ,
“നിരീശ്വരവാദികളല്ലേ…. അല്ലാണ്ട് സാത്താന്‍ സേവകരൊന്നും അല്ലല്ലോ നമുക്ക് നോക്കാം”
“എന്നാലും…”
“എന്ത് എന്നാലും….ഏട്ടാ, കല്യാണചിലവ് നോക്കുമ്പോള്‍ സ്‌പെഷൽ മാര്യേജ് ആക്ട് വഴി കെട്ടുന്നത് തന്നെയാണ് നല്ലത്.”
ശ്രീകുട്ടൻ വീണ്ടും അനിയന്റെ വാക്ക് കേട്ട് ട്രൗസറിടാൻ തുടങ്ങി….

ആ ആഴ്ചയിലെ ദൈവമില്ലാ സംഘത്തിന്റെ വാരാന്ത്യ മീറ്റിങ് നടന്നത് ഹംസക്കയുടെ വീട്ടുമുറ്റത്താണ്.
ഉണ്ണി മാഷ് എഴുന്നേറ്റ് നിന്ന് പറഞ്ഞു,
“ഇന്ന് നമ്മുടെ സംഘടനയിലേക്ക് നാട്ടിലെ പുതിയ രണ്ടു പേര്‍ കൂടി ജോയിന്‍ ചെയ്തിട്ടുണ്ട്. നാട്ടിലെ യുവരക്തങ്ങള്‍ കൂടി നിരീശ്വരവാദത്തിലേക്ക് വരുന്നത് തീര്‍ച്ചയായും ശുഭസൂചനയാണ് ”
ശ്രീകുട്ടനും വാസുവും എല്ലാവരോടുമായി കൈ വീശി പുഞ്ചിരിച്ചു.
അന്നത്തെ കാര്യപരിപാടികൾ വിശദീകരിക്കുമ്പോൾ ശ്രീകുട്ടന്‍റെ കണ്ണുകള്‍ മൊത്തം ദേവുവിലായിരുന്നു. ഇല്ല, പുതിയ മെമ്പർമാരോട് ഒരു അടുപ്പം കാണിക്കാത്ത സംഘടന ആയിരുന്നു അത്. ശ്രീകുട്ടൻ, അവൻ ഉപേക്ഷിച്ചിട്ടുപോന്ന ദൈവങ്ങളെ വിളിച്ചു…

ഈ സമയം തെങ്ങ് തുരന്ന് തടം ഇട്ടുകൊണ്ടിരിക്കുന്ന പണിക്കാരന്‍ നാണുകുട്ടൻ
മീറ്റിങ് നടക്കുന്നിടത്തേക്ക് ഓടി കിതച്ചു വന്നു. നാണുകുട്ടൻ പറഞ്ഞത് കേട്ട്
എല്ലാവരും കൂടി ടോക്കിയോ മിത്രയുടെ താഴെ ചെന്നു നോക്കിയപ്പോൾ എന്താ?
തെങ്ങിന്റെ ചുവട്ടിലെ മണ്ണിൽ നിന്നും നാല് മുട്ടകള്‍. കിളച്ചത് നാണുകുട്ടനായത് കൊണ്ടു ഒന്നും പൊട്ടിയിട്ടില്ല.
ഉമ്മറത്ത് നിന്നും ഇത് കണ്ട് ദൈവവിശ്വാസിയായ കുഞ്ഞിഖാദറും ഓടി വന്നു…
“വാപ്പാ…. ഞാന്‍ പറഞ്ഞില്ലേ? കൂടോത്രമാണ്”
ഹംസക്ക എന്ത് പറയണം എന്നറിയാതെ നിന്നു.
“അത് ശരിയാ…. കാടമുട്ടയില്‍ കൂടോത്രം ചെയ്യുന്ന ഒരു സ്വാമി അംശകച്ചേരി ഉണ്ട്.”
കോര്‍ കമ്മിറ്റി മെംബര്‍ സദാശിവന്‍.
എല്ലാ സംഘടനാ മെംബര്‍മാരും ഒരുമിച്ച് സദാശിവനെ നോക്കി,
“അത് സദാശിവനെങ്ങനെ അറിയാം??”
“അത്… അത്… ഞാന്‍ നാട്ടിലെ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നവരെ പറ്റി ഒരു ലേഖനം എഴുത്തുന്നതിന്റെ റിസെര്‍ച്ചിലാ..”
ഒന്നു തപ്പി തടഞ്ഞെങ്കിലും പുള്ളി ട്രാക്ക് തിരിച്ചുപിടിച്ച്.

“ന്നാ പിന്നെ ഉണ്ണി മാഷെ…. ആ മുട്ട എടുത്തിട്ടു ഒന്നു ദൂരെ കളഞ്ഞോളി”
ഇത് തന്നെ താപ്പ്, കിട്ടിയ പന്ത് ഓഫ്സൈഡ് ആണെങ്കിലും ഹംസക്ക വലയിലേക്ക് അടിച്ചു.
“അത് ശരിയാവില്ല…. ഇങ്ങള്‍ടെ പറമ്പിലെ മുട്ട… അത് ഞാൻ എടുത്താൽ ശരിയാവില്ല ഹംസക്കാ”
“എന്നാ സദാശിവാ…”
“ഹംസക്കയല്ലേ പ്രസിഡണ്ട്… ഇങ്ങള് തന്നെ എടുത്ത് കളഞ്ഞോളി”, സദാശിവന്റെ മൈനസ് പാസ്.
“കളയുന്നതില് പ്രശ്നമുണ്ടായിട്ടല്ല… പക്ഷേ കുമ്പിടാന്‍ വയ്യെഡോ…. നടുവേദന. ഹരിഹരന്‍ ചെറുപ്പമല്ലേ… എടുത്ത് കള”
“ഞാന്‍ വെജിറ്റേറിയനാണ്, മുട്ട കൈ കൊണ്ട് തൊടാറില്ല”.
കുഞ്ഞിഖാദറിന് ചിരി പൊട്ടുന്നുണ്ടായിരുന്നു. ഹംസക്ക നിത്യവൃത്തിക്ക് വകയില്ലാതെ മോൻറെ മുഖത്തേക്ക് നോക്കി.
“അയ്യോ, ഞാൻ നിങ്ങളെ പോലെ അല്ലല്ലോ… വിശ്വാസിയല്ലേ, കൂടോത്രത്തിലൊക്കെ കുറച്ച് പേടിയുണ്ട് അതാ”

ഇങ്ങനെ ദൈവമില്ലാ സംഘം കമ്പ്ലീറ്റ് ആര് തൊടും ആര് കളയും എന്ന് പേടിച്ച് കൊണ്ടിരിക്കുന്ന വേളയില്‍ ദേവുവിനെയും ഇടം കണ്ണിട്ട് നിൽക്കുകയായിരുന്ന ശ്രീകുട്ടനെ വിളിച്ച് വാസു മാറി നിന്നു.
“ഏട്ടാ…. ഏട്ടന്‍ പോയി ആ മുട്ട എടുത്ത് പൊട്ടിച്ച് കുടിക്ക്!
“പൊന്നു വാസോ… കൂടോത്രം ചെയ്ത മുട്ടയാണ്!”
“കൂടോത്രം ഒക്കെ സൂര്യപ്രകാശം തട്ടിയാ എഫക്റ്റ് പോവും.”
“അങ്ങനെയുണ്ടോ?”
“ആന്ന്… ഇവരെല്ലാവരും ഇങ്ങനെ വിറച്ച് നില്‍ക്കുമ്പോ ഏട്ടന്‍ ആ മുട്ട പൊട്ടിച്ച് തിന്നാ അവളുടെ മുന്നില് ഏട്ടന്റെ ഇംപ്രഷന്‍ എന്തായിരിക്കും? ‘മോളെ കെട്ടിച്ച് തരട്ടെ കുട്ടാ’ എന്ന് ഉണ്ണിമാഷ് ഇങ്ങോട്ട് വന്നു ചോദിക്കും”
അവിടെ ശ്രീകുട്ടന്‍ ചാര്‍ജായി…
അവന്‍ സ്ലോ മോഷനിൽ മുന്നോട്ട് കടന്നു വന്നു അതിലെ ഒരു മുട്ട എടുത്ത് പൊട്ടിച്ച് ഒറ്റ കഴിക്കല്‍!
ദൈവമില്ലാ സംഘം അദ്ഭുദത്തോടെ കയ്യടിച്ചു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയും അഞ്ചു വിക്കറ്റ് നേട്ടവും അവരാരും പ്രതീക്ഷിച്ചിരുന്നില്ല.
ആവളാണെങ്കില്‍ ആരാധനയോടെ ശ്രീകുട്ടനെ നോക്കി കണ്ണു മിഴിച്ചു നില്‍ക്കുന്നു.. മാൻ ഓഫ് ദി മാച്ച് ഉറപ്പായി! അതും കൂടി കണ്ടപ്പോള്‍ ശ്രീകുട്ടന്‍ ആവേശം കേറി രണ്ടു മുട്ടകള്‍ കൂടി എടുത്ത് പൊട്ടിച്ച് കഴിച്ചു… കയ്യടി …കയ്യടി…
സെറ്റ് പല്ലിട്ട കുട്ടി സെറ്റ്!
നിരീശ്വരവാദിയെ വളച്ച ശ്രീകുട്ടന്‍ ശിവന്റെ അമ്പലത്തില് നാഴി പായസവും ഗണപതിക്ക് അപ്പവും നേര്‍ന്നു.

ഹംസക്ക അഭിമാനത്തോടെ ആ ചെറുപ്പക്കാരനെ നോക്കി. ഉണ്ണി മാഷിന്റെ കണ്ണുകളിൽ ടിക്കറ്റെടുക്കാതെ ക്യാബറെ കണ്ട തിളക്കം.
ഈ സന്തോഷങ്ങളുടെ നടുവിലേക്കാണ് ക്ഷണിക്കപ്പെടാത്ത ഒരഥിതി വരുന്നത്, ഇഴഞ്ഞിട്ട്… മനുഷ്യനല്ല, ഒരു പാമ്പ്!
തെങ്ങിന്റെ ചുവട്ടിൽ അതിട്ടുവെച്ച മുട്ട തിരക്കി വന്നതാണ് ആ പാമ്പ്. ആദ്യമോടിയത് ദൈവമുള്ള കുഞ്ഞിഖാദറായിരുന്നു, പിന്നാലെ ദൈവമില്ലാത്തവരും ഓടി.
ശ്രീ കുട്ടന് ഒരു ഇക്കിൾ വന്നു… സീൽക്കാരമായിരുന്നു ശരിക്കും വരേണ്ടി ഇരുന്നത്.
വാസു പാമ്പിനെയും ദേവുനെയും മാറി മാറി നോക്കി….
“ആനയ്ക്കിട്ട് എറിഞ്ഞിട്ട്, ഉറുമ്പിനിട്ട് കൊള്ളുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ”
തലേന്ന് രാത്രി ടോക്കിയോ മിത്രയുടെ തേങ്ങ മുഴുവൻ മോഷ്ടിച്ച് വിറ്റ് ഇയർബഡ്സ് വാങ്ങിച്ച കുഞ്ഞിഖാദറും ഇത് തന്നെയാണ് ഒടുന്നതിനിടെ മനസ്സിൽ പറഞ്ഞത്!

ജോണികുട്ടന്‍റെ ബാല്‍ക്കണി

പേരില്ലൂരിലെ കര്‍ക്കിടകമാസം  ബാക്കിയുള്ള മാസങ്ങളെ പോലെയല്ല… ഇവന്റുകളുടെയും സംഭവപരമ്പരകളുടെയും  ചാകരമാസമാണ്. വേറെയെവിടെയെങ്കിലും വേറെപ്പഴെങ്കിലും നടക്കേണ്ട മേളങ്ങള് വരെ വണ്ടിപിടിച്ച് ഇവിടെവന്ന് പേരില്ലൂരിനെ വേദിയാക്കും. ചിങ്ങത്തില്‍ ഒളിച്ചോടിയാലും പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കാനില്ലാത്ത കമിതാക്കൾ കര്‍ക്കിടകത്തിലോടും. ഓടുന്നതിനിടെ വഴുക്കി വീണപ്പൊ കാമുകൻ ചിരിച്ചെന്നു പറഞ്ഞ് ഉടക്കി വീട്ടിലേക്ക് തന്നെ തിരിച്ചു നടന്ന നീലിമയൊക്കെ കഴിഞ്ഞ കൊല്ലത്തെ കര്‍ക്കിടകം സ്റ്റാറാണ്.
കേരളത്തിലെ ഒരു സാധാരണ പഞ്ചായത്തിന്‍റെ ബാൻഡ് വിഡ്ത്തിന് ഒരു മാസം താങ്ങാവുന്നതിലും അധികം പ്രശ്നങ്ങളും കോളിളക്കങ്ങളും ഞങ്ങളുടെ നാട്ടിൽ കര്‍ക്കിടകത്തില്‍ അരങ്ങേറാറുണ്ട്. ചിങ്ങമാസം പകുതി വരെ പേരില്ലൂർ  ആ ഹാങ്ങോവറിൽ ഹാങ്ങായി നിൽക്കും. എന്താന്നറിയില്ല, എല്ലാ കൊല്ലവും അങ്ങനാണ്.
പേരില്ലൂരിൻ്റെ ജ്യോഗ്രഫിയും ഭൂമിയുടെ ജ്യോതിശാസ്ത്രവും ക്ലാഷാവുമ്പോഴുണ്ടാവുന്ന ഒരു പ്രതിഭാസമാണെന്നാണ് അപ്പുവാര്യർ പണ്ട് പറഞ്ഞിട്ടുള്ളത്. പറഞ്ഞത് അപ്പുവാര്യർ ആയോണ്ട് ഒരു പേരില്ലൂരുകാരനും അത്  വിശ്വസിക്കാൻ പോയിട്ടില്ല.
ഇക്കൊല്ലം ഒന്നാം തീയതി തിങ്കളാഴ്‌ തന്നെ തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വീട് വെച്ചിട്ടുള്ള ജോണികുട്ടനാണ് അതിന്‍റെ സിബ്ബ് തുറന്നത്. വീടു പണി കാലത്ത് പഞ്ചായത്തുമായുള്ള അതിർത്തി തർക്കത്തിന്‍റെ പേരിൽ, ഒരു സെന്റും രണ്ട് ലിങ്ക്സും നഷ്ടപ്പെട്ടതിന്‍റെ ഒരു പാസ്റ്റുണ്ട് ജോണികുട്ടന്.
ആ വൈരാഗ്യത്തിന്‍റെ പേരില് ദിനവും രാത്രി പത്തേമുക്കാലിന്‍റെ മൂത്രം, ജോണികുട്ടൻ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പഞ്ചായത്ത് ഓഫീസിന്‍റെ ബില്ഡിങ്ങിലേക്കാണ്  ഒഴിക്കാറ്. കേമൻ!
ഒന്നാന്തി രാത്രി മൂത്രമൊഴിക്കാൻ ബാൽക്കണിയിലെത്തിയ ജോണികുട്ടൻ തന്‍റെ കുട്ടനെ പുറത്തുകൊണ്ടു വന്നപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന തെങ്ങിന്‍റെ മുകളിൽ ഒരു കാഴ്ച കണ്ടത്!  ഒരു വെളുത്ത വസ്തു, അതില്‍  നിന്ന് ‘ബൂ ….’ ന്നൊരു ശബ്ദവും പിന്നാലെ ഒരു വെള്ളപ്രകാശവും!
ജോണികുട്ടൻ അന്നാദ്യമായി രാത്രിമൂത്രം ക്ളോസറ്റിന് കൊടുത്തു.
പിറ്റേന്ന് രാവിലെ അങ്ങാടിയിലെ ചായക്കടയിൽ കാപ്പി കുടിക്കാനെന്ന വ്യാജേനയെത്തിയ ജോണികുട്ടൻ എല്ലാവരോടുമായി പറഞ്ഞു,
“എന്‍റെ പറമ്പിലെ തെങ്ങിന്‍റെ മുകളിൽ എന്തോ ഉണ്ട്”
“തേങ്ങയായിരിക്കും”
“തേങ്ങ! എടോ  ഇത് ശബ്ദവും വെളിച്ചവും  ഒക്കെ ഉണ്ടാക്കുന്നുണ്ടടോ”
ജോണികുട്ടൻ താൻ തലേന്ന് രാത്രി കണ്ടതും കേട്ടതും വിവരിച്ചു.
“നീയെന്തിനാ ജോണികുട്ടാ രാത്രി പത്തേമുക്കാലിന് ബാൽക്കണിയിൽ ഇറങ്ങി നിന്നേ?”
പലചരക്ക് കടക്കാരൻ യാവു ദുരൂഹത മണത്തു.
“അത് ഞാൻ വീമാനത്തിന്‍റെ ശബ്ദം കേട്ടപ്പോ കാണാൻ ഇറങ്ങിയതാ..”
വയസ്സ് മുപ്പത്തിയഞ്ചായിട്ടും തീവണ്ടി പോവുന്നത് കണ്ടാൽ ടാറ്റ കൊടുക്കുക, ജെ സി ബി മണ്ണുമാന്തുന്നത് കണ്ടാൽ നോക്കിനിൽക്കുക, ഹെലികോപ്റ്റർ പോവുന്നത് കണ്ടാൽ പിന്നാലെ ഓടുക തുടങ്ങിയ മച്യൂർഡ് ശീലങ്ങൾ ജോണിക്കുട്ടന് ഉള്ളതായി നാട്ടുകാർക്ക് അറിയാവുന്നതുകൊണ്ട് ആർക്കും ആ കള്ളത്തിൽ പിന്നെ സംശയങ്ങളുണ്ടായില്ല.
“അവിടെ ഉറപ്പായിട്ടും ഒരു അജ്ഞാത വസ്തു ഉണ്ട്!”
ജോണികുട്ടൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്  തറപ്പിച്ചു പറഞ്ഞു.
എല്ലാവരും ചായക്കടയുടെ മൂലയ്ക്കിൽ ഇരുന്നിരുന്ന അപ്പൂട്ടൻ വാര്യരെയാണ് നോക്കിയത്.
‘എലിയൻ കുഞ്ഞിന്‍റെ കയ്യീന്ന് വീണ ടെഡിബേർ ആയിരിക്കുമെന്നോ, സ്‌പേസ് ഷിപ്പിൽ നിന്നും തെറിച്ച സ്റ്റിയറിങ് ആയിരിക്കുമെന്നോ അപ്പൂട്ടൻ വാര്യർ പ്രസ്താവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു… പക്ഷെ വാര്യർക്ക് പഴേ റെയ്ഞ്ച് ഒന്നും ഉണ്ടായിരുന്നില്ല,
“ബോംബായിരിക്കും!!”
“പിന്നെയ്…ബോംബ് തെങ്ങിന്‍റെ മണ്ടയിൽ അല്ലേ വെക്കുന്നത്…”
“വെക്കും… ഞാൻ കഴിഞ്ഞാഴ്ച ഒരു അമേരിക്കൻ ജേർണലിൽ മുൻ സി ഐ എ മേധാവി എഴുതിയ ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്..”
“എന്ത്?”
“തീവ്രവാദികൾ ഇപ്പൊ മരത്തിന്‍റെ മുകളിലും ഇലക്ട്രിക് പോസ്റ്റിന്‍റെ തുമ്പും  ഒക്കെയാണ് ബോംബ് വെക്കാൻ തിരഞ്ഞെടുക്കുന്നത് എന്ന്, അതാവുമ്പോ  പോലീസ് നായ  നിലത്ത് മണത്ത് നോക്കിയാലോ മെറ്റൽ ഡിറ്റക്ടർ കൊണ്ട് നടന്നു നോക്കിയാലോ കണ്ടുപിടിക്കാൻ പറ്റില്ലല്ലോ….”
“നിങ്ങൾക്ക് വല്ല മലപ്പുറം ജേർണലിലും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എഴുതുന്ന ആർട്ടിക്കിലും വായിച്ച് ഇരുന്നാ പോരെ വാര്യരേ?”
അപ്പു വാര്യർ എഴുന്നേറ്റു
“ആഗസ്റ്റ് പതിനഞ്ച് ആണ് വരുന്നത്, തീവ്രവാദികൾ ഇക്കൊല്ലം ചെങ്കൊട്ടയും എയർപോർട്ടും ഒക്കെ വിട്ടിട്ട് പഞ്ചായത്ത് ഓഫീസുകളെയാണ് ലക്ഷ്യം വെക്കുക എന്ന് മധ്യപ്രദേശിലെ ഒരു യൂട്യൂബ് ചാനലിൽ പറയുന്നുണ്ടായിരുന്നു… ജോണികുട്ടന്‍റെ തെങ്ങിന്‍റെ തൊട്ടുതാഴെയാണ് നമ്മുടെ പഞ്ചായത്ത് ഓഫീസ്!”
സ്വാതന്ത്ര്യ ദിനത്തിന്‍റെ അന്ന് പതാക ഉയർത്തേണ്ട പഞ്ചായത്തു പ്രസിഡന്റിന് കടുപ്പത്തിലൊരു ഇക്കിളു വന്നു.
“നമ്മൾ ഇവിടെ ഇരുന്ന് തർക്കിക്കുന്നതിന് പകരം ജോണികുട്ടന്‍റെ ബാൽക്കണിയിൽ പോയി നോക്കാലോ”
പ്രസിഡന്റിന്‍റെ സജഷൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ജീവന് ഭീക്ഷണിയുണ്ടായാ ഏത് അത്തിമരത്തിലും പൂ വിരിയും, കാ വരും കിളി വരും.
ബാൽക്കണിയിലെത്തിയ അന്വേഷണ സംഘം പ്രസ്തുത നാളികേരമരത്തിന്‍റെ മണ്ടയ്ക്ക് നോക്കി.
മണ്ണുത്തിയിൽ നിന്ന് ജോണിക്കൂട്ടൻ പുബർട്ടി സമയത്ത് കൊണ്ടുവെച്ച, ടീനേജിൽ ഒന്ന് വാടിയെങ്കിലും അഡൾട്ട് ഹുഡിൽ കം ബാക്ക് നടത്തി മിഡ് ലൈഫിൽ പൂർണ്ണ പുഷ്ടിയോടെ നിൽക്കുന്ന ആ കുറ്റിയാടി തെങ്ങിന്‍റെ കുരലിൽ പേരില്ലൂരുകാര്‍ ആ വെള്ള വസ്തു കണ്ടു.
“എന്താ ഇവിടെ ഒരു മണം?” മൂത്രത്തിന്‍റെ മണം കിട്ടിയ എല്ലാവരും ജോണികുട്ടനെ നോക്കി.
“ഉണ്ടല്ലേ? അപ്പൊ ശബ്ദവും വെളിച്ചവും മാത്രമല്ല, വാസനയും ഉണ്ട്” ജോണികുട്ടൻ ഒരുവിധം ഊരി.
“എന്നാലും കുഞ്ഞൻ മത്തി സുർക്കയിലിട്ടു വെച്ചമാരിത്തെ വാസനയുള്ള ഈ സാധനം എന്തായിരിക്കും?”
ജോണികുട്ടൻ പൊത്തിപിടിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്,
തെങ്ങിന്‍റെ മണ്ടയിൽ ഇരുന്ന ആ വസ്തുവിൽ നിന്ന് ആദ്യം ശബ്ദമുണ്ടാക്കി, പിന്നാലെ രണ്ട് ലൈറ്റും കത്തി.
ബാൽക്കണിയിൽ നിന്നാദ്യം ഇറങ്ങിയോടിയത് പ്രസിഡന്റാണ്. പിന്നാലെ ജോണികുട്ടൻ അടക്കം എല്ലാവരും ചിതറിയോടി. അപ്പൂട്ടൻ വാര്യർ മാത്രം പിന്നെയും രണ്ടു മിനിറ്റ് അവിടെ നിന്ന് നിരീക്ഷിച്ച ശേഷമാണ് എല്ലാവരും കൂടി നിൽക്കുന്ന എൽ പി സ്‌കൂൾ  ഗ്രൗണ്ടിൽ വന്നത്.
ഏവരും ആകാംഷയോടെ അപ്പൂട്ടൻ വാര്യർക്ക് ചുറ്റും കൂടി.
“ഞങ്ങളു പോന്നേന് ശേഷം അവിടെ  എന്തെങ്കിലും കണ്ടോ?”
“ഉം…. പ്രസിഡന്റിന്‍റെ മുണ്ടവിടെ കിടക്കുന്നത് കണ്ടു!”
അപ്പോഴാണ് എല്ലാവരും പ്രസിഡന്റിനെ ഫുൾ സൈസ് ആയി നോക്കുന്നത്, നഗ്നത!
വെപ്രാളത്തിൽ പ്രസിഡന്റ് ഓടിയപ്പോൾ ബാൽക്കണിയിലെ ആട്ടുകട്ടിൽ പ്രസിഡന്റിന്‍റെ മുണ്ട് പിടിച്ചുവെച്ചിരുന്നു!
പ്രസിഡന്റ് തൊട്ടടുത്ത വീട്ടിലെ അയലിൽ കിടക്കുന്ന മഞ്ഞലുങ്കി എടുക്കാനോടിയപ്പഴാണ് പ്രതിപക്ഷ നേതാവ്‌ കേമൻ സോമനോട്  ഉപനേതാവ് ബാപ്പുട്ടി ചെവിയിൽ ചോദിച്ചത്,
“പ്രസിഡന്റിന്‍റെ നഗ്നതാ പ്രദർശനത്തിന് എതിരെ നമുക്കൊരു അവിശ്വാസ പ്രമേയം കൊണ്ടുവന്നാലോ?”
“ഒന്നു ചുമ്മാതിരിയെടേ… എന്നിട്ട് വേണം ഭരണം മാറി പുതിയ പ്രസിഡന്റായ ഞാൻ പതാക ഉയർത്തുമ്പോൾ ബോംബ് പൊട്ടാൻ!” ശരിക്കും കേമൻ!
പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോള് പോയി. നല്ല കോളായിരുന്നത് പോലീസുകാര് പെട്ടെന്നെത്തി.
എസ് ഐ ഷമ്മി നിലത്ത് നിന്ന് നോക്കിയിട്ടും ബാല്‍ക്കണിയില്‍ നിന്ന് വിരട്ടിയിട്ടും അജ്ഞാതനായി വസ്തു പിടികൊടുത്തില്ല.
“സാറേ… ബോംബ്‌ സ്ക്വാഡിനെ വിളിച്ചാലോ?”
“വരട്ടെ… ബോംബ്‌ സ്ക്വാഡില് എന്‍റെ അമ്മായിടെ മോന്‍ സാബു ഉണ്ട്, വിളിച്ചുവരുത്തീട്ട് സാധനം ബോംബ്‌ അല്ലെങ്കില് അവന്‍ ഫാമിലി ഗ്രൂപ്പില് എന്നെ കളിയാക്കും”
ഷമ്മിയേട്ടൻ ഒടുവില്‍ തെങ്ങിന്‍റെ മുകളിലേക്ക് നോക്കി ഒരു പാരഗ്രാഫ് ആത്മഗതം എറിഞ്ഞു,
“തെങ്ങിൽ കേറാൻ അറിയുന്ന പോലീസുകാരില്ല, ബോംബ് കണ്ടാല്‍ മനസ്സിലാവുന്ന തെങ്ങുകയറ്റകാരനുമില്ല”
“ഉണ്ട്”
എസ് ഐ അത് പറഞ്ഞ അടാപറമ്പിലെ സുരേന്ദ്രന്‍ aka സുരേട്ടനെ  തിരിഞ്ഞുനോക്കി,
“വി ഹാവ് ടൈഗര്‍ വീരാന്‍!”
തെങ്ങുകേറ്റകാരൻ ടൈഗർ വീരാൻ. രാവിലെ ഉറക്കം ഉണർന്ന് വാമൊസ് അർജന്റീന എന്ന് ഉറക്കെ മൂന്നുവട്ടം പറഞ്ഞില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് വിശ്വസിക്കുന്ന വീരാൻ. വീരാനോളം വേഗത്തിൽ തെങ്ങിന്‍റെ ഉച്ചിയിൽ എത്തുന്ന ഒരു താരം പൊന്നാനി താലൂക്കിൽ വേറെ ഇല്ലായിരുന്നു.. താഴേക്ക് എത്തുന്നതിൽ രണ്ട് മീറ്റ് റെക്കോർഡുകൾ വേറെയും.
ഇടയ്ക്ക് സമയം ലാഭിക്കാൻ വേണ്ടി വീരാൻ തെങ്ങിന്‍റെ മണ്ടയിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങാതെ വായുവിലൂടെയും പോന്നിട്ടുണ്ട്. ജസ്റ്റ് ടൈഗർ വീരാൻ തിങ്സ്!
“അയാൾക്ക് ബോംബ് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റോ?”
“തിരിച്ചറിയാന്‍ പറ്റോന്നോ… വേണേല്‍ ബോംബ്‌ നിര്‍വ്വീര്യമാക്കി കയ്യില്‍ തരും… നയന്ടീസില് വീരാന്‍ ശ്രീലങ്കയിലുണ്ടായിരുന്ന കാലത്ത് തമിഴ് പുലികള് ബഹുമാനത്തോടെ വിളിച്ച പേരാണ് ടൈഗര്‍ വീരാൻ” സുരേട്ടന്‍ എടുത്ത് അലക്കി.
അത്ഭുതം കൂറി നിന്ന എസ് ഐ ഷമ്മി പക്ഷെ യഥാര്‍ത്ഥ കഥ അറിഞ്ഞില്ല…   പണ്ട് ധ്രുവം സിനിമയില്‍ മമ്മുക്ക വില്ലന്‍ ടൈഗര്‍ പ്രഭാകരനെ തൂക്കി കൊല്ലുന്നത് കണ്ട് തിയേറ്ററില്‍ വാവിട്ടു കരഞ്ഞ വീരാന് വീണ പേരാണ് ടൈഗര്‍ വീരാനെന്ന്! സുരേട്ടന് അങ്ങനെയൊന്നുമില്ല, നാട്ടുകാര് തന്‍റെ പറ്റിക്കലില്‍ വീഴാതായാ എസ് ഐ നെ വീഴുത്തും. വീരാനെ വിളിക്കാന്‍ എസ് ഐ ഓര്‍ഡറിട്ടു. സുരേട്ടന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു… രണ്ടു കൊല്ലം മുന്പ് വീട്ടിലേക്ക് തേങ്ങയിടാന്‍ വിളിച്ച വീരാനുമായി കൂലി തര്‍ക്കത്തില്‍ ഒരു അടിയുണ്ടായ അന്ന് സുരേട്ടന്‍ ഒരു ശപഥമെടുത്തിട്ടുണ്ടായിരുന്നു, എന്നെങ്കിലും വീരാനെ കൂലി കൊടുക്കാതെ ഒരു തെങ്ങില്‍ കേറ്റും എന്ന്, അത് നടന്നു.
പക്ഷെ ഒരു പ്രശ്നമുണ്ട്!  വീരാൻ അങ്ങനെ വലിച്ചു വാരി എല്ലാ തെങ്ങിലും കേറുന്ന ടൈപ്പ് അല്ല…
സെലക്റ്റീവ് തേങ്ങ ഇടലിന്‍റെ ആളാണ്. ചില തെങ്ങിന്‍റെ ചുവട്ടിൽ പോയി തെങ്ങിനെ, അങ്ങളയുടെ പെണ്ണുകാണലിന് പോയ പെങ്ങന്മാരെ ഒരു നോട്ടം നോക്കും. എന്നിട്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ തന്‍റെ നാഗപ്പട്ടണം മെയ്ഡ് തളപ്പെടുത്ത് കാലിൽ ചുറ്റുമായിരുന്നുള്ളൂ…
“അതെന്താ വീരാനേ ഈ തെങ്ങിൽ കയറേണ്ട ?” ന്ന് ചോദിച്ചാൽ പറയും
“ഈ തെങ്ങിൽ എനിക്കൊരു വൈബ് കിട്ടണില്ല…. നമുക്ക് അടുത്തത് നോക്കാം.” വൈബ് ഇല്ലാത്ത പണി വീരാൻ ചെയ്യൂല!
എന്തായാലും ഉടമയ്ക്ക് കൂലിയിൽ പ്രൊഫിറ്റാണ്.
അക്ഷമരായി കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് ഒരു അര്‍ജന്റീന ജേഴ്സിയും ഇട്ട് വീരാനെത്തി. തളപ്പ് കയ്യില്‍ പിടിച്ച് വീരാന്‍ തെങ്ങിന്‍റെ മുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും നോക്കി.
വീരാന് വൈബുണ്ടാവണേ എന്ന് എല്ലാവരും പ്രാർത്ഥിച്ചു. ‘ദൈവമില്ലാ സംഘം’ വെറുതെ നിന്നു.
“കഴിഞ്ഞ പ്രാവശ്യം തെങ്ങ് കേറാന്‍ വന്നിട്ട് വീരാന്‍ ഈ തെങ്ങില്‍ കേറിയില്ല”, ജോണികുട്ടന്‍ അടുത്ത് നിന്ന പ്രസിഡന്റിനെ നെഗറ്റീവ് അടിപ്പിച്ചു. പക്ഷെ ഇത്തവണ വീരാന്‍ കേറാന്‍ തയ്യാറായി.
ചുറ്റും  ഇത്രേം ആള് കൂടിയപ്പൊ വീരാന് വൈബായതാണ്.
എസ് ഐ വീരനെ ഷെയ്ക്ക് ഹാന്റ് നല്‍കി പരിചയപ്പെട്ടശേഷം പറഞ്ഞു,
“വീരാന്‍…. സാധനം ബോംബ്‌ അല്ല എന്ന് നൂറു ശതമാനം ഉറപ്പു വരുത്തിയിട്ടേ അതില് തൊടാന്‍ പോലും പാടൂ…”
വീരാന്‍ തലയാട്ടി.
“ഞാന്‍ താഴെ നിന്ന് ഇന്‍സ്ട്രക്ഷന്‍സ് തന്നോളാം, അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക”
വീണ്ടും ആട്ടി.
വീരാന്‍ തന്‍റെ പിങ്ക് തോര്‍ത്തെടുത്ത് തലയില്‍ കെട്ടി,  തളപ്പെടുത്ത് കാലില്‍ ഇട്ട്, മടവാളും പിറകില്‍ വെച്ച് തയ്യാറായി ഒന്ന് ചുറ്റും നോക്കി. നാട്ടുകാര്‍ മുഴുവന്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു! പോലീസുകാരും പഞ്ചായത്ത് മെമ്പര്‍മാരും വരെ  വീരാനെ വീരനെ പോലെ നോക്കുന്നു!!  ആ സെക്കന്റില്‍ വീരാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലേക്ക് എടുത്ത് കത്തിച്ച് പുകവിട്ടു. എസ് ഐ ക്ക് ഒന്നും പറയാന്‍ പറ്റാത്ത കണ്ടീഷന്‍. വീരാൻ തന്റെ സ്റ്റാർഡം ആസ്വദിക്കുകയായിരുന്നു.
ഇന്‍സ്ട്രക്ഷന്‍സ് കൊടുക്കാന്‍ പാകത്തിന് എസ് ഐ ജോണികുട്ടന്‍റെ ബാല്‍ക്കണിയില്‍ കയറിനിന്നു. സിഗരറ്റ്  കഴിഞ്ഞപ്പോള്‍ വീരാന്‍ കയറാന്‍ തുടങ്ങി.
മുകളിലെത്തിയ വീരാന്‍ ആദ്യം തന്നെ മൂത്ത രണ്ടു പട്ട വെട്ടി താഴേക്ക് ഇട്ടു. ബാല്‍ക്കണിയില്‍ എസ് ഐ ക്ക് ഒപ്പമുണ്ടായിരുന്നവരുടെ കൂട്ടത്തിലെ പ്രസിഡന്റ്റ് കയ്യടിച്ചു,
“ഹോ വർക്ഹോളിക്ക് വീരാൻ! ബോംബെടുക്കാന്‍ തെങ്ങില്‍ കേറിയാലും ഓന്‍ ഓന്‍റെ കടമ മറക്കൂല”
“മണ്ടത്തരം പറയാതെ  മിണ്ടാതിരിക്കടോ, പട്ട വെട്ടിയാലേ അവിടെ ഇരിക്കുന്നത് എന്താണെന്ന് ശരിക്ക് കാണാന്‍ പറ്റൂ…”
മടവാള്‍ തിരിച്ച് വൈസ്റ്റ്റ് പൌച്ചില്‍ വെച്ച്,  പട്ട പോയ ശ്യൂനതയിലൂടെ വീരാന്‍ ആ സാധനത്തെ ശരിക്ക് നോക്കി.
വസ്തു എന്താണെന്ന് മനസ്സിലായ ഉടനെ വീരാന്‍റെ മുഖം മാറി. എസ് ഐ ടെ ഇന്‍സ്ട്രക്ഷന്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ആ വസ്തു കയ്യിലെടുത്ത് നിലത്തേക്ക് ഒറ്റ ഏറ്!
ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നവര്‍ ആദ്യമോടി, താഴെയുണ്ടായിരുന്നവര്‍  പരന്നോടി.
പക്ഷെ സംഭവം നിലത്ത് വീണിട്ടും ഒന്നും പൊട്ടാഞ്ഞത് കണ്ട് എല്ലാവരും പയ്യെ തിരിച്ചുവന്നു. ഇല്ല, ബാല്‍ക്കണി കാലി ആയിരുന്നില്ല… ഒരാള്‍ മാത്രം അവിടെ നില്‍പ്പുണ്ടായിരുന്നു, എസ് ഐ ഷമ്മി!
സത്യത്തില്‍ ആദ്യമോടിയത് ഷമ്മിയാണ്, പക്ഷെ ആട്ടുകട്ടിലില്‍ തട്ടി വീണ് അവിടെ തന്നെ കിടന്നു. പിന്നെ എഴുന്നേറ്റു നിന്നപ്പ കാണുന്ന കാഴ്ച താഴെയുള്ള നാട്ടുകാര്‍ തന്നെ അഭിമാനത്തോടെ നോക്കുന്നതാണ്.
‘ഷമ്മിസാറിന്റെ ഒരു കരളുറപ്പ്!!’ നാട്ടുകാരുടെ അത്മഗതങ്ങളില്‍ നിന്നൊരു റാപ്പുണ്ടായി.
വീണുകിടക്കുന്ന വസ്തുവിന്‍റെ അടുത്ത് ആദ്യമെത്തിയത്‌ കേമന്‍ സോമനാണ്.
“സാറേ…ഇത് മറ്റതാണ്”
“എന്ത്?”
“കല്യാണങ്ങള്‍ക്ക് പറക്കണ സാധനം”
ഡ്രോണ്!
മുന്പ് തെങ്ങ് കേറ്റക്കാര് മാത്രം എക്സ്ക്ലൂസിവായി കണ്ടിരുന്ന ഒരു നാടിന്‍റെ ഏരിയല്‍ വ്യൂ നാട്ടുകാര്‍ക്ക് മുഴുവന്‍ കാണിച്ചു കൊടുക്കാന്‍ തുടങ്ങിയ ഡ്രോണുകളോടുള്ള ചൊരുക്ക് ആയിരുന്നു വീരാന്‍ അത് താഴേക്ക് എറിഞ്ഞതിന് പിന്നില്‍. പോലീസ് ഡ്രോൺ കസ്റ്റഡിയിലെടുത്തു.
പഞ്ചായത്ത് പ്രസിഡനടിന്റെ പുത്രന്‍ പ്ലസ്റ്റുക്കാരന്‍ പുനീത് വന്നു കുറ്റം ഏറ്റെടുത്ത് കീഴടങ്ങി. തെങ്ങിന്‍ കുരലില്‍ കുടുങ്ങിയ ഡ്രോണ്‍ ഊരിയെടുക്കാന്‍ അവന്‍ ശ്രമിച്ചപ്പഴായിരുന്നു ലൈറ്റ് ആന്റ് സൌണ്ട്സ് വന്നുകൊണ്ടിരുന്നത്.  പട്ടം പറത്തേണ്ട പ്രായത്തില്‍ ഡ്രോണ്‍ പറത്തി നാടിനെ മുള്‍മുനയിലാക്കിയ പുനീതിന്‍റെ അച്ഛനും കിട്ടി വേണ്ടോളം.
കാര്യപരിപാടികള്‍ എല്ലാം തീര്‍ന്നപ്പോള്‍  എസ് ഐ ഷമ്മിയേട്ടന്‍ ജോണികുട്ടനെ അടുത്തേക്ക് വിളിച്ചു. വീണപ്പോള്‍ ചതഞ്ഞ മുട്ടുകാലും നെറുകം തലയും തടവികൊണ്ട് എസ് ഐ ചോദിച്ചു,
“ആ ആട്ടുകട്ടില് നീ എവിടുന്നാ വാങ്ങിച്ചത്?”
“പറഞ്ഞുണ്ടാക്കിപ്പിച്ചതാ…. എന്താ സാര്‍?”
“അത് ഒ എല്‍ എക്സില്‍ ഇടുന്നുണ്ടെങ്കില്‍ പറയണം, വാങ്ങിച്ചിട്ടെനിക്ക് കത്തിക്കാനാ…
ഷമ്മി പല്ലിറുമ്മി. ജോണികുട്ടന്‍ കുറച്ചുസമയം വെളിച്ചം കിട്ടാതെ നിന്നു.
പോലീസ് ജീപ്പിലെക്ക് ഡ്രോണുമായി കയറിയ ഷമ്മിയുടെ അടുത്തേക്ക് ഓടിച്ചെന്ന്  ജോണികുട്ടന്‍ ചോദിച്ചു,
“സാറേ… ഈ ഡ്രോണ്‍ ഇനി എന്ത് ചെയ്യും”
“ഫൈന്‍ അടപ്പിച്ചിട്ടു തിരിച്ചു കൊടുക്കും”
“അതിന്‍റെ ഉള്ളിലെ മെമ്മറി കാർഡ് നശിപ്പിച്ചിട്ട് തിരിച്ചു കൊടുത്താ മതി”
“ഉം… ഇത്രയൊക്കെ പ്രശ്നങ്ങള് ഇവൻ ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അതില് എന്തൊക്കെ വീഡിയോ ഉണ്ടെന്നു കൂടി നോക്കട്ടെ”
“അയ്യോ!!” ജോണികൂട്ടന്‍റെ ഉലകം ഒന്നു കുലുങ്ങി.
പഞ്ചായത്ത് ഓഫീസ് നനയ്ക്കുന്ന പരിപാടി ജോണികുട്ടന്‍ അന്നത്തോടെ നിര്‍ത്തി.

ആഗസ്റ്റ്

ഉത്തര കർണ്ണാടകയിലെ ഏതോ നാട്ടുവഴിയിലൂടെ, ഇടയ്ക്കിടെ ഓഫായിക്കൊണ്ടിരിക്കുന്ന ഒരു ലോക്കൽ ബസ്സിലെ മൂന്ന് യാത്രക്കാരിൽ ഒരാളായി എന്റെ രാത്രി മുന്നോട്ട് പോവുകയായിരുന്നു… നഗരകാഴ്ചകൾ പോലെയല്ല വെളിച്ചമില്ലാത്ത നാട്ടുവഴികൾ, കാണുന്ന കാഴ്ചകളിൽ പാതി നമ്മൾ പൂരിപ്പിക്കേണ്ടതായി വരും. പേരറിയാത്ത കുറെ ഗന്ധങ്ങളെയും, കാട് കടന്നുവരുന്ന നിശബ്ദതകളെയും ഞാനതിനുവേണ്ടി കൂട്ടുപിടിക്കുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കാണ് യാത്ര. ബസ് അവസാനിക്കുന്നിടത്തേക്കാണ് എന്റെ ടിക്കറ്റ്. പക്ഷെ ലക്ഷണങ്ങൾ കണ്ടിട്ട് ബസ്, യാത്ര സ്വയം അവസാനിപ്പിക്കുമെന്ന് തോന്നി. പിന്നെന്ത് ചെയ്യണം എന്ന് ഞാൻ ചിന്തിച്ചില്ല. ലക്ഷ്യങ്ങളില്ലാത്ത യാത്രകളിൽ തടസ്സങ്ങൾക്ക് പ്രസക്തിയില്ലല്ലോ.

ബസ് വീണ്ടും നിന്നു. ആഴമുള്ള ഇരുട്ടാണ് ചുറ്റും. അതിലേറെ പരപ്പുള്ള ഉന്മാദവുമുണ്ട്. ഞാൻ ഞാനായി ജീവിക്കുന്നതിന്റെ ഉന്മാദം. എഞ്ചിനോട് കയർത്തും കിണുങ്ങിയും കേണും കരഞ്ഞും ഡ്രൈവർ സ്റ്റാർട്ട്‌ ആവാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു…. മുൻസീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി ധൈര്യത്തിനായി തെളിച്ച മൊബൈൽ വെട്ടം മാത്രമുണ്ട് ബസ്സിൽ. അവളുടെ കവിളത്ത് ആ വെട്ടം വരച്ച വെള്ളിചിത്രങ്ങളുണ്ടായിരുന്നു. ഭയം പുരണ്ട കണ്ണുകൾ എന്നെയും നോക്കി, ചിത്രങ്ങളിൽ കാർവെള്ളിമേഘങ്ങൾ!
എന്റെ പിറകിലുണ്ടായിരുന്ന മുഖം വ്യക്തമല്ലാത്ത ആ നരച്ച താടിക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റു മുകളിലെ കമ്പിയില്‍ പിടിച്ചു…. പിന്നെ വണ്ടിയില്‍ നിന്നിറങ്ങാതെ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിനിന്നു. അയാളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. ഡ്രൈവർ തന്റെ അവസാന ശ്വാസമെടുക്കും പോലെ ഒരു പ്രയോഗം നടത്തിയപ്പോൾ എഞ്ചിൻ വീണ്ടുമുണർന്ന് ബസ് അനങ്ങാനായൊരുങ്ങി. ബസ്സിലെ വെളിച്ചത്തേക്കാൾ മുൻപ് തെളിഞ്ഞത് ആ പെണ്കുട്ടിയുടെ കണ്ണുകളായിരുന്നു. അയാൾ അങ്ങനെ തന്നെ നിന്നു.

അലൈൻമെന്റ് തെറ്റിയ ബസ്സിന്റെ ചക്രങ്ങളുണ്ടാക്കുന്ന സംഗീതം കേൾക്കാം… ചില്ല് ജനാലക്കപ്പുറം കാട് മൂളുന്നുണ്ട്. പെട്ടെന്ന്, ദൂരെ ഒരു മലയ്ക്ക് മുകളിൽ നിന്നും ചെറുതല്ലാത്ത ഒരു വെളിച്ചം ഞാൻ കാണാൻതുടങ്ങി. പൗർണ്ണമി രാത്രിയായിരുന്നു അത്! ഫെബ്രുവരി മാസവും.
കേട്ടു മാത്രം അറിഞ്ഞിട്ടുള്ള കരികാന പരമേശ്വരി ക്ഷേത്രത്തിലെ മൂൺ ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ചോർത്തു. മലമുകളിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കാറുള്ള, ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന കച്ചേരി! ലക്ഷണങ്ങൾ കണ്ടിട്ട് അതു തന്നെയായിരിക്കണം, ഹൊന്നാവാറിനടുത്തെ നിൽകോട് ഗ്രാമം. എനിക്കൊരു പുഞ്ചിരിയുണ്ടായി. ചില യാത്രകളിൽ ചിലപ്പോൾ നമ്മളെ തേടി ലക്ഷ്യങ്ങൾ ഇങ്ങോട്ടെത്തും.
പക്ഷെ ബസ്സിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്ക് തിട്ടമില്ലായിരുന്നു, ആ പെണ്കുട്ടിയുടെ പ്രാർത്ഥനയുടെ ഫലത്തെപറ്റിയും.

ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ബസ് അവസാനമായി ഒന്ന് കുലുങ്ങികൊണ്ട് കണ്ണടച്ചു. ഞാൻ നോക്കിയത് അവളെയാണ്, ഭയം! കണ്ണ് നിറച്ചും കവിള് ചുവപ്പിച്ചും അതങ്ങനെ ആ മുഖത്ത് പൂത്ത് നിൽക്കുകയാണ്, ചന്തമുണ്ടത് കാണാൻ.
ഫോണിൽ അവൾ ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നെ ബസ് ജീവനക്കാരോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഒടുവിൽ ഒരു നിരാശയോടെ അവൾ ബാഗ് എടുത്ത് എഴുന്നേറ്റു. ഇറങ്ങും മുൻപ് എന്തോ… എന്നെ മാത്രം അവൾ ഒന്ന് നോക്കി.

ബസ് ജീവനക്കാർ ബസ്സിനകത്ത് കിടന്നുറങ്ങാനും, നരച്ച താടിക്കാരൻ പിറകിലേക്ക് നടക്കുവാനുമാണ് തീരുമാനിച്ചത്. പെണ്കുട്ടി മുന്നിലേക്ക് നടന്നു, ഞാനും…
നീൽകോടിലേക്കുള്ള വഴി അതുതന്നെയാണോ എന്ന് അവളോട് തിരക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു…
ഞാൻ പിറകിലുണ്ടെന്നറിഞ്ഞിട്ടും അവൾ വേഗം കൂട്ടിയില്ല, കുറച്ചതുമില്ല. അപ്പൂപ്പൻതാടി ഇളംകാറ്റിൽ ഒഴുകുന്നതു പോലൊരു നടപ്പ്.
പണ്ടിതുപോലൊരു രാത്രിയിൽ, ഉദയംപേരൂരിൽ വെച്ച് സക്കറിയയുടെ മുന്നിൽ നടന്നിരുന്ന പെൺകുട്ടി പെട്ടെന്ന് നിലത്തറ്റം വരെ തൊടുന്ന നാക്കുമായി തിരിഞ്ഞുനിന്ന ആ സംഭവത്തെകുറിച്ചോർത്തു. ചോരയൊലിപ്പിച്ച് കൊണ്ട് ആ രൂപം പിന്നെ അവന് പിറകെ അലറികൊണ്ടോടിയതും….

ഒരു പ്രണയനൈരാശ്യം അതിജീവിക്കാൻ വേണ്ടി നാടുവിട്ടതായിരുന്നു ഞാൻ.
കലർന്ന് കലങ്ങി കിടക്കുന്നതെല്ലാം ഒഴിച്ചുകളഞ്ഞേ പറ്റൂ…. മനസ്സ് തെളിയണം.
രണ്ടു ദിവസം മുൻപുള്ള രാത്രി വീട്ടിൽ നിന്നിറങ്ങി തിരൂർ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം വന്നത് പൂർണ്ണ എക്സപ്രസ്സായിരുന്നു. പുലർച്ചെ കുംട്ടയിൽ ഇറങ്ങി നേരെ ഗോകർണ്ണത്തെത്തി… സോസ്റ്റലിൽ വെച്ച് പരിചയപ്പെട്ട സഞ്ചാരികളോടും ഓം ബീച്ചിൽ കണ്ടുമുട്ടിയ ഹിപ്പികളോടും മഹാബലേശ്വര ക്ഷേത്രത്തിലെ തീർഥാടകരോടും വിഷമം മറക്കാനായി ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. അതിൽ ചിലരോട് അവളെ പറ്റിയും, ഞങ്ങളുടെ ആ പ്രണയത്തെപറ്റിയും…
ഒടുക്കം, അതിമനോഹരമായി സന്തൂർ വായിക്കുന്ന ഒരു ഡെൻമാർക്കുകാരൻ ആഗസ്റ്റ് ആണെന്നോട് അത് മുഖത്ത് നോക്കി പറഞ്ഞത്,
“അവൾ നിന്നെ വഞ്ചിച്ച കഥയാണ് ദേഷ്യത്തോടെയും വിഷമത്തോടെയും നീ പറയുന്നത് എങ്കിലും, നിന്റെ കവിൾ പൂക്കുന്നുണ്ട്, കണ്ണു തെളിയുന്നുണ്ട്…
നീയിപ്പോഴും അവളെ പ്രേമിക്കുന്നുണ്ട്!”
എന്റെ ചിരി മാഞ്ഞു. ഭഗവാൻ കഫേയിൽ നിന്നിറങ്ങി നടന്ന് തീരത്തെ ആളൊഴിഞ്ഞ ഭാഗത്ത് പോയി ഞാൻ ഉച്ചത്തിൽ കരഞ്ഞു. പിന്നെ മുങ്ങി കുളിച്ചുവന്നു. എന്നിട്ടും കരയിലെത്തിയപ്പോൾ ഉപ്പുവെള്ളത്തോടൊപ്പം അവളും എന്റെ ദേഹത്തുണ്ടായിരുന്നു.

ഓർമ്മയിൽ നിന്ന് നിന്നാ പാതയിലേക്ക് തിരിച്ചെത്തിയപ്പോൾ ബസ്സിൽ ഉണ്ടായിരുന്ന ആ പെൺകുട്ടി എന്റെ മുന്നിലുണ്ടായിരുന്നില്ല!! അവളും അവളുടെ മൊബൈൽ വെട്ടവും ആ അന്തരീക്ഷത്തിൽ തൊട്ടുമുൻപുള്ള നിമിഷം വരെ ഉണ്ടായിരുന്നതിന്റെ യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരായിരിക്കുന്നു! കണ്ണുകൾ ആവും വിധമൊക്കെ അവളെ തിരഞ്ഞു പരാജയപ്പെട്ടു.
പിന്നെ ഞാൻ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി, അവളെന്റെ തോന്നലായിരുന്നു. ഞാൻ തന്നെ എന്റെയൊരു തോന്നലാണെന്നെനിക്ക് പലകുറി തോന്നിയിട്ടുള്ളതുകൊണ്ട് മനസ്സിന് ആ കുട്ടിയുടെ കാര്യത്തിൽ ഞെട്ടലോ സങ്കടമോ വന്നില്ല.

കാട് പിടിതരുന്നില്ല.
നേരത്തെ വെളിച്ചം കണ്ട കരികാനയിലേക്കുള്ള വഴിയിലേക്കാണോ അതോ അതിന്റെ എതിർ ദിശയിലേക്കാണോ എന്റെ സഞ്ചാരമെന്നു പോലും എനിക്ക് ആ ഇരുട്ടിൽ തിട്ടപ്പെടുത്താനായില്ല..
ഊരേതാണെന്നറിയാതെ, ആവിടുത്തെ രാത്രികളെങ്ങനെയാണെന്നറിയാതെ നടക്കുന്ന നടത്തത്തിന് ആക്കം കൂടേണ്ടതാണ്. ഞാനിന്നു പക്ഷെ പതിവിലും പിറകെയാണ്. അവളെക്കുറിച്ചുള്ള ഓർമ്മകൾ മായ്ക്കാൻ ഗോകർണ്ണത്തിനാവില്ലെന്നു മനസ്സിലായപ്പോൾ ഇന്ന് പകൽ റൂം വെക്കേറ്റ് ചെയ്ത ഇറങ്ങിയതാണ്.
ബസ് സ്റ്റാന്റിൽ നിന്നാദ്യം കണ്ട ബസ്സിൽ ബോർഡ് പോലും നോക്കാതെ കയറി ഇരിക്കുമ്പോൾ ഒരു നാടോടി സ്ത്രീ എന്റെ അടുത്തേക്ക് വന്നു മുഖത്ത് നോക്കി ചൊല്ലിപ്പറഞ്ഞ വാക്കുകൾക്ക് പിന്നിലെ പൊരുളെന്താണെന്ന് ഞാൻ വീണ്ടുമാലോചിച്ചു…
“നീയിന്നാ മലമുകളിൽ നിന്ന് പൊട്ടിവീഴും, താഴെവീണെൻ കാട്ടിൽ മരിക്കും!”
എന്റെ ഉള്ളിലെ ഏതോ ഞാൻ ആ വാക്കുകൾ കേട്ട നിമിഷത്തിൽ തന്നെയാണിപ്പോഴും. ‘ഏത് കാട്, ഏത് മല?’

എന്റെ പിറകിലായി ഒരു പഴയ സ്‌കൂട്ടറിന്റെ വെട്ടമുണ്ടായി. വെളിച്ചത്തിന് പിറകെ രൂക്ഷമായ മദ്യത്തിന്റെ വാസനയും. ഗ്രാമവാസികളിലൊരാൾ പണി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിലാണ്…
നീൽകോടിലേക്കാണെന്നു പറഞ്ഞ്
കൈ കാണിച്ചപ്പോൾ അയാൾ എന്നെയും കൂടെ കൂട്ടി…
അത്രയും ആശ്വാസം, ഇനി വഴിയറിയാതെ കാട് താണ്ടണ്ടല്ലോ…
വണ്ടി ഓടിക്കുന്നതിടെ അയാൾ പുറത്തെ കാറ്റിനോട് ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു. എനിക്കറിയാത്ത കന്നഡയിൽ ആ ഓൾഡ് കാസ്‌കിന്റെ കവിത രാത്രിയോട് ചേർന്നൊഴുകി,
‘ഇനി എന്റെ വെയിലുകൾ നിന്നെ ചുടും,
ഇനി നിന്റെ രാത്രികളിൽ വിഷാദം പൂക്കും,
നിറമറ്റ നേരങ്ങളിൽ എൻ ഓർമ്മ വേവും,
.
.
.
എങ്കിലുമെൻ ഓളങ്ങളിൽ,
നിൻ നിലാവ് വെട്ടും,
ഓരോ തിരയിലും നീ പതയും’

അമ്പലത്തിലേക്കുള്ള കവാടത്തിനരികെ അയാൾ വണ്ടി നിർത്തി. അവിടുന്നങ്ങോട്ട് അഞ്ച് കിലോമീറ്റർ മല കയറണം. അയാൾക്ക് വേറെ വഴിയാണ് പോവേണ്ടിയിരുന്നത്. നന്ദിസൂചകമായി ഒരു പൈൻറ് ഓൾഡ് കാസ്‌കിനുള്ള കാശ് ഞാൻ പോക്കറ്റിൽ വെച്ചു കൊടുത്തപ്പോൾ മുകളിൽ അമ്പലത്തിൽ കൊണ്ടു വിട്ടുതരാമെന്നായി അയാൾ. വേണ്ടെന്നു പറഞ്ഞ് ഞാൻ മുകളിലേക്ക് നടന്നു…
മലമുകളിൽ നിന്നും മഞ്ഞിലൂടെ അരിച്ചരിച്ചു വരുന്ന പൗർണ്ണമി രാത്രിയുടെ സംഗീതം! എന്റെ നടത്തം വേഗത്തിലായി, കിതപ്പിനൊപ്പം ഈണങ്ങൾ തെളിഞ്ഞു കേൾക്കാൻ തുടങ്ങി..
ശ്രീധർ ഹെഗ്‌ഡെ ഭൈരവിയിൽ ജയ ദുർഗേ ആലപിക്കുമ്പോഴാണ് ഞാൻ ആ മലമുകളിലെത്തിയത്…
പിന്നെ പണ്ഡിറ്റ് ഓംകാർ നാഥ്‌, പൂർണ്ണിമ ഭട്ട്, നാഗരാജ് ഹെഗ്‌ഡെ, നയൻ യാഗ് വാൾ, അശോക് നടികർ…
കലാകാരന്മാർ പ്രകൃതിയെ തൊടുന്ന നിമിഷങ്ങൾ!
ആൾക്കൂട്ടത്തിൽ നിന്ന് മാറി ഒരു പാറപ്പുറത്ത് ഞാനിരുന്നു… താഴെ, പൂർണ്ണനിലാവിന്റെ വെട്ടത്തിൽ കുളിച്ചു നിൽക്കുന്ന താഴ് വരയും കണ്ട്…

ചുറ്റിനും ഇടതൂർന്ന കാടുള്ള ആ മലയുടെ മുകളിൽ ആകെയുണ്ടായിരുന്നത് ആ ക്ഷേത്രം മാത്രമാണ്. അവിടെ നിന്നും കിട്ടുന്ന രാത്രി ഭക്ഷണം കഴിക്കുന്നതിടെയാണ് പാറപ്പുറത്ത് കൂടിയിരിക്കുന്ന വിദേശികളും സ്വദേശികളുമായ ആസ്വാദകർക്കിടയിൽ ഞാൻ ആഗസ്റ്റിനെ വീണ്ടും കണ്ടത്! ആറോ ഏഴോ വരുന്ന ഹിപ്പി സുഹൃത്തുക്കളുടെ ഇടയ്ക്ക് ചന്തമുള്ളൊരു കാഷായവേഷം ധരിച്ച്
മേലിൽ ഏതോ വാസന തൈലം പുരട്ടിയിട്ടുള്ള ഇരുപ്പ്. ഞാൻ അടുത്തേക്ക് ചെന്നു,
“നീ ഇവിടെയും എത്തിയോ?”
പ്രണയഭാരങ്ങൾ കൊണ്ടലയുന്നവനെ കണ്ട് ആഗസ്റ്റ് ചിരിച്ചു.
ഞങ്ങൾ പിന്നെ ഒരുമിച്ചിരുന്നു…

ശാരദ ഭട്ടിന്റെയും ഉമാ ഹെഡ്ഗെയുടെയും ജുഗൽബന്തി അവസാനത്തോടടുക്കുമ്പോൾ, മോക്ഷ സമാനമായ ഒരു ശീതം, മഞ്ഞിനോടൊപ്പം ഞങ്ങളെ വലയം ചെയ്തിരുന്നു. ആഗസ്റ്റ് കുറച്ചുനേരം എന്നെ നോക്കി ഇരുന്നു…
“നീ ആ പ്രണയകഥ ഒരിക്കൽ കൂടെ പറ, ഈ രാത്രി നിലാവത്ത്, കീർത്തനങ്ങൾ ശ്രുതിമീട്ടുമ്പോൾ നീയാ കഥ പറയുന്നത് കാണാൻ ഒരു ഭംഗിയുണ്ടാവും”. ആഗസ്റ്റ് നിർബന്ധിച്ചു.
ഓംകാർ നാഥ്‌ ഗുൽവാദി തബല വായിക്കുമ്പോൾ ഞാൻ ഞങ്ങളെ പറ്റി വീണ്ടും പറഞ്ഞു തുടങ്ങി…
ഒരു സിനിമാ തിയേറ്ററിൽ കൂട്ടുകാരന് വേണ്ടി എടുത്ത ടിക്കറ്റ് അവൻ വരുന്നില്ലെന്നുറപ്പായപ്പോൾ ക്യൂ നിൽക്കുന്നവരിൽ ആർക്കെങ്കിലും കൊടുത്ത് കാശാക്കാൻ ശ്രമിക്കുന്നതിനിടെ എന്റെ അടുത്തേക്ക് വന്ന അവളെക്കുറിച്ച്… പിന്നെ ഒരുമിച്ച് ആ സിനിമ കണ്ടപ്പോൾ ആരംഭിച്ച സൗഹൃദത്തെ കുറിച്ച്, പിന്നെയെപ്പോഴോ അവൾക്ക് വേണ്ടി ചിറകടിക്കാൻ തുടങ്ങിയ എന്റെ ചിത്രശലഭങ്ങളെക്കുറിച്ച്…
ഓർത്തെടുക്കുമ്പോഴൊക്കെയും കരളിൽ കുളിരുറവ പൊട്ടുന്ന കാക്കത്തൊള്ളായിരം നിമിഷങ്ങളെക്കുറിച്ച്…
ആ ഒരു സമയത്തിന് മുൻപോ പിൻപോ ഞാൻ അവളെക്കുറിച്ച് അത്രയും മനോഹരമായി സംസാരിച്ചിട്ടില്ല…

അവളിൽ നിന്ന് ഞാൻ ഒറ്റയ്ക്ക് മടങ്ങിയെത്തിയപ്പോൾ പൂർണ്ണചന്ദ്രൻ അസ്തമിക്കാനൊരുങ്ങി നിൽക്കുകയാണ്… മലമുകളിലെ സംഗീതവും.
ആഗസ്റ്റ് ഇമ വെട്ടാതെ എന്നെയും നോക്കി ഇരിക്കുന്നു..
“How far will you go for love?”
പിൽകാലത്ത് കാഡ്ബറി ഡയറിമിൽക്കിന്റെ പരസ്യത്തിൽ വന്ന ചോദ്യം!
ഒരാൾ തന്റെ പ്രണയത്തിന് വേണ്ടി എത്ര കാതങ്ങൾ സഞ്ചരിക്കും?
പ്രണയത്തിന് വേണ്ടി രാജ്യങ്ങളും ഭൂഗന്ധങ്ങളും താണ്ടിയവരെ കുറിച്ച് വായിച്ചിട്ടുള്ളതുകൊണ്ട് ഞാൻ മിണ്ടാതെ നിന്നു. അത് മനസ്സിലാക്കികൊണ്ടു തന്നെ ആഗസ്റ്റ് അടുത്ത ചോദ്യം ചോദിച്ചു,
“How far will you go to forget your love?”
വീട്ടിൽ നിന്നിറങ്ങിയശേഷം സഞ്ചരിച്ച ദൂരങ്ങളൊക്കെയും ഞാനോർത്തു നോക്കി… ഒരുപാടുണ്ട്, ഇനിയും വേണ്ടിവരും.
ആഗസ്റ്റ് തുടർന്നു,
“ഒരു പ്രണയം മറക്കാൻ വേണ്ടി ദൂരയാത്ര ചെയ്യേണ്ട കാര്യമില്ല…
നീ നിന്റെ ഉള്ളിലേക്ക് തന്നെ സഞ്ചരിച്ചാൽ മതി… അവളെ വെറുക്കാതെ മറക്കാൻ തുടങ്ങും, ഓർക്കാതെ ചിരിക്കാൻ പഠിക്കും…”

പുലർച്ചെ കുന്നിൻചെരുവിലൂടെ സൂര്യൻ വരവറിയിച്ചു. ഓർമ്മിക്കാനേറെയുള്ള ഒരു രാത്രിയുടെ അവസാനം… ആ വർഷത്തെ മൂൺ ലൈറ്റ് ഫെസ്റ്റിവലിന്റെയും.
ക്ഷേത്രത്തിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഞാൻ യാത്രപറഞ്ഞു പോവാനൊരുങ്ങുമ്പോൾ ആഗസ്റ്റ് ചോദിച്ചു,
“നിങ്ങൾ ആദ്യം കണ്ട ആ സിനിമയ്ക്ക് ഒരു പേരുണ്ടോ?”
“ഉം”
“എന്താണ്?”
“കിസ്മത്ത്!”
ആഗസ്റ്റ് ഉറക്കെച്ചിരിച്ചു, ഞാനും.
താഴ്‌വരയിലെ തണുപ്പിലെവിടേക്കോ മനസ്സിനുള്ളിൽ ഭാരങ്ങൾ പറത്തികളഞ്ഞ് ആ മലയിറങ്ങുന്ന എന്നോടായി ആഗസ്റ്റ് പിറകിൽ നിന്നും വിളിച്ചു പറഞ്ഞു…
“എഴുതുക, എഴുതികൊണ്ടേയിരിക്കുക…. ഒടുവിൽ ഒരുനാൾ നീ അവളെക്കുറിച്ചും എഴുതിവെക്കും…”

എഴുതി.

മിച്ചേച്ചിടെ കോഴി

തീൻമേശകളിലും ഫാമുകളിലും ഫ്രീസറുകളിലുമൊക്കെയായി എത്രയോ കോടി കോഴികളുണ്ട് ഈ ലോകത്ത്, അതില്‍ മിച്ചേച്ചിടെ കോഴി മാത്രം ഇവിടെ കയറി മുളയണം എന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാവുമല്ലോ. ഉണ്ട്, ആ കാരണത്തിന്റെ പേരാണ് ടി.കെ.സുന്ദരന്‍. മിച്ചേച്ചിടെ ഈ ജന്മത്തിലെ ഭര്‍ത്താവ്.

ഒന്നാം വിവാഹവാർഷികത്തിന്റെ അന്ന് രാവിലെ മിച്ചേച്ചിക്കൊരു ആഗ്രഹം, ഉണക്കമീന്‍ കൂട്ടി ഊണ് കഴിക്കാൻ. ആ ആഗ്രഹ സഫലീകരണത്തിനായി എടപ്പാൾ ചന്തയിൽ ഉണക്കസ്രാവ് വാങ്ങിക്കാൻ ചെന്ന ടി.കെ.സുന്ദരനെ നോക്കി കൂട്ടിലിരുന്ന് പുഞ്ചിരിച്ചു എന്നൊരു തെറ്റേ ആ കോഴികുഞ്ഞ് ജീവിതത്തില്‍ ചെയ്തിട്ടുള്ളൂ… അത് പുഞ്ചിരിയായിരുന്നില്ല, താന്‍ കോട്ടുവായ ഇട്ടതാണെന്ന് ആ കോഴി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിരി കണ്ടിഷ്ടപെട്ട ടി.കെ.എസ്, ആ കോഴികുട്ടിയെ വീട്ടിലേക്ക് അവരുടെ ഒന്നാം വിവാഹവാര്‍ഷിക സമ്മാനം എന്ന ലേബലൊട്ടിച്ചിട്ട് കൊണ്ടുപോയി. മിച്ചേച്ചിക്ക് വാര്‍ഷികം, ഉണക്കമാന്തളില്ലാതെ ആഘോഷിക്കേണ്ടി വന്നു.
“എനിക്കെന്തോ, ഈ കോഴിയുടെ മുഖം കണ്ടപ്പോൾ നിന്നെ ഓർമ്മ വന്നു മിന്യേ” എന്ന സുന്ദരന്റെ മോഹനസുന്ദര ഡയലോഗിനും മിച്ചേച്ചിയെ ആശ്വസിപ്പിക്കാനായില്ല.
പക്ഷെ പോകെ പോകെ അതേ കോഴി മിച്ചേച്ചിക്ക് പ്രിയപെട്ടവളായി മാറി…. മിചേച്ചിക്ക് സുന്ദരൻ പിന്നെ ആ ജന്മത്തിൽ വേറൊരു സമ്മാനവും വാങ്ങി കൊടുത്തിട്ടില്ല എന്ന ഒറ്റ റീസൺ കൊണ്ട്…

വർഷങ്ങൾക്കിപ്പുറം കോഴി വളർന്ന് വലുതായി ഒരു സുന്ദരനായി, പക്ഷെ സുന്ദരൻ വലുതായപ്പോൾ കോഴിയായില്ല, നല്ല ഒരു ടൈലറായി അങ്ങാടിയിൽ കടയിട്ടിരുന്ന് പഞ്ചായത്തിന്റെ സ്റ്റയിലിസ്റ്റായി.
പണ്ട് അതേ അങ്ങാടിയുടെ ഹൃദയഭാഗത്ത് ഐ എസ് ഡി ബൂത്ത് നടത്തിയിരുന്ന, പിന്നീട് മൊബൈൽ ഫോണ് വിപ്ലവം വന്നപ്പോൾ ബിസിസിനസ് ലിക്വിഡേറ്റ് ചെയ്ത് സുന്ദരന്റെ അസിസ്റ്റന്റായി കേറിയ ഐ എസ് ഡി എന്ന് തന്നെ ഇപ്പോഴും നാട്ടുകാർ വിളിക്കുന്ന……. വിളിക്കുന്ന…… (അവന്റെ ശരിക്കുള്ള പേര് ഞാനും മറന്നു!) എന്തായാലും ആ ഐ എസ് ഡി ആയിരുന്നു അന്ന് ടൈലർ ഷാപ്പിൽ ഉണ്ടായിരുന്നത്.
ആസ്ഥാന സുയിപ്പൻ സൈക്കോ ബാലചന്ദ്രൻ, തന്റെ എവർ റോളിംഗ് ശത്രു സുന്ദരന് ഒരു പണി കൊടുക്കണം എന്ന് തീരുമാനിച്ച് വീട്ടിൽ നിന്ന് പല്ലുതേക്കാതെ ഇറങ്ങിയ ദിവസമായിരുന്നു അത്….
ടൈലർ ഷാപ്പിലെ മുന്നിലെ ഹമ്പിനടുത്തേക്ക് ബാലചന്ദ്രൻ എത്തുമ്പോഴാണ്, ബാചയേക്കാൾ പരിമളം വിതറികൊണ്ട് ഒരു കോഴിലോറി ആ ഹമ്പ് ജമ്പി പോയത്.
ബാലചന്ദ്രൻ നോക്കുമ്പോ, കടയുടെ മുന്നിലായി അതാ മിച്ചേച്ചിടെ കോഴി ഒരു കാര്യവുമില്ലാതെ നെഞ്ചും വിരിച്ച് നിൽക്കുന്നു. കടയുടെ അകത്തിരുന്ന് ഐ എസ് ഡി ‘തിരുവോണം’ ബസ്സിന്റെ കണ്ടക്ടർ തിരുവാണം ബാബുവിന്റെ കാക്കി ഷർട്ടിന് കുടുക്ക് വെക്കുന്നു…
സ്പൊണ്ടനിയസ് ദുൽമ്! ബാലചന്ദ്രൻ ഒറ്റ പറച്ചിലാ..
“ഐഎസ്ഡിയെ…. കോഴി ലോറീന്ന് വീണ കോഴിയാണ്, പിടിച്ചടാ..”
ബാലചന്ദ്രന് മുഴുവനാക്കേണ്ടിവന്നില്ല, ഐഎസ്ഡി കഴുത്തിലെ മീറ്റർ ടേപ്പ് പോലും ഊരിവെക്കാതെ വെള്ളമുണ്ട് മടക്കികുത്തി പുറത്തെത്തികഴിഞ്ഞിരുന്നു!

ഡ്രിബിൾ ചെയ്യുന്ന റൊണാൾഡീഞ്ഞോടെ കയ്യിൽ നിന്നും കടമെടുത്ത രണ്ടു സ്റ്റെപ്പുമായി ഐഎസ്ഡി കോഴിയുടെ പിറകെ കൂടി.
‘എന്ത് ഒലക്കപിണ്ണാക്കിനാണ് ഇവനെന്റെ പിന്നാലെ വരുന്നതെന്ന്’ ആലോചിച്ച് കോഴിയും കൺഫ്യൂഷനിലായി. കോഴി ലെഫ്റ്റ് എടുത്ത് നടന്ന് ബാലൻകുട്ടി കടയുടെ മുന്നിലെത്തിയപ്പോഴും അവൻ പിറകെ… പന്തികേട് മണത്ത കോഴി പിന്നൊന്നും നോക്കീല ഒറ്റ മണ്ടലാ. കിക്കോഫ്! പിന്നാലെ ഐ എസ് ഡി യും….

രണ്ടും നേരെ ചാച്ചുട്ടന്റെ കള്ളുഷാപ്പിന്റെ മുൻവാതിലിലൂടെ അകത്തേക്ക് കേറി പിൻവാതിലിലൂടെ പുറത്തേക്കെത്തി, ഡെക്കാൻ മേനോന്റെ വാടകവീടിനെ രണ്ടുകുറി പ്രദിക്ഷണംവെച്ച്, മൂലേപറമ്പിലൂടെ നൂറേ നൂറില് ചാടിയോടി, പാലിങ്ങലിലെ രണ്ടു വീട്ടിലും ഹാജർ വെച്ച്, മനക്കിലെ തൊടിയിൽ എത്തിയപ്പോ ഒറ്റ പറക്കല് (ഐ എസ് ഡി പറന്നില്ല) സേഫ് ലാന്റ് ചെയ്തത് റോഡിൽ. അവിടുന്ന് നേരെ പടിഞ്ഞാട്ടോടി, തോട്ടിൻകരയിൽ എത്തി നീന്താൻ നിൽക്കാതെ ലെഫ്റ്റ് എടുത്ത് ശാരദേട്ത്തിയുടെ വിറകുപുരയിലൂടെ, കരിങ്കൊറക്കാരുടെ കിണറിനു മീതെ കൂവികൊണ്ടു പാറിയശേഷം, സദാനന്ദൻ മാഷ്ടെ മുറ്റത്ത് വെച്ച് ഐ എസ് ഡിയുടെ സ്ലൈഡിങ്ങ് ടാക്ക്ളിങ്ങിനെ അതിജീവിച്ച്, ഒടുവിൽ ഇബ്രാഹിടെ ഇതക്കിൽ വെച്ച് വെട്ടിത്തതിരിഞ്ഞപ്പോ കോഴി തന്റെ ഹോം ഗ്രൗണ്ട് കണ്ടു. അവിടുന്നാ കുക്കുടം വെടിച്ചില്ലു പോലെ പാഞ്ഞ് വീട്ടിലെത്തി നേരെ കൂട്ടിൽ കയറി “മിച്ചേച്ച്യേ…. കുഴി മാന്തിക്കോ” ന്നും പറഞ്ഞൊരു കിടപ്പായിരുന്നു…..

മുറ്റത്തു നിൽക്കുന്ന മിച്ചേച്ചിയുടെ ആ നോട്ടത്തിൽ നിന്ന് കിതപ്പിനിടയിലും ഐ എസ് ഡിക്ക് കോഴിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് സ്ഥിതീകരണം കിട്ടി. ഓടാൻ പോയിട്ട് ഒന്ന് നടക്കാൻ പോലുമുള്ള ആമ്പിയർ ഇല്ലാതിരുന്നിട്ടും ഐ എസ് ഡി, അതേ ജ്യോഗ്രഫിയിലൂടെ തിരിഞ്ഞോടി!
‘ഐ എസ് ഡിയുടെ ഒരു സ്റ്റാമിന!’ എന്ന് പറയാൻ വരട്ടെ, മടലുമായി പിറകെ ഓടിയ മിച്ചേച്ചിയായിരുന്നു ആ സ്റ്റാമിനയ്ക്ക് പിറകിൽ….

ലോകത്ത് വസന്ത വന്നു മരിച്ച കോഴികളുണ്ടാവും, കുറുക്കൻ കറിവെച്ച കോഴികളുണ്ടാവും, മനുഷ്യൻ കൊന്ന കോഴികളുണ്ടാവും… പക്ഷെ, ഓടിമരിച്ച കോഴി, ഈ ഒരെണ്ണമേയുള്ളൂ… മിച്ചേച്ചിടെ കോഴി!

മുതലാളിയുടെ കോഴിയെ മണ്ടിച്ചു കൊന്ന തൊഴിലാളിയോട് മിച്ചേച്ചി നഷ്ടപരിഹാരം ചോദിച്ചു, കോഴിയുടെ രണ്ടുമാസം പ്രായമുള്ള ബേബിയുടെ ചിലവ്‌ ഏറ്റെടുക്കണം. തൊഴിൽ നഷ്ടപെടാതിരിക്കാൻ ഐ എസ് ഡി ക്ക് അത് സമ്മതിച്ചുകൊടുക്കേണ്ടി വന്നു. അതിൽ പിന്നെ അവന് സുന്ദരൻ ആ ചിലവ് കാശ് കിഴിച്ചിട്ടുള്ള ശമ്പളമേ കൊടുത്തിരുന്നുള്ളൂ… ആ ഇടയ്ക്കാണ് ഐ എസ് ഡി ക്ക് കൂറ്റനാട് നിന്നും ഒരു കല്യാണാലോചന വരുന്നത്. അവനെ പറ്റി അന്വേഷിക്കാൻ പെണ്ണിന്റെ വകേലെ ഒരു അമ്മാവൻ അങ്ങാടിയിൽ വന്നിട്ട് തിരക്കിയത് സൈക്കോ ബാലചന്ദ്രനോടും…
“നല്ല ചെറുപ്പക്കാരനാ… ഒരു ദുശ്ശീലവുമില്ല, പക്ഷെ കയ്യിലിരുപ്പ് കാരണം ഒരു കോഴിക്ക് ചിലവിനു കൊടുക്കുന്നുണ്ട്!”
“കോഴിക്കോ?”
സാധാരണ ബന്ധം ഒഴിവാക്കുമ്പോൾ ഭാര്യയ്ക്കും കുട്ടിക്കും ഒക്കെ അല്ലെ കൊടുക്കാറ്…. വകയിലമ്മാവന് ഡൗട്ട് പെരുത്തു. ബാച വിടോ, ഒരു ദീർഘ നിശ്വാസം വിട്ടിട്ടു പറഞ്ഞു…
“ഹാ… മരിച്ച കോഴിയും അവനും തമ്മിലുള്ള ബന്ധം അങ്ങനെയൊക്കെയായിരുന്നു….!”

സൈക്കോ ബാലചന്ദ്രൻ

‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി,  വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്. 

പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ്  ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്.  പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…

സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം…  ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം  എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള് തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?

പൂജാ സ്റ്റോഴ്‌സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല് ചെയ്ത  ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില് ഫ്‌ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല് ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!

“ഫേഷ്യല് ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”

“അതേ… എന്തേ”

“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന്‌ കറുക്കും!”

“അങ്ങനെയുണ്ടോ?”

“ആ… അതല്ലേ ഫേഷ്യല് ചെയ്യുന്ന മുറിയൊക്കെ എസി ആക്കി വെച്ചിരിക്കുന്നത്!”

അപ്പോഴേക്കും ഒരു മൈൽഡ് കാർഡിയാക് അറസ്റ്റിന്റെ തുമ്പത്ത് എത്തിയിരുന്ന സുഭീഷ് ദയനീയമായി ചോദിച്ചു, “കുടയുണ്ടോ ബാലേട്ടാ”

ബാലചന്ദ്രന്റെ നിതാന്ത വിമർശകൻ ടൈയലർ സുന്ദരന്റെ കട, പൂജാ സ്റ്റോഴ്‌സിന് നേരെ ഓപ്പോസിറ്റാണ്. അന്ന് ഉച്ച തൊട്ട് സുന്ദരൻ ബാലചന്ദ്രന്റെ കടയിലേക്ക് നോക്കുമ്പോൾ സുഭീഷ് അവിടെ ഇരിക്കുന്നുണ്ട്. ബാച പതിവ് പോലെ എങ്ങോട്ടോ സർക്കീട്ട് പോയിരിക്കുന്നു. ഒരു ഏഴ് ഏഴരയായപ്പോൾ കടയടച്ച് സുന്ദരൻ വീട്ടിൽ പോവാൻ ഇറങ്ങിയപ്പോഴും സുഭീഷ് അതേ ഇരുപ്പ്. സുന്ദരൻ നേരെ അങ്ങോട്ട് ചെന്നു.

“നീ കുറെ നേരമായല്ലോ സുഭീഷേ, ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്”

“ഞാൻ വെറ്റില വാങ്ങാൻ വന്നതാ”

“ന്നിട്ട് ബാലചന്ദ്രൻ അത് നുള്ളാൻ പോയതാണോ?”

സുഭീഷ് കാര്യം മുഴുവൻ സുന്ദരനോട് പറഞ്ഞു…

“ഇരുട്ടായിട്ടേ ഞാനിനി വീട്ടിൽ പോവുന്നുള്ളൂ… ബാലേട്ടനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ നാളെത്തെ എന്റെ നിശ്ചയം വെള്ളത്തിലായേനെ”

“ഉം… ഇപ്പൊ നിന്റെ നിശ്ചയം ടാജിലാണല്ലോ ആയത്; എടാ മരങ്ങോടൻ മാന്ത്രികപൊട്ടാ… നിനക്ക് ബാലചന്ദ്രനെ അറിഞ്ഞൂടെ? അയാള് അയാളുടെ പതിവ് വിളച്ചില് എടുത്തതാണ്…. ഇച്ചിരി വെയിലു കൊണ്ടെന്നു വെച്ചിട്ട് ഒന്നും സംഭവിക്കില്ല.”

സുന്ദരന്റെ പറച്ചിലിൽ സുഭീഷിന് പാളി എന്നു മനസ്സിലായി.

“അയാള് നിന്നെ കൂലി ഇല്ലാതെ കടയേല്പിച്ച് പോയതാ… നീ പെട്ടെന്ന് വീട്ടിൽ പോ”

“അപ്പൊ കട?”

“പൂട്ടിയിട്ട് താക്കോല് എവിടെയെങ്കിലും വെച്ചിട്ട് വീട്ടില്‍ പോടാ, നാളെ നിന്റെ നിശ്ചയമല്ലേ കോപ്പേ…” 

സുന്ദരനോട് സുഭീഷ് നിഷ്കളങ്കമായി ചോദിച്ചു,

“താക്കോല് ഇവിടെ വെച്ചിട്ട് പോയാല്‍ വല്ലവരും വന്നു കട തുറന്നു മോഷ്ടിച്ചാലോ ?”

“ഏത്, ഈ പൂജാ സ്റ്റോഴ്സോ ?”

“ഉം…”

“ആടാ… രാത്രി ഗുരുവായൂര്ന്ന് ശ്രീകൃഷ്ണന്‍ വരും, കട കുത്തിതുറന്ന്  ചന്ദനതിരി എടുത്തു കൊണ്ടുപോവാന്‍… നീ കുടുംബത്ത് പോവാൻ നോക്കടാ!”

സുന്ദരൻ പിറുപിറുത്തുകൊണ്ട് തന്റെ വീട്ടിലേക്ക് നടന്നു…

 

പക്ഷെ കട കുത്തിത്തുറക്കാൻ വരുന്നുണ്ടായിരുന്നു… ഗുരുവായൂരപ്പനല്ല, പൂങ്കാറ്റില്‍ ഇലക്ട്രോണിക്സ്‌ പ്രൊപ്റൈറ്റര്‍ പൂങ്കാറ്റില്‍ ഉത്തമൻ. ബാ ച കട പൂട്ടികെട്ടിച്ചതിന്റെ പ്രതികാരം ചെയ്യാൻ…. സുഭീഷ്‌ പൂജാ സ്റ്റോഴ്‌സ് പൂട്ടി താക്കോൽ ഇറയത്ത് വെക്കുന്നത് പഞ്ചായത്ത് ഓഫീസിന്റെ പിറകിലെ ഇരുട്ടിൽ മറഞ്ഞു നിന്നുകൊണ്ട് ഉത്തമൻ കണ്ടു. സുഭീഷ്‌ പോയശേഷം അങ്ങാടി ശ്യൂന്യമാവാൻ വേണ്ടി പൂങ്കാറ്റിലുത്തമൻ പൂജാ സ്റ്റോഴ്‌സിലേക്ക് നോക്കികൊണ്ട് കാത്തിരുന്നു…

 

കുറ്റാകൂരിരുട്ടിൽ നടന്ന് സുഭീഷ് അത്താണി പാടവും കടന്ന് മുതലകുന്നിലെ ഇടവഴിയിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ ഉണ്ട് റോഡില്‍ എതിരെ ഒരു ടോര്‍ച്ച് വെട്ടം, ബാലചന്ദ്രന്‍!

അന്ധാളിപ്പോടെ സുഭീഷ് ആസ്കി, 

“അല്ലാ, ന്റെ ബൈക്ക് എവിടെ?”

പകൽ സുഭീഷിന്റെ ബൈക്കും കൊണ്ടായിരുന്നല്ലോ ബാച പോയത്!

“ബൈക്ക് ഞാൻ നമ്മടെ കുഞ്ഞിമുഹമ്മദ് ചോദിച്ചപ്പോ കൊടുത്തു”

“എന്തിന്??”

“ഓന്റെ പുതിയ കാറിന്റെ എയർബാഗ് രണ്ടും പുറത്തേക്ക് വന്നു ഓടിക്കാൻ പറ്റാതെ കിടക്കാണ്, രാത്രി എന്തെങ്കിലും ഓട്ടം കാണും… പാവം”

(സത്യത്തിൽ കുഞ്ഞിമുഹമ്മദിന്റെ  കാറിൽ ബാച ബൈക്കുമായി ചെന്ന് കേറ്റിയിട്ടാണ് എയർബാഗ് പുറത്തേക്ക് വന്നത്)

രാത്രി വരെ ഇരുന്ന് ഗ്രാമി അവാർഡ്സിന്റെ  ബഹുമാനം നഷ്ടപെട്ട സുഭീഷ്‌ പറഞ്ഞു,

“എന്നാലും ബാലേട്ടാ…. എന്നോടിത് വേണ്ടായിരുന്നു.”

“എന്ത്??”

“ടൈലര്‍ സുന്ദരന്‍ പറഞ്ഞല്ലോ ഫേഷ്യല് ചെയ്ത് വെയില് കൊണ്ടാല്‍ കുഴപ്പവുമില്ലെന്ന്.

“അവനങ്ങനെ പറയും, സുഖകരമായ ദാമ്പത്യം ഇല്ലാത്ത അവനൊക്കെ എന്തായാലും അങ്ങനെ പറയും”

സുബീഷിന് ആ മറുപടിയിൽ ഒരു തൃപ്തി വന്നില്ല എന്ന് ബാച ശ്രദ്ധിച്ചു.

ഒന്നും മിണ്ടാതെ ഇന്‍ഡിക്കേട്ടര്‍ ഇട്ട് ഇടവഴിയിലേക്ക് തിരിയാന്‍ ഒരുങ്ങിയ അവനെ തോൽവിയറിഞ്ഞ ബാലചന്ദ്രന്‍ പുറകിൽ നിന്ന് വിളിച്ചു…

“സുഭീഷേ… നീയീ ടോർച്ച് കയ്യില് വെച്ചോ”

“എനിക്ക് നിങ്ങളുടെ ടോർച്ചും കൂർച്ചുമൊന്നും വേണ്ട… ന്റെ കയ്യില് മൊബൈലുണ്ട്”

രാവിലെ തൊട്ട് പണിഞ്ഞതിന്റെ നീരസം മുഴുവൻ വ്യക്തമാക്കുന്ന ഒരു മറുപടി.

ബാച വിടോ,

“സുഭീഷേ, കാലിന്റെ ചുവട്ടിൽ കിടക്കുന്ന പാമ്പും തേളും ഒക്കെയല്ലേ ടോർച്ചിന്റെ വെട്ടത്തിൽ കാണാൻ പറ്റൂ… പുലീനെ കാണാൻ പറ്റില്ലലോ”

“പു പു…. പുലിയോ?”

മുന്നോട്ട് നടക്കാൻ വേണ്ടി പൊക്കിയ വലത്തേ കാല് എയറിൽ തന്നെ നിർത്തി സുഭീഷ് ചോദിച്ചു.

“ആ… വനം വകുപ്പ് നിലമ്പൂർ കാട്ടില് വിടാന്‍ കൊണ്ടു പോയ ഒരു പുലി, മാണൂര് അവര് ചായേം പഴംപൊരിയും കഴിക്കാൻ  വണ്ടി നിർത്തിയപ്പോ ചാടിപ്പോയി”

പക്ഷെ സുഭീഷ് പൊട്ടിത്തെറിക്കുകയാണുണ്ടായത്.

“ബാലചന്ദ്രാ… മനുഷ്യനെ ആസാക്കുന്ന ഈ പരിപാടി നീ നിര്‍ത്തിക്കോ”

ബാലചന്ദ്രൻ രണ്ടു നിമിഷം നിശബ്ദനായി.

“ശരിയാ ഞാന്‍ ആസാക്കിയിട്ടുണ്ട് (ഗദ്ഗദം), പക്ഷെ എന്നെങ്കിലും ഞാന്‍ ഇതുപോലെ ജീവന്‍ വെച്ചിട്ട് കളിച്ചിട്ടുണ്ടോ?”

സുഭീഷ് ഒന്നയഞ്ഞു, ബാലചന്ദ്രന്‍ ആ കയറില്‍ കേറി പിടിച്ചു,

“അന്നൗൻസ്മെന്റ് ഒക്കെ പോയിട്ടുണ്ടായിരുന്നു… നീ കേട്ടില്ലേ?”

“ഇല്ല, ബാലേട്ടാ…”

“ഇനിയും നിനക്ക് എന്നെ സംശയം ഉണ്ടെങ്കിൽ നീ മാണൂർ പോയി നോക്ക്, അവര് പുലിയുടെ പിന്നാലെ ഓടാൻ വേണ്ടി വലിച്ചെറിഞ്ഞ പഴംപൊരി അവിടെ റോഡിൽ കിടക്കുന്നുണ്ടാവും!”

മാംഗോ ഫേഷ്യല് ചെയ്ത സുഭീഷിന്റെ മുഖം, മാർഗഴി വെയിലുകൊണ്ട മല്‍ഗോവ പോലെ ചുളിഞ്ഞു.

അവന്റെ തോളില്‍ തട്ടി ബാലചന്ദ്രന്‍ പറഞ്ഞു, “ഭയം വേണ്ട, ജാഗ്രത മതി.  

 

നീരോട്ടം തുടങ്ങിയ അഡ്രിനാലിൻ ഗ്രന്ഥിയുമായി സുഭീഷ് മുതലകുന്നിലെ ഇടവഴിയിലൂടെ ‘മൃഗയ’ സിനിമയിലെ നാട്ടുകാരെ പോലെ പേടിച്ച് പേടിച്ച് നടന്നു. ഓരോ ഇല അനക്കത്തിലും അവൻ വലിയ മാർജാരനെ പേടിച്ച് ഞെട്ടി ചുറ്റുംനോക്കി.  ‘ബാലേട്ടന്റെ കയ്യിൽ നിന്നും ടോർച്ച് വാങ്ങിക്കാമായിരുന്നു…’ സുഭീഷിന്റെയുള്ളില്‍ ശക്തമായ ആത്മഗതം വീശി.

പെട്ടെന്ന്, പാതിവഴിയിൽ വെച്ച് ഏതോ ചാവാലിപട്ടി പൊന്തയിൽ നിന്നും ഓടി വരുന്ന ശബ്ദം കേട്ടതോടെ സുഭീഷ്‌ തിരിഞ്ഞുനോക്കാതെ വന്ന വഴി ഓടി…

 

മൂന്നു മാസത്തെ പിണക്കം മാറി വീട്ടിൽ തിരിച്ചെത്തിയ ഭാര്യയെ, ഊണൊക്കെ കഴിഞ്ഞു ബെഡ് റൂമിൽ കാലാട്ടിക്കൊണ്ട് കാത്തിരിക്കുകയായിരുന്നു സുന്ദരൻ… അക്ഷമയോടെ…… 

പെട്ടെന്ന് വീടിന്റെ കോളിങ് ബെല്ല് ‘അമ്മേ നാരായണ, ദേവീ നാരായണാ’ പാടി.

സുന്ദരൻ ചെന്ന് വാതിൽ തുറന്നപ്പോ ദാ നിൽക്കുന്നു സുഭീഷ്‌!

“സുന്ദരാ…  ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ?”

സെക്കന്റ് ഫസ്റ്റ് നൈറ്റ് കുളമാക്കാൻ വന്ന വെടിക്കെട്ടുകാരനോട് ടെയ്‌ലർ എല്ലാ കലിപ്പോടും കൂടി ചോദിച്ചു,

“എന്താടാ നിന്റെ പ്രശ്നം??”

ബാചയെ വീണ്ടും കണ്ടുമുട്ടിയ മുതൽക്കുള്ള കാര്യങ്ങൾ സുഭീഷ്‌ സുന്ദരനെ ധരിപ്പിച്ചു. സുന്ദരൻ ധരിച്ചിരുന്ന മുണ്ട് പൊക്കികാണിച്ചില്ലെന്നേയുള്ളൂ.

“പുന്നാരമോനെ…നീ അല്ലാതെ ആരെങ്കിലും അയാളുടെ വാക്കും കേട്ട് പിന്നേം പിന്നേം ഇങ്ങനെ നടക്കോ??അന്റെ കയ്യിലുള്ളത് ഫോണല്ലേടാ പൊട്ടാ, ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പില് പുലിയെ പറ്റി വല്ല ന്യൂസും വന്നത് ഇയ് കണ്ടോ?”

“ഇല്ല…”

“പിന്നെന്ത് മാങ്ങാണ്ടിക്കാടാ നീ പേടിച്ച് വീട്ടിൽ പോവാതെ ഇരിക്കുന്നത്??”

സുന്ദരൻ വാതിൽ ശക്തിയായി അടച്ച് അകത്തേക്ക് പോയി!

 

ബാച വീണ്ടും കുഴിയിൽ ചാടിച്ചെന്ന് മനസ്സിലായതോടെ സുഭീഷിനു പൊട്ടിയില്ലേ കുരു. 

അവൻ നേരെ വീട്ടിൽ പോയി, ‘കുന്നിമണി ടെക്സ്റ്റയിൽസി’ന്റെ ഉദ്ഘാടനത്തിനായി ഉണ്ടാക്കിവെച്ചിരുന്ന കരിമരുന്നിൽ നിന്നും ഗുണ്ടിന്റെ ചാക്ക് എടുത്ത് തിരിച്ച് നടന്നു…

നിശ്ചയതലേന്ന് രാത്രി പത്തരയ്ക്ക് വീട്ടിൽ കേറി വന്നിട്ട്, സുഭീഷ്‌ ഗുണ്ടും എടുത്തിട്ട് പോവുന്നത് കണ്ട അവന്റെ സ്വന്തം അമ്മാവനും, ആ കല്യാണം ഉണ്ടാക്കിയ ആളുമായ ശ്യാമളൻ മേസ്തരി ഉമ്മറത്ത് വണ്ടറടിച്ച് നിൽക്കുന്നുണ്ടായിരുന്നു.

കൂട്ടുകാരന്റെ മോൾക്ക് വേണ്ടി സ്വന്തം അനന്തരവനെ ചാമ്പിയ മേസ്തരി ഉടനെ ഫോണെടുത്തിട്ട് പെണ്ണിന്റെ അച്ഛനെ വിളിച്ചു,

“ടാ, അവള് പണ്ട് ഒളിച്ചോടിയ കഥയൊക്കെ സുഭീഷ്‌ അറിഞ്ഞെന്നാ തോന്നുന്നത്, ഒരു ഗുണ്ടിന്റെ ചാക്കെടുത്ത് ഇവിടുന്ന് പോന്നിട്ടുണ്ട്… അമ്മാവനായതുകൊണ്ടു അവൻ എന്നെ വെറുതെവിട്ടു”

അതങ്ങനെയൊരു ബി സ്റ്റോറി.

 

ആൾക്കാരും വെളിച്ചവും കാക്കളും പക്ഷികളും പോയി അങ്ങാടി ശ്യൂന്യമായതോടെ പൂങ്കാറ്റിലുത്തമൻ നേരെ പൂജാ സ്റ്റോഴ്സിലേക്ക് നടന്നു. താക്കോല് കിട്ടിയതോടെ കട കുത്തിതുറക്കേണ്ട സമയം ലാഭം!

വിദഗ്ദമായി ഒരു ഷോർട്ട് സർക്ക്യൂട്ട് ഉണ്ടാക്കി ബാലചന്ദ്രന്റെ കട ഉടലോടെ കത്തിക്കുകയായിരുന്നു ആ ഇലക്ട്രോണിക്സ് കടക്കാരന്റെ ലക്ഷ്യം. കർപ്പൂരവും വിളക്കെണ്ണയും ചന്ദനതിരിയും ഒക്കെ ഉള്ളതുകൊണ്ട്  മൂടോടെ കത്തിപൊക്കോളും…

പക്ഷെ അകത്ത് ചെന്ന് ഉത്തമൻ എങ്ങനെ നോക്കിയിട്ടും ഷോർട്ട് സർക്യൂട് ഉണ്ടാവുന്നില്ല… അവസാനം ഫോണിൽ യൂട്യൂബ് എടുത്ത് ‘ഹവ് ടു മെയ്ക്ക് എ ഷോർട്ട് സർക്യൂട്’ എന്ന് സെർച്ച് ചെയ്ത വീഡിയോ കാണുകയായിരുന്നു ഉത്തമൻ.

അപ്പോഴാണ് ബാലചന്ദ്രന്റെ വീട്ടിലേക്ക് പ്രതികാരാഗ്നിയോടെ നടന്ന സുഭീഷ് അങ്ങാടിയിലേക്ക് എത്തുന്നത്. കടയ്ക്കുള്ളിലെ മൊബൈൽ വെളിച്ചം കണ്ട് ബാചയാണെന്നു കരുതി സുഭീഷ്‌ അവിടെ നിന്നു… സഞ്ചി തുറന്ന് ഒരു ഗുണ്ട്, രണ്ടു ഗുണ്ട്, മൂന്ന് ഗുണ്ട്, നാലു ഗുണ്ട്…. ശുഭം!

കാട്ടുപാതയിലെ കുട്ടിച്ചാത്തൻമാരൊന്നും അങ്ങനെ വഴി തെറ്റിപോവുന്നവരല്ല!!

 

ചന്ദ്രമോഹന്‍റെ രാത്രി, പക്ഷികളുടെ പകല്‍

“നിയമങ്ങളില്ലാത്ത ഒരു ലോകം…. വ്യവസ്ഥകളോ സമ്പ്രദായങ്ങളോ ഇല്ലാത്ത ഒരു സമൂഹം. അവിടെ, മനുഷ്യ മാംസം കഴിക്കാൻ നിങ്ങൾക്കൊരവസരം കിട്ടിയാൽ ആരെ രുചിച്ചു നോക്കണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം?”
“ഗായത്രിയെ!”
ഡോക്ടറുടെ ചോദ്യം എന്നോടായിരുന്നെങ്കിലും വന്നത് ഹാനിയുടെ ഉത്തരമായിരുന്നു. ഞാനമ്പരന്നുപോയി, അവനൊന്നു ആലോചിച്ചതുപോലുമില്ല! അങ്ങനെ ഒരാഗ്രഹമുള്ള ഒരാൾ അവിടെയുണ്ടെന്ന് മനസ്സിലാക്കിയിട്ടു തന്നെയാവണം ഡോക്ടർ, ആ ചോദ്യം ഞങ്ങൾ കൂടിരിക്കുന്ന ആ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നത്. എല്ലാവരുടെയും കൃഷ്ണമണികൾക്കുളിൽ എനിക്കുപകരം ഹാനി സ്ഥാനംപിടിച്ചു.

വിമാനത്താവളത്തിലെ നിയോൺ വെളിച്ചങ്ങളുടെ അഴക് വീശിയെത്തുന്ന, ബോണസായികളും ബോഗൻവില്ലയും വള്ളിമുല്ലയും പന്തലിച്ചിട്ടുള്ള ആ ടെറസിലുണ്ടായിരുന്നത് ഞങ്ങൾ അഞ്ചുപേരായിരുന്നു. ഡോക്ടർ എന്ന് ഞങ്ങൾ വിളിക്കുന്ന ഒറ്റകണ്ണുള്ള ആ തൃക്കണ്ണുകാരൻ, ആദിയും അന്തവും അയാളാണ്, പ്രേതാന്വേഷകൻ ചന്ദ്രമോഹൻ. പണ്ടെങ്ങോ നഷ്ടപെട്ടുപോയൊരു കാമുകിയെകുറിച്ച് അനേകായിരം നാലുവരികവിതളെഴുതി ആയിരം കാമുകിമാരെ സ്വന്തമാക്കിയ പാർത്ഥിപൻ. ദിവസവും സമയം തെറ്റിയോടാറുണ്ടായിരുന്ന ഒരു കോഴിക്കോട്-തൃശൂർ ബസ്സിന്‍റെ ഡ്രൈവർ ഡേവിഡേൻ. പിന്നെ ഗായത്രിയെ പ്രണയിക്കുന്ന ഹാനിയും.

Continue reading

കാണാതായ കുഞ്ഞിപ്പ

കടുന്നല് വിഴുങ്ങി ഷംസു. വീർപ്പിച്ച ബബിൾഗത്തിൽ അതുവഴി പറന്നുപോയ ഒരു കടന്നല് കുടുങ്ങിയതാണ്‌, അല്ലാതെ അവന്റെ മിസ്റ്റേക്കല്ല. ആ ഷംസു ആൻഡ് പാർട്ടി ഒരു പെണ്ണുകാണലിനായി ഇന്നോവയിൽ ഞങ്ങളുടെ നാട്ടിലെത്തി…. ചായപീടികയുടെ തിണ്ണയുടെ അടുത്ത് നിർത്തിയ ഇന്നോവയിൽ നിന്ന്
ഷംസുവിന്റെ വാപ്പ വിൻഡോ ഗ്ളാസ് താഴ്ത്തി റൈബാൻ ഗ്ളാസ് പൊക്കി ചോദിച്ചു,
“ഈ കുഞ്ഞിപ്പയുടെ വീടേതാ, പണ്ട് കൽക്കട്ടയില് ഉണ്ടായിരുന്ന….”
“കാണാതായ കുഞ്ഞിപ്പയാണോ?”
അതിഥികൾ ഇന്നോവയിൽ മുഖാമുഖം നോക്കി.
തൊട്ടപ്പുറത്തെ പോസ്റ്റിന് മുകളിൽ നിന്നും ലൈൻമാൻ ശിവൻകുട്ടിയുടെ അശരീരി വന്നു,
“കൽകട്ടയിൽ ഉണ്ടായിരുന്ന കുഞ്ഞിപ്പ നമ്മടെ കാണാതായ കുഞ്ഞിപ്പ തന്നെയാണ്”
“അയാളിതെന്ത് പണിയാണ് കാണിച്ചത്, മോളെ പെണ്ണുകാണാൻ ഇന്ന് വന്നോളാൻ പറഞ്ഞിട്ട്, കാണ്മാണ്ടായത് എന്ത് ഏർപ്പാടാണ്”
“അയ്യോ, കുഞ്ഞിപ്പയെ കാണാതായത് പത്തുപതിനഞ്ചു കൊല്ലം മുന്നേണ്. തിരിച്ചുകിട്ടിയെങ്കിലും ആളുടെ ഇരട്ടപ്പേര്‌ ഇപ്പൊ കാണാതായ കുഞ്ഞിപ്പ ന്നാണ്… അങ്ങനെ പറഞ്ഞാലേ നാട്ടാര് അറിയൂ…”
‘തിരമാല ബക്കറിന്റെ മോൻ’ എന്ന വട്ടപ്പേരു കൂടിയുള്ള ഷംസു, ടൈം ട്രാവൽ ചെയ്തു പോയി ഈ നാട്ടിലെ തന്റെ പേര് കണ്ടു തിരിച്ചുവന്നു, ‘കാണാതായ കുഞ്ഞിപ്പയുടെ മരോൻ’
എവടെ പരിപാടി അവതരിപ്പിച്ചാലും…

Continue reading

സുഡിനാം ക്ലൂരി

തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!

Continue reading

പീതാംബരൻ പ്രീമിയർ ലീഗ്

ഷവര്‍മ്മ നിരോധിച്ച ദിവസം. സിന്ധി പശുവിന്‍റെ ഗ്ലാമറും, വെച്ചൂര്‍ പശുവിന്‍റെ മുഖശ്രീയുമുള്ള, പി.എം.യു.പി സ്‌കൂൾ ആണ് വേദി. പി ഫോർ പീതാംബരൻ, എം ഫോർ മെമ്മോറിയല്‍ (അങ്ങേർക്കിതൊന്നും കാണേണ്ടി വന്നില്ല)

ആറ് ബിയിലെ വിദ്യാര്‍ഥി സമൂഹത്തിനെ, പുതുതായി പണികഴിപ്പിച്ച ബയോളജി ലാബിലേക്ക് ബയോളജി ടീച്ചർ ഔട്ടിങ്ങിന് കൊണ്ടുപോയതോടെയാണ് കഥ തുടങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ ക്യാരറ്റും മാങ്ങയും ഉപ്പിലിട്ടുവെച്ചതുപോലെ, ഫോര്‍മാലിന്‍ ഭരണികളില്‍ കിടക്കുന്ന തവള പ്രാണി മൃഗാദികളെ കണ്ട് കുട്ടികള്‍ വായും പൊളിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഏറ്റവും പിന്നിൽ നിന്ന് ഓരൊച്ച പൊന്തുന്നത്,
“ടീച്ചർ… ഞങ്ങള് വല്ലതിനെയും കൊണ്ടുവന്നാൽ ഇതേപോലെ ഇട്ടു വെക്കുമോ?”
ദാ നിക്കുണു നമ്മടെ മൊതല്‍, ശ്രീജുട്ടന്‍!
അവന്‍റെ വാസനയ്ക്കൊരു പ്രോല്‍സാഹനം ആയിക്കോട്ടെ ന്ന് കരുതി ടീച്ചര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
“കൊണ്ടുവന്നോളൂ… ഡൊണേറ്റഡ് ബൈ എന്ന് പേരെഴുതിതന്നെ വെക്കാം”
ചെക്കന്‍ വല്ല പാറ്റയെയോ പഴുതാരെയൊയോ കൊണ്ടുവരുമെന്നല്ലേ ടീച്ചര്‍ വിചാരിച്ചത്.

Continue reading

ഇലക്കനമുള്ള ദൈവഭാരങ്ങൾ

കഥയാക്കാൻ കഴിയാതെപോയ ചില മനുഷ്യരെക്കുറിച്ച് എഴുതണമെന്ന് തോന്നി. ആദ്യം തെളിഞ്ഞുവന്നത് കുഞ്ഞിപ്പാലു തന്നെയാണ്, എഴുത്തുമുറിയിലെ എന്റെ മേശയ്ക്കുമുകളിൽ ചമ്രം പടഞ്ഞിരിക്കുന്നു!
“നിന്നെകൊണ്ട് അത് തോന്നിപ്പിച്ചത് ഞാനാടാ” എന്നുപറഞ്ഞുകൊണ്ട് കുഞ്ഞിപ്പാലു വായിലെ മുറുക്കാൻ ജനലിലൂടെ പുറത്തേക്ക് തുപ്പി.
എന്റെ മുറിയിലേക്ക് പൂക്കാറുള്ള പുറത്തെ ആരളിമരം ചുവന്നിട്ടുണ്ടാവണം.

ഇവിടെയൊരു നിയമമുണ്ടായിരുന്നു. ‘കുഞ്ഞിപ്പാലുവിനെ കുറിച്ച് കുഞ്ഞിപ്പാലുവിനെക്കുറിച്ചറിയാത്തവരോട് പറയരുത്’. സ്വയം വാഴ്ത്തപ്പെടാതിരിക്കാൻ കുഞ്ഞിപ്പാലുതന്നെ സൃഷ്ടിച്ച ഒരു നിയമം. ഇന്ന് അതേയാൾ തന്നെ എന്നെകൊണ്ടാ നിയമം തെറ്റിക്കുകയാണ്….
കുഞ്ഞിപ്പാലു എന്നെ ഓർമ്മകളുടെ പകുതികുളത്തിലേക്ക് ഉന്തിയിട്ടു.

Continue reading

%d bloggers like this: